കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇ 53 ാമത് ദേശീയദിനം ‘ഈദ് അല് ഇത്തിഹാദ്’ ആഘോഷങ്ങള്ക്ക് മാറ്റുകൂട്ടാന് ദുബൈ ഗ്ലോബല് വില്ലേജിലെ മനോഹര കാഴ്ചകള്. ഡിസംബര് നാലു വരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഗ്ലോബല് വില്ലേജില് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക പ്രകടനങ്ങള്,കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകള്, ഡ്രോണ് ഷോകള്,വൈവിധ്യങ്ങളായ രുചി അനുഭവങ്ങള് എന്നിവ ഗ്ലോബല് വില്ലേജില് സന്ദര്ശകര്ക്കായി ഒരുക്കിയിട്ടുണ്ട്. ഗ്ലോബല് വില്ലേജിന്റെ ഗേറ്റുകളും ലാന്ഡ് മാര്ക്കുകളും യുഎഇയുടെ ദേശീയ പതാകയുടെ നിറങ്ങളാല് പ്രകാശിപ്പിക്കും. ഈ മാസം 29 മുതല് ഡിസംബര് മൂന്നു വരെ രാത്രി 9 മണിയോടെ ദേശീയ പതാക നിറങ്ങള് പ്രതിഫലിപ്പിക്കുന്ന ആകാശക്കാഴ്ചകളുടെ കരിമരുന്ന് പ്രയോഗങ്ങളുമുണ്ടാകും. ഡിസംബര് ഒന്നു മുതല് മൂന്നു വരെ പ്രധാന വേദിയായ ഹവാ ഇമാറത്തി തിയേറ്ററിലാണ് പ്രധാന പരിപാടികള്. 1971ലെ യുഎഇ രൂപീകരിണത്തിന്റെ പശ്ചാത്തലത്തില് ഇമാറാത്തി വിവാഹം ചിത്രീകരിക്കുന്ന ഒമ്പത് അതിമനോഹര ഗാനരംഗങ്ങള് പരിപാടിയിലെ മുഖ്യ ആകര്ഷകമാണ്. നാല്പതിലധികം കലാകാരന്മാരാണ് ഇതില് പങ്കെടുക്കുന്നത്. യുഎഇയുടെ പാരമ്പര്യം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളും പാട്ടുകളും നൃത്തവും പരിപാടിയുടെ ഭാഗമാണ്. യുഎഇ പവലിയന്,1971 പവലിയന്,ഖലീഫ ബിന് സായിദ് അല് നഹ്യാന് ഫൗണ്ടേഷന് പവലിയന് തുടങ്ങിയവ ദേശീയദിനത്തിന്റെ ഭാഗമായി ഒരുക്കുന്ന പവലിയനുകളാണ്. ഹംദാന് ബിന് മുഹമ്മദ് ഹെറിറ്റേജ് സെന്റര് പ്രവര്ത്തിക്കുന്ന ഹെറിറ്റേജ് വില്ലേജില് ഇമാറാത്തി കരകൗശല വസ്തുക്കള് പ്രദര്ശിപ്പിക്കും. ഭക്ഷണ പ്രേമികള്ക്ക് പരമ്പരാഗതമായ ഇമാറാത്തി ഭക്ഷണങ്ങള് ആസ്വദിക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.