നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
‘സഞ്ചാരികളെ, ഇതിലെ ഇതിലെ’… ദുബൈ നഗരം ഇതാ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. വര്‍ണ്ണാഭമായ കാഴ്ചകളും മതിവരാത്ത കൗതുകങ്ങളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് മിഴി തുറന്നു. ലോകത്തിന്റെ മനോഹാരിത ദുബൈ നഗരത്തിലേക്ക് ചുരുങ്ങുന്ന അപൂര്‍വ കാഴ്ച. നീണ്ട ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകളും ഒരുക്കങ്ങളും കാത്തിരിപ്പും ഫെസ്റ്റിവല്‍ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. ഡിസംബര്‍ 6 വെള്ളിയാഴ്ച ആരംഭിച്ച ഫെസ്റ്റിവലില്‍ അതിഗംഭീര കാഴ്ചാ വിരുന്നാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 30 വര്‍ഷത്തെ ഫെസ്റ്റിവല്‍ ഓര്‍മ്മകളെ ചേര്‍ത്തു നിര്‍ത്തി 30ആം പതിപ്പ് അതിമനോഹരമായി അടയാളപ്പെടുത്തിക്കൊണ്ട് ഇത്തവണ വാര്‍ഷിക ഉത്സവം ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ജനുവരി 12 വരെ 38 ദിവസം നീണ്ടു നില്ക്കുന്ന ഈ വ്യാപാരോത്സവം രണ്ട് തീമുകളായാണ് അവതരിപ്പിക്കുന്നത്. ഷോപ്പിംഗ് മാമാങ്കത്തിന്റെ കഴിഞ്ഞ 30 വര്‍ഷത്തെ പാരമ്പര്യം പ്രകടമാക്കുന്ന പ്രത്യേക പരിപാടികള്‍ ഉള്‍പ്പെട്ടതാണ് ആദ്യത്തെ തീം.
ഡിസംബര്‍ 26 വരെയുള്ള ആദ്യ തീമിന് ‘ഡിഎസ്എഫ് ലഗസി’ എന്നാണ് പേരിട്ടിരിക്കുന്നത്. 27 മുതല്‍ ജനുവരി 12 വരെയാണ് രണ്ടാമത്തെ തീം. ഐകണിക് ലാന്റ് മാര്‍ക്കുകളുടെ 2ഡി, 3ഡി ഡ്രോണ്‍ രൂപങ്ങളുടെ പ്രദര്‍ശനമാണ് ഇതില്‍ പ്രധാനം. രണ്ടു തീമുകളിലായി ആകര്ഷകമാര്ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണ്‍ പ്രദര്‍ശനവും, വെടിക്കെട്ടും, കൈനിറയെ സമ്മാനങ്ങളും ഫെസ്റ്റിവലിന്റെ ജനപ്രീതി വര്‍ധിപ്പിക്കുകയാണ്. 1000 ഡ്രോണുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ദിവസവും രണ്ട് തവണയാണ് ഡ്രോണ്‍ പ്രദര്‍ശനം. ബ്ലൂ വാട്ടേഴ്സ് ഐലന്റിലും ജെബിആറിലുമായി രാത്രി എട്ടിനും 10നുമാണ് ഡ്രോണ്‍ ഷോ. വെടിക്കെട്ടും ഡ്രോണ്‍ ഷോയും സംയോജിപ്പിച്ചുള്ള പരിപാടിയും ആവേശകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ദുബൈയുടെ പ്രധാന ലാന്റ് മാര്‍ക്കുകളുടെ ത്രിമാന രൂപങ്ങളും ഡ്രോണുകള്‍ പ്രദര്‍ശിപ്പിക്കും. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ദിവസേന രാത്രി 9.15നും ഹത്തയില്‍ വാരാന്ത്യങ്ങളില്‍ രാത്രി 8 മണിക്കും സൗജന്യമായി വെടിക്കെട്ട് ആസ്വദിക്കാം. മാത്രമല്ല, നഗരപാതകളില്‍ ഉത്സവ പ്രതീതി നിലനിര്‍ത്തിക്കൊണ്ട് ദുബൈ ലൈറ്റ്സ് ഒട്ടേറെ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ അവതരിപ്പിക്കുന്നുണ്ട്. ബ്ലൂ വാട്ടേഴ്സ് ദ്വീപ്, അല്‍ സീഫ്, ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട്, അല്‍ മര്‍മൂം, കൈറ്റ് ബീച്ച്, സിറ്റി വാക്ക്, ഹത്ത എന്നിവിടങ്ങളില്‍ ലോക പ്രശസ്ത കലാകാരന്മാര് അണിനിരക്കുന്ന കലാപരിപാടികളും ആസ്വാദകരെ വരവേല്‍ക്കുന്നു. ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബൈയില്‍ പുതുവര്‍ഷാഘോഷ പരിപാടികളും നടക്കും. അല്‍ മര്‍മൂമില്‍ ഔട്ട്ഡോര്‍ സിനിമ, മ്യൂസിക് നൈറ്റുകള്‍ തുടങ്ങിയ ആകര്‍ഷക പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്ത് ജനുവരി 3 മുതല്‍ 12 വരെ പ്രത്യേക കലാവിരുന്ന് അരങ്ങേറുക.
ആയിരത്തിലധികം അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകള്‍ അണി നിരക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ മേളയാണ് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍. വന്‍ വിലക്കുറവില്‍ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഫെസ്റ്റിവലിലൂടെ സാധ്യമാകുന്നത്. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ സന്ദര്‍ശകര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. നറുക്കെടുപ്പിലൂടെ നിസാന്‍ എക്സ് ട്രെയില്‍, നിസാന്‍ എക്സ്ട്രാ, നിസാന്‍ കിക്സ്, നിസാന്‍ അള്‍ട്ടിമ, നിസാന്‍ സഫാരി എന്നീ കാറുകള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹവും സ്വന്തമാക്കാം. ദുബൈയിലെ ഇനോക സര്‍വീസ് സ്റ്റേഷനുകളിലും സൂം സ്റ്റോറുകളിലും, ഗ്ലോബല്‍ വില്ലേജിലും നറുക്കെടുപ്പിന്റെ ടിക്കറ്റുകള്‍ ലഭ്യമാകും. 100 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. ഗ്രാന്റ് നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് 30 ലക്ഷം ദിര്‍ഹം ലഭിക്കും. 30 ആം പതിപ്പിന്റെ ഭാഗമായാണ് ഇത്തവണ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ തുക സമ്മാനമായി നല്‍കുന്നത്. ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പിലൂടെ 15 ലക്ഷം ദിര്‍ഹവും 20 കിലോയിലേറെ സ്വര്‍ണവും സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടാതെ പ്രതിദിന നറുക്കെടുപ്പിലൂടെ 10,000 ദിര്‍ഹം, ആഢംബര വാഹനങ്ങള്‍, 10 ലക്ഷം സ്കൈവാര്‍ഡ് പോയന്റുകള്‍ എന്നിവയും നേടാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിസ്മയം കാണാനും മികച്ച ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുമായി ദുബൈയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.