ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : വെല്ലുവിളികളെ നേരിടുന്നതിനും സുസ്ഥിരതക്കും നൂതനമായ അടിസ്ഥാന സൗകര്യവികസനത്തിനും ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രസ്താവിച്ചു. യുഎഇ
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്താനും അതിന്റെ പങ്ക് വര്‍ധിപ്പിക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കുന്നതില്‍ ഒരു പ്രധാന പങ്കാളിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ഷിന്ദഗയില്‍ ചേര്‍ന്ന പ്രതിവാര മജ്ലിസില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്. പ്രാദേശിക പ്രമുഖര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ഭരണ നേതൃത്വത്തിന്റെ വ്യക്തമായ വീക്ഷണത്താല്‍ നയിക്കപ്പെടുന്ന രാജ്യത്തിന്റെ വികസന യാത്ര പ്രധാന മേഖലകളില്‍ സുപ്രധാനമായ നേട്ടങ്ങള്‍ കൈവരിച്ചു. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനും നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ ബിസിനസ്സ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള യുഎഇയുടെ തന്ത്രത്തിന് അനുസൃതമായി, സാമ്പത്തിക വികസനം നയിക്കുന്നതില്‍ പ്രധാന പങ്കാളിയെന്ന നിലയില്‍ സ്വകാര്യ മേഖലയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഒരു സുപ്രധാന ആഗോള വ്യാപാര കേന്ദ്രം, സര്‍ഗ്ഗാത്മകമായ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം, ബഹുരാഷ്ട്ര കമ്പനികളുടെ പ്രധാന ഡെസ്റ്റിനേഷന്‍ തുടങ്ങിയ നിലയില്‍ ദുബൈ അതിന്റെ പദവി ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം, ബിസിനസ്സ്, നിക്ഷേപം എന്നിവയുടെ മുഖ്യ ലക്ഷ്യസ്ഥാനമായി മാറാനാണ് ദുബൈ ശ്രമിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ആഗോള മാറ്റത്തിന് അനുസൃതമായി നവീകരണവും നൂതന സാങ്കേതികവിദ്യയും ദുബൈയുടെ സമ്പന്നവും ശോഭനവുമായ ഭാവിയുടെ പ്രധാന ചാലകങ്ങളാണ്. ബിസിനസ് സുഗമമാക്കുന്നതിനും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും നവീകരണത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തും. നൂതന സാങ്കേതികവിദ്യകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്-ശൈഖ് മുഹമ്മദ് പറഞ്ഞു. യോഗത്തില്‍ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബൈ എയര്‍പോര്‍ട്ട് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പങ്കെടുത്തു. ദുബൈ മീഡിയ ഇന്‍കോര്‍പ്പറേറ്റഡ് ചെയര്മാന് ശൈഖ് ഹാഷര്‍ ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം, നിരവധി ശൈഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
എംഎ യൂസഫലിയും മജ്ലിസില്‍ സംബന്ധിച്ചു
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയിലെ അല്‍ ഷിന്ദഗയിലെ തന്റെ പ്രതിവാര മജ്ലിസില്‍ പ്രാദേശിക പ്രമുഖര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. മജ്ലിസില്‍ ശൈഖ് മുഹമ്മദ് എല്ലാവരെയും സ്വീകരിച്ചു. യൂസഫലിയും മറ്റു പ്രമുഖരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.