കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ദുബൈ മെട്രോയുടെ നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടി വരും. മെട്രോയിലേക്ക് ഓടിക്കയറുക,കാബിന് മാറിക്കയറുക,കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുക, മെട്രോയുടെ വാതിലുകളില്‍ നില്ക്കുക,ക്യൂ മറികടക്കുക,മറ്റുയാത്രക്കാരെ പരിഗണിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക എന്നിവ പിഴലഭിക്കാവുന്ന കുറ്റങ്ങളാണ്.ഇത്തരം നിയമലംഘകര്‍ക്ക് 100 ദിര്‍ഹംമുതല്‍ 2000 ദിര്‍ഹംവരെ പിഴയൊടുക്കേണ്ടി വരും. ഏതെങ്കിലും രീതിയിലുള്ള ശല്യമുണ്ടാക്കുകയോ മറ്റുയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുകയോ ചെയ്താല്‍ 100 ദിര്‍ഹമാണ് പിഴ.
നിശ്ചയദാര്‍ഢ്യക്കാര്‍ പോലുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കായി നീക്കിവച്ച ഇരിപ്പിടങ്ങളില്‍ ഇരിക്കുക,നിരോധിത മേഖലകളില്‍ ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുക,വളര്‍ത്തുമൃഗങ്ങളെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരിക, മുന്നറിയിപ്പ് അടയാളങ്ങളുള്ള നോ അഡ്മിഷന് മേഖലകളില്‍ പ്രവേശിക്കുക, യാത്രക്കാര്‍ക്കുള്ളതല്ലാത്ത ഇടങ്ങളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക, ഇരിപ്പിടങ്ങളില്‍ കാലുകള്‍ കയറ്റിവക്കുക, ഇരിപ്പിടങ്ങള്‍ കേടുവരുത്തുകയോ വൃത്തികേടാക്കുകയോ ചെയ്യുക, ലിഫ്റ്റും എസ്കലേറ്ററും ദുരുപയോഗംചെയ്യുക, മെട്രോയിലേക്ക് ഓടിക്കയറുകയോ ചാടിക്കയറുകയോ ചെയ്യുക,വാഹനം നീങ്ങുമ്പോള്‍ വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുകയോ കയറുകയോ ഇറങ്ങുകയോ ചെയ്യുക,മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതോ അപകടമുണ്ടാക്കുന്നതോ ആയ സാധനങ്ങള്‍ കൊണ്ടുപോകുക എന്നിവയ്ക്കെല്ലാം 100 ദിര്‍ഹം വീതം പിഴചുമത്തും. ടിക്കറ്റില്ലാതെ മെട്രോ സ്റ്റേഷനുള്ളില്‍ പ്രവേശിച്ചാല്‍ 200 ദിര്‍ഹം പിഴയടക്കണം.
നോല്‍ കാര്‍ഡ് ഇല്ലാതിരിക്കുകയോ അസാധുവായ കാര്‍ഡുകളോ മറ്റുള്ളവരുടെ കാര്‍ഡുകളോ ഉപയോഗിക്കുക,തുപ്പല്,മാലിന്യം വലിച്ചെറിയല്‍ തുടങ്ങി ഏതെങ്കിലും രീതിയില്‍ മെട്രോയെ വൃത്തികേടാക്കുക,പൊതുഗതാഗത സ്ഥലത്ത് പുകവലിക്കുക,അനുമതിയില്ലാതെ സാധനങ്ങള്‍ വില്ക്കുകയോ പരസ്യംചെയ്യുകയോ ചെയ്യുക,ഇന്‍സ്പെക്ടര്‍മാരില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ അവരുടെ ചുമതലകള്‍ തടസപ്പെടുത്തുകയോ ചെയ്യുക,സൂചനാ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച നിയമങ്ങള്‍ അവഗണിക്കുക,ഉദ്യോഗസ്ഥരെ തടസപ്പെടുത്തുന്നതോ ശ്രദ്ധതിരിക്കുന്നതോ ആയ പെരുമാറ്റങ്ങള്‍ എന്നിവയ്ക്കെല്ലാം 200 ദിര്‍ഹംവീതം പിഴ നല്‍കേണ്ടി വരും. മെട്രോയില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ പിഴസംഖ്യ 1000 ദിര്‍ഹമാണ്. ആയുധങ്ങള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍,തീപിടിക്കുന്ന വസ്തുക്കള്‍ തുടങ്ങി അപകടകരമായ വസ്തുക്കള്‍ കൈവശംവെക്കല്‍, നിരോധിത മേഖലകളില്‍ പ്രവേശിക്കുക,മെട്രോ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കല്‍ എന്നിവയെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. കാരണമില്ലാതെ എമര്‍ജന്‍സി ബട്ടണുകള്‍ അമര്‍ത്തുക,സുരക്ഷാ ഉപകരണങ്ങളോ എമര്‍ജന്‍സി എക്സിറ്റുകള്‍ പോലുള്ള ഉപകരണങ്ങളോ അനാവശ്യമായി ഉപയോഗിക്കുക എന്നിവയെല്ലാം അതീവഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 2000 ദിര്‍ഹമാണ് പിഴ.