തവനൂര്‍ മണ്ഡലം കെഎംസിസി അസ്സഹ്വ ഫാം സ്റ്റേ ക്യാമ്പ്
കുവൈത്ത് സിറ്റി : ഖലീജിസൈന് 26 ഗള്‍ഫ് കപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ സഊദി ഒമാനെ നേരിടും. കുവൈത്ത് സമയം വൈകിട്ട് 5.30നു സുലൈബികാത്ത് ജാബര്‍ അല്‍ മുബാറക് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ബഹ്റൈനോട് പരാജയപ്പെട്ട ശേഷം യമന്‍,ഇറാഖ് ടീമുകള്‍ക്കെതിരെ നേടിയ വിജയത്തിലൂടെയാണ് സഊദി സെമിയില്‍ പ്രവേശിച്ചത്. പകരക്കാരനായി ഇറങ്ങി അവസാന രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ അബ്ദുല്ല അല്‍ ഹംദാന്റെ മിന്നും ഫോമും സൂപ്പര്‍ താരം സാലം അല്‍ ദോസരി കഴിഞ്ഞ കളിയില്‍ ഗോള്‍ നേടി ഫോമിലേക്ക് വന്നതും സഊദിക്ക് പ്രതീക്ഷ നല്കുന്നു. ഒത്തിണക്കമുള്ള ടീമെന്ന നിലയില്‍ ഒമാന്‍ ഗ്രൗണ്ടില്‍ കാഴ്ചവെക്കുന്ന പോരാട്ടവീര്യമാണ് അവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. മൂന്ന് ഗോളുകള്‍ നേടി ടോപ് സ്കോറര്‍ മത്സരത്തില്‍ മുന്നിലുള്ള ഇസ്സാം അല്‍ സാബിയുടെ ബൂട്ടുകളിലൂടെ അവര്‍ ഫൈനല്‍ സ്വപ്നം കാണുന്നു.
രണ്ടാം സെമിയില്‍ ആതിഥേയരായ കുവൈത്തിന്റെ എതിരാളി ബഹ്റൈനാണ്. കുവൈത്ത് സമയം രാത്രി 8.45നു ജാബര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബഹ്റൈനിന്റെ പ്രധാന വെല്ലുവിളി കുവൈത്തിന് വേണ്ടി ആര്‍പ്പുവിളിക്കുന്ന അവരുടെ ആരാധകകൂട്ടങ്ങള്‍ തന്നെയാകും. ആദ്യ പകുതിയില്‍ തന്നെ ഗോളുകള്‍ നേടി കുവൈത്തിനെ സമ്മര്‍ദത്തിലാക്കാനുള്ള ഗെയിം പ്ലാനുകളാണ് ബഹ്റൈന്‍ പരീക്ഷിക്കുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോള്‍ നേടിയ മുഹമ്മദ് ദഹവും പ്രതിരോധനിര കാണിക്കുന്ന ഒത്തിണക്കവും കുവൈത്തിന് കരുത്താകുമ്പോള്‍ വിട്ടുകൊടുക്കാന്‍ തയാറാവാത്ത പോരാട്ടവീര്യം തന്നെയാണ് ബഹ്റൈന്റെ കൈമുതല്‍. വിജയത്തോടെ പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ നാലു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ വാശിയും ആവേശവും നിറഞ്ഞ പോരാട്ടം കാല്പന്തു പ്രേമികള്‍ക്ക് നല്‍കുന്നത് അവിസ്മരണീയമായ ന്യൂഇയര്‍ രാത്രിയാകും.
ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ബഹ്റൈന്‍; യമനെതിരെ ഇഞ്ചുറി ടൈമില്‍ സഊദി രക്ഷപ്പെട്ടു