ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
അബുദാബി: നിബന്ധനകള്‍ക്ക് വിധേയമായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ. ഒറ്റത്തവണയോ ഒന്നിലധികം യാത്രകള്‍ക്കോ, അല്ലെങ്കില്‍ 30 മുതല്‍ 90 ദിവസം വരെയുള്ള വിസയായിരിക്കും യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി അനുവദിക്കുക. ആവശ്യക്കാര്‍ അവരുടെ ഡിജിറ്റല്‍ ഐഡന്റിറ്റി ഉപയോഗിച്ച് അതോറിറ്റിയുടെ വെബ്സൈറ്റിലേക്കോ മൊബൈല്‍ ആപ്ലിക്കേഷനിലേക്കോ ലോഗിന്‍ ചെയ്ത്, ആവശ്യമുള്ള വിസ തരവും കാലാവധിയും തിരഞ്ഞെടുക്കാം. വിസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകര്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ സാധുവായ പാസ്പോര്‍ട്ട്, യാത്രാ ടിക്കറ്റ്, സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കണം, കൂടാതെ വിസ ഉടമ ഒരു യുഎഇ പൗരന്റെയോ ഫസ്റ്റ് അല്ലെങ്കില്‍ സെക്കന്‍ഡ് ഡിഗ്രിയിലെ വിദേശ താമസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണം. കൂടാതെ, വിദേശ താമസക്കാരന് അതോറിറ്റി തരംതിരിക്കുന്ന ഫസ്റ്റ് അല്ലെങ്കില്‍ സെക്കന്‍ഡ് ലെവല്‍ ജോലി വഹിക്കണം. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും പുനരേകീകരണം സാധ്യമാക്കുന്നതിനും സമൂഹത്തിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമാണ് വിസ സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി വ്യക്തമാക്കി. യുഎഇ സന്ദര്‍ശിക്കാനും രാജ്യത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കാനുള്ള അവസരമായാണ് അധികൃതര്‍ ഈ വിസയെ വിലയിരുത്തുന്നത്. കാലാവധി കഴിയുമ്പോള്‍ രാജ്യം വിട്ടുപോകാതിരിക്കുകയോ പോലുള്ള ലംഘനങ്ങള്‍ക്ക് ഭരണപരമായ ശിക്ഷകള്‍ ബാധകമാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി.