27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി: രണ്ടുമാസക്കാലത്തോളം നീണ്ടുനിന്ന വേനലവധിക്ക് വിരാമം. അവധിക്കാലം ചെലവഴിക്കാന്‍ സ്വന്തം നാട്ടിലേക്ക് പോയ വിദേശികളും വിദേശങ്ങളില്‍ വിനോദയാത്ര പോയ സ്വദേശികളും ഇതിനകം തന്നെ തിരിച്ചെത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനായിരക്കണക്കിന് ആളുകളാണ് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ നിറയെ യാത്രക്കാരുമായാണ് എത്തിയത്. അവധിക്കാലത്തെ തിരക്ക് ചൂഷണം ചെയ്തുകൊണ്ട് ഇക്കുറിയും വിമാനക്കമ്പനികള്‍ യാത്രക്കാരെ ശരിക്കും പിഴിയുക തന്നെ ചെയ്തു. പതിവ് നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടി നല്‍കിയാണ് പ്രവാസികള്‍ നാട്ടില്‍നിന്നും തിരിച്ചെത്തിയത്. പതിനായിരങ്ങള്‍ അവധി കഴിഞ്ഞു മടങ്ങിയെത്തിയതോടെ ഗള്‍ഫ് നാടുകളിലെ നിരത്തുകളും വാണിജ്യകേന്ദ്രങ്ങളും തിരക്കിലേക്ക് പ്രവേശിക്കുകയായി. കഴിഞ്ഞ രണ്ടുമാസക്കാലം പൊതുവെ തിരക്ക് കുറവായിരുന്ന മാളുകളിലും റോഡുകളിലും വരുംദിവസങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെടും. വിവിധ മേഖലകളിലെ വാണിജ്യരംഗത്തുള്ളവര് സ്വദേശികളും വിദേശികളും അടങ്ങുന്ന തങ്ങളുടെ ഉപഭോക്താക്കളുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. കച്ചവടരംഗത്തെ കൊടുക്കല്‍ വാങ്ങലുകള്‍ തീരെ നിര്ജ്ജീവമായിരുന്നുവെന്നുതന്നെ പറയാം. കച്ചവട സ്ഥാപനങ്ങളിലുള്ളവര്‍ക്കു പുറമെ വിതരണ മേഖലയും തീരെ തണുപ്പന്‍ മട്ടിലാണ് കടന്നുപോയത്. തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കുന്നതോടെ സര്‍വ്വമേഖലയും സജീവമായിമാറും. ബാക്ക് ടു സ്കൂള്‍ ബാനറുകള്‍ ദിവസങ്ങള്‍ക്കുമുമ്പുതന്നെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഇടംപിടിച്ചിരുന്നു. പഠനോപകരണങ്ങളുടെയും ആകര്‍ഷണീയമായ സ്കൂള്‍ ബാഗുകളുടെയും വലിയ ശേഖരം തന്നെ ഉപഭോക്താക്കളെ കാത്തു രാജ്യത്തെ നൂറുകണക്കിന് സ്ഥാപനങ്ങളില്‍ ഒരുക്കിവെച്ചിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളില്‍ രക്ഷിതാക്കളും കുട്ടികളും ഇവയ്ക്കായി സാധാരണ കടകളിലും മാളുകളിലും എത്തിയതോടെ വിപണിയുടെ സജീവതക്ക് തുടക്കം കുറിക്കുകയായിരുന്നു. പൊതുവെ തിരക്കൊഴിഞ്ഞ തെരുവുകളും റോഡുകളും തിരക്കിലേക്ക് വഴിമാറി. പ്രധാന റോഡുകളില്‍ മാത്രമല്ല ചെറിയ സ്ഥലങ്ങളില്‍പോലും ശനി, ഞായര്‍ ദിവസങ്ങളില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. നാട്ടിലേക്കുള്ള യാത്രയും തിരിച്ചു വരവും പോക്കറ്റ് കാലിയാക്കുക മാത്രമല്ല കടുത്ത സാമ്പത്തിക ബാധ്യതകൂടിയാണ് സാധാരണക്കാരായ പ്രവാസികള്‍ക്ക് വരുത്തിവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മക്കള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങിക്കുന്നത് തല്ക്കാലം മാറ്റിവെച്ചിരിക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം ദിവസങ്ങള്‍ക്കകം ശമ്പളം കൈയില്‍ എത്തുന്നതോടെ വാണിജ്യ രംഗം കൂടുതല്‍ കൊഴുക്കും.
