
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: ഇസ്കൂട്ടറുകളും സൈക്കിളുകളും അത്ര നിസാരമായി കാണേണ്ടതില്ല. അലക്ഷ്യമായി ഇത് ഉപയോഗിക്കുന്നതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നത് വെറുതെയല്ല. ഇത് മൂലം അപകടങ്ങളുണ്ടാവുന്നത് പതിവായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദുബൈയി ല്‍ സൈക്കിളുകളും ഇസ്കൂട്ടറുകളും മൂലം 254 അപകടങ്ങളുണ്ടായി. 10 മരണങ്ങളും 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും 17 പേര്‍ക്ക് ഗുരുതരമായ പരിക്കുകളും 133 പേര്‍ക്ക് മിതമായ പരിക്കുകളുമുണ്ടായി. ദുബൈ പോലീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും നടത്തിയ ബോധവല്‍ക്കരണ കാമ്പയിനിലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. ദുബൈയിലെ ഏഴ് പ്രധാന മേഖലകളായ മറീന, അല്‍ ബര്‍ഷ, അല്‍ റുക്ന്, അല്‍ മുര്ഖബത്ത്, അല്‍ സത്വ, ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്, അല്‍ കരാമ എന്നിവിടങ്ങളിലെ സൈക്ലിസ്റ്റുകള്‍ക്കും ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോക്താക്കള്‍ക്കളെ പ്രത്യേക ബോധവത്കരണ കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയുക്ത പാതകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം. അംഗീകൃത ഹെല്‍മെറ്റുകളും പ്രതിഫലിപ്പിക്കുന്ന വെസ്റ്റുകളും ധരിക്കുക, സൈക്കിളുകളുടെ മുന്‍വശത്ത് തിളക്കമുള്ള വെളുത്ത ലൈറ്റുകള്‍ ഘടിപ്പിക്കുക, പിന്നില്‍ ചുവന്ന ലൈറ്റുകള്‍ ഘടിപ്പിക്കുക, ഉപയോക്തൃ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് സൈക്കിളുകളില്‍ പ്രവര്‍ത്തനക്ഷമമായ ബ്രേക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രധാന സുരക്ഷാ രീതികള്‍ക്ക് അധികാരികള്‍ ഊന്നല്‍ നല്കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ശക്തമായ നീരിക്ഷണവും നടപടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുണ്ടായാല് 300 ദിര്‍ഹം പിഴ ഈടാക്കും. ആര്‍ടിഎ വ്യക്തമാക്കിയ സാങ്കേതിക നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. മോശമായ രീതിയില്‍ ആരെങ്കിലും ഇസ്കൂട്ടറുകള്‍ ഓടിച്ചാല്‍ 901 നമ്പറില്‍ വിളിച്ച് പരാതിപ്പെടാം. ദുബൈ അപകടരഹിത സൈക്കിള്‍ സൗഹൃദ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ടിഎ വ്യക്തമാക്കി.