കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : മരുഭൂമിയിലെ ഭൂപ്രകൃതികളെ തഴച്ചുവളരുന്ന മരുപ്പച്ചകളിലേക്കും ഹരിത ഇടങ്ങളിലേക്കും മാറ്റിപ്പണിത് യുഎഇ പച്ചപുതക്കാനൊരുങ്ങുന്നു. സുസ്ഥിരമായ ഹരിതവ്തരണത്തിനായി യുഎയില്‍ ഗ്രീന്‍ ടൂറിസം പദ്ധതി പുരോഗമിക്കുകയാണ്. ഹരിത വികസനത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും മത്സരാധിഷ്ഠിതമായ ടൂറിസം വികസനവുമാണ് പദ്ധതി വേഗത്തിലാക്കുന്നത്. പരിസ്ഥിതി ടൂറിസത്തിനും സാംസ്കാരിക പൈതൃക സംരക്ഷണത്തിനും മുന്‍ഗണന നല്‍കിയാണ് യുഎഇയെ ലോകത്തെ തന്നെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. ഉത്തരവാദിത്ത വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി പരിപാലന സംസ്കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന നിരവധി പാരിസ്ഥിതിക പദ്ധതികളും സംരംഭങ്ങളുമാണ് യുഎഇ മുന്നോട്ടുവച്ചിട്ടുള്ളത്.
‘ഗ്രീന്‍ ടൂറിസം’ എന്ന പ്രമേയത്തില്‍ ‘വേള്‍ഡ്സ് കൂളസ്റ്റ് വിന്റര്‍’ കാമ്പയിനിന്റെ അഞ്ചാം സീസണിന് യുഎഇയില്‍ തുടക്കം കുറിച്ചുകഴിഞ്ഞു. സാമ്പത്തിക മന്ത്രാലയം,ദേശീയ കാര്‍ഷിക കേന്ദ്രം, പ്രാദേശിക ടൂറിസം അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ ഫാമുകളിലേക്കും കാര്‍ഷിക പദ്ധതികളിലേക്കും സന്ദര്‍ശനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്‍ഷിക വിനോദസഞ്ചാരത്തില്‍ സമൂഹത്തിന്റെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. സംയോജിത ടൂറിസം ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലൂടെ ആഗോള വിനോദ കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം കൂടുതല്‍ ദൃഢമാക്കുന്നതിന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദേശീയ ആഭ്യന്തര ടൂറിസം കാമ്പയിനും ഇതോടൊപ്പം നടക്കുന്നുണ്ട്.
യുഎഇയുടെ പ്രകൃതി സൗന്ദര്യവും പാരിസ്ഥിതിക അവബോധം പ്രോത്സാഹിപ്പിക്കുന്നതാണ് ‘ഗ്രീന്‍ ടൂറിസം’ കാമ്പയിന്. സന്ദര്‍ശകര്‍ക്ക് കണ്‍കുളിര്‍മയേകുന്ന കാഴ്ചകള്‍ സമ്മാനിക്കാന്‍ ദ്വീപുകളും ബീച്ചുകളും മുതല്‍ പര്‍വതങ്ങളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുമുള്‍പ്പെടെ യുഎഇ സംരക്ഷിച്ചുവരുന്നു. സമ്പന്നമായ സംസ്കാരത്തെയും വൈവിധ്യമാര്‍ന്ന സൗകര്യങ്ങളെയും ഏകോപിപ്പിച്ച് ലോകത്തെ പ്രമുഖ വിനോദ കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനത്തെ ശക്തിപ്പെടുത്താന്‍ കാമ്പയിനുകള്‍ സഹായകമാകുന്നു.
പ്രകൃതി വിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുന്ന ശക്തമായ നിയമ ചട്ടക്കൂടാണ് ഹരിത ടൂറിസത്തില്‍ യുഎഇയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തിന്റെ പ്രതിബദ്ധത വിനോദസഞ്ചാരത്തിനപ്പുറവും വ്യാപിക്കുന്നതാണ്. ഹരിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം യുഎഇ മരുഭൂവത്കരണത്തിനും മലിനീകരണത്തിനും എതിരെ പോരാടുകയും ചെയ്യുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിനുമായി യുഎഇ അതിന്റെ ടൂറിസം മേഖലയില്‍ നവീകരണവും ഡിജിറ്റല്‍ പരിവര്‍ത്തനവും നടത്തുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും 2050ലെ കാലാവസ്ഥാ നിഷ്പക്ഷത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രം വിപുലമായ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.
ലോക സാമ്പത്തിക ഫോറത്തിന്റെ 2024ലെ ട്രാവല്‍ ആന്റ് ടൂറിസം ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ 18ാം റാങ്കിലേക്ക് ഉയരാന്‍ യുഎഇക്ക് സാധിച്ചിട്ടുണ്ട്. 2019 മുതല്‍ ഏഴു സ്ഥാനങ്ങളാണ് യുഎഇ മുന്നോട്ടു കയറിയത്. ‘യുഎഇ ടൂറിസം സ്ട്രാറ്റജി 2031’ എന്ന ലക്ഷ്യത്തോട് അടുക്കുന്നതാണ് ഈ നേട്ടം. സമുദ്ര,വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് യുഎഇയുടെ സംരക്ഷിത പ്രദേശങ്ങള്‍. ജൈവ വൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതാണ് രാജ്യത്തിന്റെ ഇക്കോടൂറിസം പദ്ധതികളത്രയും. ‘യുഎഇയുടെ പ്രകൃതിദത്തമായ അത്ഭുതങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് ഇക്കോ ടൂറിസം പദ്ധതിയുടെ വികസനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. യുഎഇയിലുടനീളമുള്ള വിവിധ ടൂറിസം വകുപ്പുകള്‍ ഹരിത വിനോദസഞ്ചാരവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം അബുദാബി,ദുബൈയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം മരുഭൂമി റിസര്‍വ്,പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങള്‍,ബോധവല്‍ക്കരണ കാമ്പെയിനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 50 സംരംഭങ്ങള്‍ ഗ്രീന്‍ ടൂറിസം ശക്തിപ്പെടുത്താന്‍ യുഎഇയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ‘ദുബായ് കാന്‍’ സംരംഭവും ഇതില്‍ ശ്രദ്ധേയമാണ്. ‘ദുബൈ സുസ്ഥിര ടൂറിസം’ സംരംഭം,ഹോട്ടല്‍ മാനേജ്മെന്റ് സമ്പ്രദായങ്ങള്‍,വിവിധ പരിശോധനകളും പരിശീലനങ്ങളുമുള്പ്പെടെ ടൂറിസം മേഖലയില്‍ 19 മാനദണ്ഡങ്ങള്‍ പാലിക്കാനും ദുബൈ നിഷ്കര്‍ശിക്കുന്നുണ്ട്. ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി അതിന്റെ ടൂറിസം മേഖലയിലെ പരിസ്ഥിതി സൗഹൃദ രീതികളും സുസ്ഥിരതാ നയങ്ങളും വിജയകരമായി നടപ്പാക്കുന്നുണ്ട്.