കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഷാര്ജ : നാലാമത് ഇവന്റ് ഫെസ്റ്റിവലിന് ഷാര്ജ അല് മജാസ് കോര്ണീഷില് ജല മധ്യത്തിലെ ആംഫി തിയേറ്ററില് തുടക്കമായി. ഷാര്ജ പ്രൈവറ്റ് എജ്യുക്കേഷന് അതോറിറ്റിയാണ് (എസ്പിഇഎ) വിദ്യാര്ഥികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് ശൈത്യകാല ഇവന്റ് ഫെസ്റ്റിവല് ഒരുക്കിയത്. സ്വകാര്യ സ്കൂളുകളിലെ വിദ്യാര്ഥികള് സംവിധാനം ചെയ്ത വിദ്യാഭ്യാസ സിനിമയുടെ പ്രദര്ശനത്തോടെയാണ് ഇന്നലെ പരിപാടിക്ക് തുടക്കമായത്. ചോദ്യങ്ങളും സമ്മാനങ്ങളും ഉള്ക്കൊള്ളുന്ന വിഭാഗത്തില് മേളയുടെ ഭാഗ്യചിഹ്നങ്ങളായ ‘ഒമര്, ഷംസ’ എന്നിവരുമായി ഇടപഴകാനും വിനോദത്തിലേര്പ്പെടാനും കുട്ടികള്ക്കും മുതിര്ന്നവര്ക്കും അവസരവും നല്കി.
അല് മജാസ് ആംഫി തിയേറ്ററിലെ മൂന്ന് രാത്രികള് ഇനി കുട്ടികളുടെ കളിയും കാര്യവുമായി സജീവമാകും. 15ന് ഇവന്റ് സമാപിക്കും. ഷാര്ജയുടെ വൈവിധ്യമായ സാംസ്കാരിക,വിദ്യാഭ്യാസ,കലാ പ്രവര്ത്തനങ്ങളുടെ പ്രദര്ശന നഗരിയായി ഇവന്റ് ഫെസ്റ്റിവല് മാറും. എമിറേറ്റിലുടനീളമുള്ള സ്വകാര്യ സ്കൂളുകളുമായി സഹകരിച്ചാണ് ഇവന്റുകളും മത്സരങ്ങളും നടക്കുക. വൈവിധ്യമാര്ന്ന വിനോദ,സാംസ്കാരിക,പൈതൃക,വിദ്യാഭ്യാസ പ്രവര്ത്തനങ്ങളിലൂടെ വിദ്യാര്ഥികളും കുടുംബവും അധ്യാപകരും പൊതുസമൂഹവും തമ്മിലുള്ള ബന്ധം ദൃഢ പ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
എല്ലാ പ്രായത്തിലുള്ളവര്ക്കും ആസ്വാദകരമാവും വിധത്തില് വൈകുന്നേരം 4 മണി മുതല് രാത്രി 10 വരെയാണ് പരിപാടികള്. രണ്ടാം ദിവസമായ ഇന്ന് സ്റ്റേജില് നാടക അവതരണവും തുടര്ന്ന് സ്വകാര്യ സ്കൂള് വിദ്യാര്ഥികള് അവതരിപ്പിക്കുന്ന രണ്ട് പ്രദര്ശനങ്ങളുമുണ്ടാകും. കൂടാതെ,വിദ്യാഭ്യാസ ചലച്ചിത്ര പ്രദര്ശനവും പ്രേക്ഷകര്ക്കായി സംവേദനാത്മക മത്സരങ്ങളും നടക്കും. നാളെ വിനോദവും,വിദ്യാഭ്യാസവും സംയോജിപ്പിച്ച വിവിധ പരിപാടികള് അരങ്ങേറും.
മത്സ്യബന്ധന വിഭാഗം, വിദ്യാഭ്യാസ ചലച്ചിത്ര പ്രദര്ശനം,സ്വകാര്യ ദേശീയ സ്കൂളുകളുടെ രണ്ട് പ്രകടനങ്ങള് എന്നിവയും നാളെത്തെ പരിപാടിയില് ഉള്പ്പെടുന്നു. പങ്കെടുക്കുന്നവര്ക്ക് സാംസ്കാരിക,വിനോദ ഇനങ്ങളില് മത്സരിക്കാനുള്ള അവസരമുണ്ടാകും. സമാപന ദിവസം കുട്ടികള് കലാപരവും കരകൗശലപരവുമായ കഴിവുകള് പ്രദര്ശിപ്പിക്കും. വിളക്ക് ഷേഡ് നിര്മാണം,പൂന്തോട്ട ക്രമീകരണം എന്നിവയില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന വര്ക്ഷോപ്പുകളാണ് കൂടുതലുമുള്ളത്. എല്ലാ പ്രായത്തിലുമുള്ളവര്ക്കുമിടയില് ആശയവിനിമയവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത വിവിധ മത്സരങ്ങള്ക്കൊപ്പം വിദ്യാഭ്യാസ ചലച്ചിത്ര പ്രദര്ശനവും ഉണ്ടാകും.
സര്ഗാത്മക വിദ്യാഭ്യാസവും സാമൂഹ്യ സേവന മനസും പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നത് കൂടിയാണ് എസ്പിഇഎയുടെ ഇവന്റ് ഫെസ്റ്റിവല്.