കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ഇനിയും വിസ നിയമലംഘകരായി യുഎഇയില്‍ തുടരുന്ന വിദേശികള്‍ എത്രയും വേഗം പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31 അവസാനിക്കാനിരിക്കെയാണ് ഡയരക്ടറേറ്റിന്റെ മുന്നറിയിപ്പ്.
യുഎഇ സര്‍ക്കാരിന്റെ പൊതുമാപ്പ് ഒരു വലിയ അവസരമാണ്. രാജ്യത്ത് നിയമലംഘകരായി തുടരുന്നവര്‍ ഈ ആനുകൂല്യം ഉപയോഗിച്ച് വേഗത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുമാപ്പിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് നിയമപരമായ തുടര്‍ച്ച ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് ജിഡിആര്‍എഫ്എ അഭ്യര്‍ത്ഥിച്ചു. അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളില്‍ രാജ്യം വിടുന്നവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്തുന്നതില്‍ തടസമില്ലെന്നും വകുപ്പ് വീണ്ടും സ്ഥിരീകരിച്ചു സെപ്റ്റംബര്‍ ഒന്നിന് തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധിപേരാണ് തങ്ങളുടെ താമസം നിയമം വിധേയമാക്കിയത്.
അതിനോടൊപ്പം തന്നെ ആയിരക്കണക്കിന് ആളുകളാണ് പിഴ ഒന്നും കൂടാതെ അവരുടെ സ്വദേശത്തേക്ക് മടങ്ങിയത്. ഒക്ടോബര്‍ 31ന് ശേഷം പൊതുമാപ്പ് അനുപയോഗം ചെയ്തു രാജ്യത്ത് തുടര്ന്നുവെങ്കി ല്‍ വലിയ രീതിയിലുള്ള ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു
പൊതുമാപ്പ് നടപടികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ദുബൈയിലുള്ളത്. എമിറേറ്റിലെ 86 അമ ര്‍ സെന്ററുകളിലും അല്‍ അവീറിലെ നിയമ ലംഘകരുടെ സെറ്റില്‍മെന്റ് പരിഹാരകേന്ദ്രത്തിലും സര്‍വീസ് ലഭ്യമാണ്.
മുന്‍കാല വിസ ദുബൈ ആണെങ്കില്‍ അവര്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ (എമിറേറ്റ്സ് ഐഡി ഇല്ലാത്തവര്‍) അല്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലേക്കാണ് പോകേണ്ടത്. ഇവിടെ നിന്ന് ആദ്യം അവരുടെ ബയോമെട്രിക് രേഖകള്‍ നല്‍കണം. പിന്നീട് അവിടെ തന്നെയുള്ള അമര്‍ കേന്ദ്രത്തില്‍ പോയി ഔട്ട്പാസിന് അപേക്ഷ നല്‍കാം .എന്നാല്‍ എമിറേറ്റ്സ് ഐഡി കൈവശമുള്ള ആളുകള്‍ നേരിട്ട് ദുബൈ യിലെ അമര്‍ കേന്ദ്രങ്ങളില്‍ പോയി എക്സിറ്റ് പാസിറ്റ് അപേക്ഷിക്കാം.
അതിനോടൊപ്പം വിസ നിയമലംഘകരായി കഴിയുന്നവര്‍ക്ക് രാജ്യത്ത് വീണ്ടും തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പുതിയ ഒരു ജോലി കണ്ടത്തി, വര്‍ക്ക് പെര്‍മിറ്റ് നേടി അമര്‍ കേന്ദ്രങ്ങളില്‍ പോയി പുതിയ വിസക്ക് അപേക്ഷിക്കാം. പൊതുമാപ്പ് സേവനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങള്‍ക്കും 8005111 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബൈ ജിഡിആര്‍എഫ്എ അധികൃതര്‍ അറിയിച്ചു.