
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
പാഠം-1, അവധിക്കാലത്ത് നാട്ടില്‍ പോവരുത്
ഷാര്‍ജ : യുഎഇയിലെ സ്കൂള്‍ വേനലവധിക്ക് വിരാമമാവുന്നു. ആഗസ്ത് 24ന് ശേഷം ഒരാഴ്ചക്കകം വ്യത്യസ്ത ദിവസങ്ങളിലായി രാജ്യത്തെ സ്വകാര്യ മേഖലകളിലേതടക്കം മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് വിവിധ മന്ത്രാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും. അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ പഠനം തുടങ്ങുന്നതിന് ദിവങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാപനത്തില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അവധിക്കാലത്ത് നാട്ടിലേക്ക് പോയ കുടുംബങ്ങളുടെ യുഎഇയിലേക്കുള്ള തിരിച്ചു വരവും തുടങ്ങി. വരും ദിവസങ്ങളില്‍ യുഎഇ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങുന്ന വിമാനങ്ങളിലെ യാത്രക്കാരെ കൊണ്ട് ബഹളമയമാവും. തക്കം നോക്കി പ്രവാസികളുടെ കഴുത്തിന് പിടിക്കുകയാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍, പ്രത്യേകിച്ച് മലയാളികള്‍ ആശ്രയിക്കുന്ന വിമാന യാത്ര സെക്റ്ററുകളില്‍. ഈ വരും ദിവസങ്ങളില്‍ കേരള യുഎഇ സെക്റ്ററില്‍ ടിക്കറ്റ് നിരക്ക് 40,000 രൂപക്ക് അടുത്താണ്. ചില ദിവസങ്ങളിലിത് അമ്പതിനായിരം തൊടുന്നു. സീസണ് സമയം നോക്കി ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്ന പ്രവണതക്ക് ഇനിയും അവസാനമായില്ല. മൂന്നും നാലും ഇരട്ടിയാണ് നിരക്കിലെ വര്‍ധന. നാല് മണിക്കൂര്‍ ആകാശ യാത്രക്കാണ് ഇത്രയും ഭീമമായ സംഖ്യ വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഇത്രയും ദൈര്‍ഘ്യമുള്ള മറ്റു സെക്റ്ററ്റുകളിലെ ടിക്കറ്റ് നിരക്കുമായി താരതമ്യം പോലും സാധ്യമാവാത്ത അധിക നിരക്ക്. യാത്രക്കാരന്റെ ‘വയറ് നിറക്കല്‍’ 10 രൂപയുടെ കുപ്പി വെള്ളത്തിലൊതുക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലെ നിരക്കില്‍ പോലും കനിവേതുമില്ല. ആഗസ്ത് 20ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂര്‍-ദുബൈ ടിക്കറ്റ് നിരക്ക് 37,000 രൂപ. അന്നേ ദിവസം മംഗലാപുരം-ദുബൈ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഒരു സീറ്റ് ലഭിക്കണമെങ്കില്‍ രൂപ 42,000 നല്‍കണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും യുഎഇ റൂട്ടിലേക്ക് ഇതു തന്നെ അവസ്ഥ. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാന നിരക്കിലും വന്‍ വര്‍ധന പ്രകടം.
