സഊദിയുമായി ഹജ്ജ് കരാറില്‍ ഒപ്പിട്ടു : ഇന്ത്യയില്‍ നിന്ന് ഇത്തവണയും 1,75,025 പേര്‍ക്ക് ഹജ്ജിന് അവസരം
റിയാദ് : 2025 വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇന്ത്യയും സഊദിയും ഒപ്പുവച്ചു. കേന്ദ്ര പാര്‍ലമെന്ററി കാര്യ,ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു,സഊദി ഹജ്ജ്-ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയ എന്നിവരാണ് ജിദ്ദയില്‍ ഹജ്ജ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷവും മുന്‍ വര്‍ഷത്തേതു പോലെ 1,75,025 തീര്‍ഥാടകര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടാവുക. ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹൈല്‍ ഐജാസ് ഖാന്,ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി,ഹജ്ജ് കോണ്‍സല്‍ അബ്ദുല്‍ ജലീല്‍, ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാലു ദിവസമായി ജിദ്ദ സൂപ്പര്‍ ഡോമില്‍ നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷന് ആന്റ് കോണ്‍ഫറന്‍സ് പരിപാടികളില്‍ മന്ത്രി കിരണ്‍ റിജിജു പങ്കെടുത്തു.
ഇന്ത്യന്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ് ടെര്‍മിനലില്‍ ഒരുക്കുന്ന ഹജ്ജ് മിഷന് ഓഫിസ് അടക്കമുള്ള സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തി. മക്ക മേഖല ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സല്മാന് രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിന്‍സ് ഖാലിദ് അല്‍ഫൈസല്‍,മദീന ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്മാന് എന്നിവരെയും മന്ത്രി കിരണ്‍ റിജിജു സന്ദര്‍ശിച്ചു. കഴിഞ്ഞ ശനിയാഴ്ച സഊദിയിലെത്തിയ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ശനി,ഞായര്‍ ദിവസങ്ങളിലായി റിയാദില്‍ വിവിധ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് ജിദ്ദയിലെത്തിയത്. സഊദി മന്ത്രിമാരടക്കമുള്ള ഉന്നതതല പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലും മന്ത്രി പങ്കെടുത്തു. സഊദി ഗതാഗത ലോജിസ്റ്റിക് വകുപ്പ് മന്ത്രി സാലെഹ് ബിന്‍ നാസര്‍ അല്‍ ജാസറുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ഗതാഗത,ലോജിസ്റ്റിക്സ് മേഖലയിലെ സഹകരണത്തിനും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകള്‍ സംബന്ധമായി വിശദമായ ചര്‍ച്ച നടത്തി.
സഊദിയുടെ ലക്ഷ്യവും വികസനവും ഇന്ത്യയുമായുള്ള സഹകരണവും കൂടിക്കാഴ്ചയില്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന് സഊദി-ഇന്ത്യ പാര്‍ലിമെന്ററി ഫ്രണ്ട്ഷിപ് കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തു. കമ്മിറ്റി ചെയര്‍മാനും സഊദി ശൂറ കൗണ്‍സല്‍ അംഗവുമായ മേജര്‍ ജനറല്‍ അബ്ദുറഹ്മാന് സിതാന് എ. അല്‍ഹര്‍ബിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മന്ത്രിയെ ആസ്ഥാനത്ത് സ്വീകരിച്ചു. വ്യാപാരം,സാംസ്കാരിക വിനിമയം,വിനോദസഞ്ചാരം,വിദ്യാഭ്യാസ സഹകരണം വിവിധ മേഖലകളില്‍ പരസ്പര സഹകരണം ചര്‍ച്ചയായി. യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ദരയ്യയിലെ അല്‍ തുറൈഫ് പാലസിലും മന്ത്രി റിജിജു സന്ദര്‍ശനം നടത്തി. തുറൈഫ് പാലസില്‍ ഊഷ്മളമായ സ്വീകരണമാണ് മന്ത്രിക്ക് നല്‍കിയത്. റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്നസ്വീകരണ പരിപാടിയില്‍ ഇന്ത്യയും സഊദി അറേബ്യയുമായുള്ള ഊഷ്മള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യ ങ്ങളുടെയും ഭാരണാധികാരിക നല്കിയ സംഭാവനകളെ എടുത്തുപറഞ്ഞു. പ്രവാസികള്‍ ഇരു രാജ്യങ്ങളുടെയും വികസന മുന്നേറ്റത്തില്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന് അധ്യക്ഷനായി. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍ പങ്കെടുത്തു.