
ദുബൈയില്‍ ഇന്ന് ‘ലോക സമാധാനം’
ദുബൈയില്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ 10,000 തൊഴിലാളികള്‍ പങ്കെടുക്കും
ദുബൈ: ദുബൈയിലെ തൊഴിലാളികള്‍ക്കായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) സംഘടിപ്പിക്കുന്ന ഹെല്‍ത്ത് കാര്‍ണിവല്‍ ഇന്ന് അല്‍ ഖൂസ് 4ല്‍ നടക്കും. യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷാചരണത്തിന്റെ ഭാഗമായി ഒരുക്കുന്ന ആരോഗ്യോത്സവത്തില്‍ പതിനായിരത്തോളം തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടികള്‍. യുഎഇയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വലിയ സംഭാവന നല്കുന്ന തൊഴിലാളികളുടെ അര്‍പ്പണബോധത്തെ ആദരിക്കുക എന്നതാണ് കാര്‍ണിവലിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ അവബോധം,സാമൂഹിക ഒത്തുചേരല്‍,മാനുഷിക പരിഗണന എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
സൗജന്യ ആരോഗ്യ പരിശോധനകള്‍,പിങ്ക് കാരവനുമായി സഹകരിച്ചുള്ള സ്തനാര്‍ബുദ പരിശോധനകള്‍,സ്മാര്‍ട്ട് ലൈഫുമായി സഹകരിച്ചുള്ള നേത്ര പരിശോധനകള്‍,ബോധവത്കരണ ക്ലാസുകള്‍,കായിക സാംസ്കാരിക പരിപാടികള്‍,മാജിക് ഷോ,പൊതുജനാരോഗ്യ നടത്തം എന്നിവയാണ് പരിപാടികള്‍. കൂടാതെ, കാര്‍ണിവലില്‍ പങ്കെടുക്കുന്നവര്‍ക്കായി വിമാന ടിക്കറ്റുകള്‍,ഇലക്ട്രിക് സ്കൂട്ടറുകള്,സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ നല്‍കും. കാര്‍ണിവലിലെ ”പ്രധാന ആകര്‍ഷണമായി 25,000 കൈപ്പത്തികള്‍ ഉപയോഗിച്ച് യുഎഇയുടെ ദേശീയ പതാക നിര്‍മിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം നടക്കും. സേവനങ്ങള്‍ക്കപ്പുറം സാമൂഹികമായ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത് സംഘടിപ്പിക്കുന്നത്. തൊഴിലാളികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്കുന്ന ഈ ഹെല്‍ത്ത് കാര്‍ണിവല്‍ രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ ജിഡിആര്‍എഫ്എ അസി.ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. ജിഡിആര്‍എഫ്എയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച ഉദാഹരണമാണെന്ന് കാര്‍ണിവലെന്ന് ലേബര്‍ റിലേഷന്‍സ് സെക്ടര്‍ കേണല്‍ ഉമര്‍ അല്‍ മത്വര്‍ മുസൈനയും അഭിപ്രായപ്പെട്ടു.