ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
കുവൈത്ത് സിറ്റി : ‘ഖലീജിസൈന് 26’ ഗള്‍ഫ് കപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഒമാന്‍ കുവൈത്ത് ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ഓരോ ഗോളുകള്‍ നേടി സമനിലയില്‍ അവസാനിച്ചതോടെയാണ് ഖത്തറിനും യുഎഇക്കും പുറത്തേക്കുള്ള വാതില്‍ തുറന്നത്. ജാബര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന കുവൈത്ത് ഖത്തര്‍ വാശിയേറിയ പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ മുഹമ്മദ് ദഹം നേടിയ ഗോളില്‍ കുവൈത്തായിരുന്നു ആദ്യം ലീഡ് നേടിയത്. എന്നാല്‍ കളിയുടെ ഇഞ്ചുറി സമയത്ത് മുഹമ്മദ് മുന്ദരിയിലൂടെ ഖത്തര്‍ സമനില പിടിക്കുകയായിരുന്നു.
തോല്‍വി ഒഴിവാക്കിയെങ്കിലും ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഖത്തര്‍ ഫിനിഷ് ചെയ്തത്. ജാബര്‍ അല്‍ മുബാറക് സ്റ്റേഡിയത്തില്‍ നടന്ന യുഎഇ ഒമാന്‍ മത്സരവും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു. കളിയുടെ ഇരുപതാം മിനുട്ടില്‍ യഹ്യ അല്‍ ഖസാനിയിലൂടെ യുഎഇ ലീഡ് നേടിയെങ്കിലും അബ്ദുറഹ്മാന് അല്‍ മുഷൈഫ്രിയിലൂടെ ഒമാന്‍ സമനില പിടിക്കുകയും സെമി ഉറപ്പിക്കുകയുമായിരുന്നു. ഇതോടെ യുഎഇയും ഗള്‍ഫ് കപ്പില്‍ നിന്ന് പുറത്തായി. നാളെ സഊദി ഇറാഖിനെയും ബഹ്റൈന്‍ യമനെയും നേരിടും. യമന്‍ ഗള്‍ഫ് കപ്പില്‍ നിന്ന് ആദ്യമേ പുറത്തായ ടീമാണ്. ബഹ്റൈന്‍ സെമിയില്‍ എത്തിയതിനാല്‍ തന്നെ സഊദിയും ഇറാഖുമായുള്ള മത്സരം രണ്ടു ടീമുകള്‍ക്കും നിര്‍ണായകമാണ്.
ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ബഹ്റൈന്‍; യമനെതിരെ ഇഞ്ചുറി ടൈമില്‍ സഊദി രക്ഷപ്പെട്ടു