രണ്ട് മക്കളുള്ള ഒരു കുടുംബം യുഎഇയിലേക്ക് എത്തണമെങ്കില്‍ വിമാന ടിക്കറ്റിന് മാത്രം ഒന്നര ലക്ഷത്തിലധികം രൂപ ചിലവഴിക്കേണ്ട അവസ്ഥ. വിമാന യാത്ര നിരക്കില്‍ യാത്രക്കാര്‍ക്ക് ആശ്വാസകരമാവും എന്ന പ്രതീക്ഷയോടെയാണ് ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ യാത്രക്കാരന് നല്കുന്ന സൗകര്യത്തിന്റെ കാര്യത്തില്‍ മാത്രമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബജറ്റ് വിമാനമാവുന്നത്, ടിക്കറ്റ് നിരക്കിന്റെ വിഷയത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഢംബര വിമാന കമ്പനികളെ പോലും പിന്നിലാക്കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമയം വൈകിയുള്ള പറക്കലും, യാത്ര റദ്ദ് ചെയ്യലുമെല്ലാം ടിക്കറ്റെടുത്തവരെ മുള്‍മുനയിലാക്കുന്നു. ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ മധ്യം വരെ കഴുത്തറപ്പന്‍ നിരക്കാണ് കേരള യുഎഇ റൂട്ടില്‍ വിമാന കമ്പനികള്‍ ഈടാക്കുന്നത്. നാട്ടില്‍ ഓണാഘോഷം കഴിഞ്ഞ് യുഎഇയിലേക്ക് തിരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ടിക്കറ്റ് നിരക്ക് തിരിച്ചടിയാണ്. ചാര്‍ജ് വര്‍ധന കാരണം സ്കൂളില്‍ അവധി അപേക്ഷിച്ച് നാട്ടില്‍ തന്നെ കുറച്ച് ദിവസം കൂടി കൂടാനുള്ള തീരുമാനത്തിലാണ് പലരും.
മടക്ക ടിക്കറ്റ് എടുക്കാതെ നാട്ടിലേക്ക് പോയവരുടെ കാര്യം ഏറെ പ്രയാസകരം. തിരിച്ചു വരുന്ന സമയമാകുമ്പോഴേക്കും നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന ബസ് കണ്ടക്റ്റര്‍, ശുചീകരണ തൊഴിലാളികള്‍ ഇവരില്‍ അധികവും മടക്ക ടിക്കറ്റ് മുന്‍കൂട്ടി എടുക്കാതെ നാട്ടിലേക്ക് പോയവരാണ്. ഇതില്‍ പലര്‍ക്കും യഥാസമയം തിരിച്ച് ജോലിയില്‍ പ്രവേശിക്കാനാവാത്ത സാഹചര്യവുമുണ്ട്.
കപ്പല്‍ സര്‍വ്വീസ് വിജയകരമാവില്ല
ഗള്‍ഫ് സെക്റ്ററിലെ വിമാന യാത്ര നിരക്ക് വര്‍ധനക്ക് മറുമരുന്നായി അവതരിപ്പിച്ച കപ്പല്‍ സര്‍വ്വീസ് വിജയകരമാവാനുള്ള സാധ്യത വിരളമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അതി വേഗതയുടെ പുതിയ കാലത്ത് യാത്ര കപ്പല്‍ സര്‍വ്വീസ് പ്രായോഗികമല്ല. ഏറ്റവും വേഗത്തില്‍ നാടണയാനാണ് പ്രവാസികള്‍ ആഗ്രഹിക്കുന്നത്. നിരക്ക് എത്ര ഉയര്‍ന്നാലും നേരിട്ടുള്ള വിമാന സര്‍വ്വീസിനെ തന്നെ ബഹുഭൂരിഭാഗം പേരും ഇന്നും ആശ്രയിക്കുന്നു. നാലോ, അഞ്ചോ മണിക്കൂര്‍ കൊണ്ട് വീട് അണയണം. പഴയ കാലത്തെ പോലെ ഇടക്ക് മറ്റൊരു വിമാനത്താവളം തൊട്ടുള്ള വിമാന സര്‍വ്വീസുകള്‍ക്ക് പോലും സ്വീകാര്യതയില്ല നിലവില്‍. അതിനിടയിലാണ് 5 ദിവസത്തിലധികം കപ്പലില്‍ യാത്രക്കായി ചിലവഴിക്കാന്‍ എത്ര പേരുണ്ടാവുമെന്ന ചോദ്യമുയരുന്നത്. തുടക്കത്തിന്റെ ആവേശത്തില്‍ ആദ്യ മാസങ്ങളില്‍ കപ്പല്‍ സര്‍വ്വീസ് വിജയകരമാവുമെങ്കിലും ക്രമേണ കപ്പല്‍ നിറക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ സംജാതമാവുമെന്നും വിലയിരുത്തപ്പെടുന്നു.