തിരികെ സ്കൂളിലേക്ക്
അബുദാബി: ആഹ്ലാദം നിറഞ്ഞ വേനല്‍ അവധിയുടെ ആരവത്തിന് വിരമാമമിട്ടുകൊണ്ട് കുട്ടികള്‍ ഇന്ന് വീണ്ടും സ്കൂളുകളിലേക്ക്. ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഇടക്കാല അവധി മാത്രമായിരുന്നു. എന്നാല്‍ അറബ്, ബ്രട്ടീഷ്, അമേരിക്കന്‍ സിലബസുകള്‍ പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. നീണ്ട രണ്ടുമാസക്കാലം സ്വദേശത്തും വിദേശത്തുമായി അവധിക്കാലം ആനന്ദകരമാക്കി മാറ്റിയവര്‍ ഇന്നുമുതല്‍ വീണ്ടും ക്ലാസ്സ് മുറികളിലേക്ക് കടന്നുചെല്ലുകയാണ്. ബാഗും മറ്റു പഠനോപകരണങ്ങളുമെല്ലാം ഇതിനകം തന്നെ വാങ്ങിവെച്ചിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്കൂളുകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നല്ല തിരക്കാണ് അനുഭവപ്പട്ടിരുന്നത്. പുതിയ വര്‍ഷത്തെ ഫീസ് അടക്കല്‍, യൂനിഫോം എടുക്കല്‍, സ്കൂള്‍ ബസുകളില്‍ സീറ്റ് ഉറപ്പ് വരുത്തല്‍ തുടങ്ങി നിരവധി കാര്യങ്ങളുമായി രക്ഷിതാക്കള്‍ സ്കൂളുകളില്‍ ഒഴുകിയെത്തി. അറബി-ബ്രിട്ടീഷ് സിലബസ് സ്കൂളുകളില്‍ പലതും വ്യത്യസ്ഥ ദിവസങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ആറുമുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് പല സ്കൂളുകളിലും ഇന്ന് പ്രവേശനം നല്‍കിയിട്ടുള്ളത്. അതിനു താഴയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളിലായി ക്ലാസ്സുകള്‍ ആരംഭിക്കും. കെജി 1 ക്ലാസ്സുകള്‍ വെള്ളിയാഴ്ചയാണ് പലയിടത്തും ആരംഭിക്കുന്നത്. കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുരക്ഷക്കായി അതീവ ജാഗ്രത
അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്കൂളുകളിലേക്ക് പോകുമ്പോള്‍ അവരുടെ സുരക്ഷാ കാര്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. മറ്റൊരു രാജ്യത്തും കാണാനാവാത്ത വിധം യുഎഇയിലെ വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ഗതാഗത വിഭാഗം, ആരോഗ്യവിഭാഗം തുടങ്ങിയ മന്ത്രാലയങ്ങളും അനുബന്ധ വിഭാഗങ്ങളും കുട്ടികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സ്കൂള്‍ ബസുകളില്‍ കുട്ടികള്‍ കയറുന്നതുമുതല്‍ തിരികെ വീട്ടിലെത്തുന്നതുവരെയുള്ള ഓരോ നിമിഷവും ഏറെ പ്രാധാന്യവും ശ്രദ്ധയുണ്ടാവേണ്ടതുമാണെന്ന് അധികൃതര്‍ സ്കൂള്‍ അധികൃതരെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. സ്കൂള്‍ കാന്റീനില്‍ നിന്ന് നല്കുന്ന ഭക്ഷണപാനീയങ്ങള്‍ക്കും ഭക്ഷ്യവിഭാഗവും ആരോഗ്യ വിഭാഗവും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നേരത്തെത്തന്നെ നല്‍കിയിട്ടുണ്ട്. ക്ലാസ്സ് മുറികളിലും കളിസ്ഥലങ്ങളിലും ശുചിമുറികളിലുമെല്ലാം കുട്ടികളുടെ സുരക്ഷക്ക് ഭംഗം വരുന്ന തരത്തിലുള്ള വസ്തുക്കളോ മറ്റുകാര്യങ്ങളോ ഉണ്ടാവാന്‍ പാടില്ല. കുട്ടികളോടുള്ള പെരുമാറ്റ രീതി അവരുടെ ഭാവി ശോഭനമാക്കുന്നതിനു ഉപകരിക്കുന്ന തരത്തിലായിരിക്കണം. സ്കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ യഥാസമയം ഇടപെടുന്നതിനായി പരിചയ സമ്പന്നരായ നഴ്സുമാരുടെ സേവനവും ക്ലിനിക്കും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്
ഗതാഗത വിഭാഗത്തിന്റെ സലാമ സംവിധാനം
അബുദാബി സംയോജിത ഗതാഗത വിഭാഗം സ്കൂള്‍ കുട്ടികളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ സലാമ സംവിധാനം സ്കൂള്‍ ബസുകളില്‍ ഏറെ ശ്രദ്ധനേടി. മൂന്നു വര്‍ഷം മുമ്പാണ് ഡി.ഒ.ടി (ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്) സ്കൂള്‍ ബസ് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷക്കായി സലാമ സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ബസ്സില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ കുട്ടികളുടെയും പേരുവിവരങ്ങളും താമസസ്ഥലം ഉള്‍പ്പെടെയുള്ള കാര്യങ്ങളും കുട്ടികളെ കയറ്റുന്നതും ഇറക്കുന്നതുമെല്ലാം അധികൃതര്‍ക്ക് നിരീക്ഷിക്കാവുന്ന വിധത്തിലാണ് സലാമ സംവിധാനം സജ്ജീകരിരിച്ചിട്ടുള്ളത്. അബുദാബി ഗതാഗത വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ 8568 സ്കൂള്‍ ബസുകളാണ് ഇതുവരെ സലാമ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനായി വിവിധ സ്കൂളുകളില്‍ 206 ഓപ്പറേറ്റര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. 672 സ്കൂളുകളിലായി 8,752 ഡ്രൈവര്‍മാരും, 10,134 സൂപ്പര്‍വൈസര്‍മാരുമാണ് സലാമ സിസ്റ്റത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 237,111 കുട്ടികളെയാണ് സലാമ സംവിധാനത്തില്‍ വിവിധ സ്കൂളുകള്‍ ചേര്‍ത്തിട്ടുള്ളത്. ഇവര്‍ സ്കൂള്‍ ബസുകളില്‍ കയറുന്ന സമയവും ഇറങ്ങുന്ന സമയവുമെല്ലാം കൃത്യമായി രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും അറിയാന്‍ കഴിയും.