ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : സുഗന്ധദ്രവ്യ ഉത്പന്നങ്ങളുടെ പ്രദര്‍ശനമൊരുക്കി ഷാര്‍ജ എക്സ്പോ സെന്റര്‍. ഇമാറാത്ത് പെര്‍ഫ്യൂംസ് ആന്റ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് വന്‍ ജന സ്വീകാര്യത. ഷാര്‍ജ എക്സ്പോ സെന്ററില്‍ എക്സിബിഷന് എക്സ്പോ സെന്റര്‍ സി.ഇ.ഒ സൈഫ് മുഹമ്മദ് അല്‍ മിദ്ഫ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്മാന് അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസി ഉള്‍പ്പെടെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. സുഗന്ധദ്രവ്യങ്ങളില്‍ പുതുമ തേടുന്നവരുടെ ഒഴുക്കാണ് ആദ്യ ദിനം മുതല്‍ എക്സിബിഷന് നഗരിയില്‍ ദൃശ്യമായത്.
ലോകമെമ്പാടുമുള്ള പെര്‍ഫ്യൂം വ്യവസായത്തിലെ മുന്‍നിര കമ്പനികള്‍ അടക്കം അഞ്ഞൂറിലധികം എക്സിബിറ്റര്‍മാര്‍ സ്റ്റാളുകള്‍ തുറന്നിട്ടുണ്ട് എക്സിബിഷനില്‍. ഈ രംഗത്തെ പ്രധാന നിര്‍മ്മാതാക്കള്‍, വ്യാപാരികള്‍, വ്യവസായികള്‍, വിദഗ്ധര്‍ തുടങ്ങിയവരെ ഒരു കുടക്കീഴില് കൊണ്ടുവരാന്‍ പെര്‍ഫ്യൂം എക്സിബിഷന് സാധിച്ചു. ആഗോള, പ്രാദേശിക പെര്‍ഫ്യൂം ഉല്‍പ്പന്നങ്ങളുടെ വൈവിധ്യങ്ങള്‍ ആകര്‍ഷണീയമാം വിധം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പൗരസ്ത്യ, അറേബ്യന്‍ സുഗന്ധദ്രവ്യങ്ങളുടെയും, യു.എ.ഇയുടെ സാംസ്കാരിക പൈതൃകം ഉള്‍ക്കൊള്ളുന്ന ഊദിന്റെ മികച്ച ഇനങ്ങളും, വൈവിധ്യങ്ങളും പ്രദര്‍ശന നഗരിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
കൂടാതെ, സുഗന്ധ വ്യവസായ നിക്ഷേപകര്‍ക്കും പ്രാദേശിക കമ്പനികള്‍ക്കും ആഗോള വിതരണക്കാരുമായി ബന്ധപ്പെടാനും ഇടപാടുകള്‍ക്ക് കളമൊരുക്കാനും എക്സിബിഷന് മികച്ച അവസരം നല്കുന്നു. പെര്‍ഫ്യൂം പ്രേമികളില്‍ ഏറെ താല്പ്പര്യമുണര്ത്തുന്നതും ഏറ്റവും പുതിയതുമായ ഓറിയന്റല്‍ സുഗന്ധദ്രവ്യങ്ങള്‍ തേടുന്ന ഉപയോക്താക്കള്‍ക്കായി ഗള്‍ഫ് പെര്‍ഫ്യൂമുകളുടെ പ്രത്യേക പവലിയന് പ്രദര്‍ശനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. സുഗന്ധദ്രവ്യ ഉല്‍പ്പാദന, വിപണന മേഖലയില്‍ അവസരങ്ങള്‍ തേടുന്ന യുവ ഇമാറാത്തീ സംരംഭകര്‍ പുറത്തിറക്കിയ പ്രീമിയം പെര്‍ഫ്യൂം ഉല്പന്നങ്ങളുടെ നിരയും എക്സിബിഷനെ ശ്രദ്ധേയമാക്കുന്നു. പെര്‍ഫ്യൂം വ്യവസായത്തില്‍ വളരുന്ന ഇമാറാത്തി പ്രതിഭകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
ഉപഭോക്താക്കള്‍ക്ക് പെര്‍ഫ്യൂം അസംസ്കൃത വസ്തുക്കള്‍, ഊദ്, കസ്തൂരി മിശ്രിതങ്ങള്‍ വാങ്ങാനും പരിചയപ്പെടാനുമുള്ള അവസരം കൂടി എക്സിബിഷനിലുണ്ട്. ശൈത്യകാലം, വേനല്‍ക്കാലം സീസണുകളിലേക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിത്യസ്ത സുഗന്ധദ്രവ്യ ശേഖരം വന്‍ തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
മുന്‍നിര ബ്രാന്‍ഡ് കമ്പനികള്‍ ഉള്‍പ്പെടെ വിലയില്‍ വമ്പന്‍ കിഴിവും വാഗ്ദാനം ചെയ്യുന്നു. ഒക്ടോ. 13നാണ് എക്സിബിഷന് സമാപിക്കുക. സന്ദര്‍ശക സമയം: തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10.30 വരെ. വെള്ളിയാഴ്ച വൈകു. മൂന്ന് മണി മുതല്‍ രാത്രി 10.30. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 10.30 വരെ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പെര്‍ഫ്യൂം ഊദ് എക്സിബിഷനില്‍ 50 ശതമാനം വരെ സന്ദര്‍ശകരുടെ വര്‍ധനവുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.