
കുതിരയോട്ട ലോകകപ്പ്: സ്മരണാ സ്റ്റാമ്പുമായി ദുബൈ താമസ കുടിയേറ്റ വകുപ്പ്
ഇന്റര്നെറ്റ് ഭീമന്മാരായ ഗൂഗിളിന് റഷ്യന് കോടതി ഇട്ട പിഴ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. മില്യണ്, ബില്യണ്, ട്രില്യണ് എന്നെല്ലാം നമ്മള് കേട്ടിട്ടില്ലെ… എന്നാല് ഡെസില്യണ് എന്ന് കേട്ടിട്ടുണ്ടോ? ഇത് എണ്ണാന് ഇത്തിരി വിയര്ക്കും. ഇപ്പോള് ഇത് എന്താ സംഭവമന്നല്ലെ… പറയാം… റഷ്യന് കോടതി ഗൂഗിളിന് ഇട്ട പിഴയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. യൂട്യൂബില് റഷ്യന് സര്ക്കാര് നടത്തുന്ന മീഡിയ ചാനലുകളെ ബ്ലോക്ക് ചെയ്ത പ്ലാറ്റ്ഫോമിന്റെ തീരുമാനമാണ് റഷ്യയെ ഇത്തരമൊരു നടപടിക്ക് പ്രകോപിപ്പിച്ചത്. 20 ഡെസില്യണ് ഡോളര് അതായത്, രണ്ടിന് ശേഷം 34 പൂജ്യം ഡോളര് (20,000,000,000,000,000,000,000,000,000,000,000) വരുന്ന വലിയ സംഖ്യയാണ് കോടതി ടെക് ഭീമന്മാര്ക്കു പിഴയിട്ടിരിക്കുന്നത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്ഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെയാണ് റഷ്യ ഈ അസാധാരണ പിഴ ചുമത്തിയത്.
യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് റഷ്യന് ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാലനലുകള് യൂട്യൂബ് തടഞ്ഞിരുന്നു. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഗൂഗിള് നിരോധനം പിന്വലിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പുതിയ പിഴ. ദേശീയ പ്രക്ഷേപണ നിയമങ്ങള് ഗൂഗിള് ലംഘിച്ചുവെന്ന റഷ്യന് കോടതി വിധിയെ തുടര്ന്നാണ് ഇപ്പോള് പിഴ ചുമത്തിയത്. മാത്രമല്ല ഒമ്പത് മാസക്കാലയളവിനുളളില് ഈ ചാനലുകള് യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കില് ഓരോ ദിവസവും പിഴ ഇരട്ടിയാവുമെന്നും കോടതി വിധിയിലുണ്ട്.
2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ് ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥി. എന്നാല് ലോകത്തെ മൊത്തം കറന്സിയും സ്വത്തും ചേര്ത്താല് പോലും ഈ തുക അടച്ചുതീര്ക്കാനാവില്ലെന്നാണ് ബി.ബി.സി ഉള്പ്പടെയുള്ള മാധ്യമങ്ങള് പറയുന്നത്. അതായത്, ലോക സമ്പത്തിന്റെയും എത്രയോ മടങ്ങാണ് ഗൂഗിളിന് റഷ്യന് കോടതി ചുമത്തിയ പിഴത്തുക.
എന്നാല് ഇത് ആദ്യമായിട്ടൊന്നുമല്ല റഷ്യ ഗൂഗിളിന് പിഴ ചുമത്തുന്നത്. 2022 മാര്ച്ചില് ആര്.ടി, സ്പുട്നിക് ഉള്പ്പെടെയുളള സര്ക്കാര് മാധ്യമങ്ങള്ക്കും വാര്ത്താ ഏജന്സികള്ക്കും ഗൂഗിള് യൂട്യൂബ് ആഗോള നിരോധനം പ്രഖ്യാപിച്ചത് മുതലാണ് പ്രശ്നങ്ങള് ആരംഭിക്കുന്നത്. യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട നിരോധിത ഉള്ളടക്കങ്ങള് തടയുന്ന കാര്യത്തില് വീഴ്ചവരുത്തിയെന്ന് ആരോപിച്ച് 2022 ജൂലൈയില് റഷ്യ ഗൂഗിളിന് 21.1 ബില്യണ് ഡോളര് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന് കോടതിയുടെ കണ്ണുതള്ളിപ്പോകുന്ന പുതിയ പിഴയും. റഷ്യക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലും ഗൂഗിളിനെതിരെ റഷ്യന് മാധ്യമങ്ങൾ നിയമപോരാട്ടം നടത്തുന്നുണ്ട്. കോടതിയുടെ പുതിയ ഉത്തരവ് ഒരു പ്രതീകാത്മക നടപടിയാണെന്നാണ് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. ഈ വിഷയം ഗൂഗിള് അടിയന്തരമായി ശ്രദ്ധിക്കണമെന്നും ഞങ്ങളുടെ ചാനലുകളെ വിലക്കുന്നത് നിര്ത്തണമെന്നും പെസ്കോവ് പറഞ്ഞു. എന്നാല് ഈ പിഴയെ കുറിച്ച് പ്രതികരിക്കാന് ഗൂഗിള് ഇതുവരെ തയ്യാറായിട്ടില്ല.