കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : അന്താരാഷ്ട്ര വളണ്ടിയര്‍ ദിനമായ ഇന്നലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദുബൈ,താമസ കുടിയേറ്റ വകുപ്പിന്റെ ആദരം. അല്‍ ജാഫ്ലിയയിലെ പ്രധാന ഓഫീസില്‍ നടന്ന പരിപാടിയില്‍ ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ ഹെസ്സ ബിന്ത് ഇസ്സ ബുഹുമൈദ്,ദുബൈ താമസ,കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി,ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍,വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അസിസ്റ്റന്റ് ഡയരക്ടര്മാര്, ജീവനക്കാര്‍,മലയാളികള്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു
വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജീവനക്കാരെയും പൊതുമാപ്പ് കേന്ദ്രങ്ങളില്‍ സേവനം ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയും ചടങ്ങില്‍ ആദരിച്ചു. രാജ്യത്തെ ആദ്യ വളണ്ടിയര്‍ ലൈസന്‍സ് പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്കും പ്രത്യേകം ആദരം നല്കി. 2018ല്‍ തുടക്കംകുറിച്ച ജിഡിആര്‍എഫ്എയുടെ സന്നദ്ധ സേവന പ്രവര്‍ത്തന നേട്ടങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ താമസ,കുടിയേറ്റ വകുപ്പ് 92 സ്വയംസേവന പദ്ധതികള്‍ നടപ്പാക്കിയതായി മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
ഇതില്‍ 3073 ജീവനക്കാര്‍ പങ്കെടുക്കുകയും അവര്‍ 42,730 മണിക്കൂര്‍ സേവനങ്ങള്‍ നടത്തുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. സന്നദ്ധ സേവനം മനുഷ്യ നന്മയുടെയും സുസ്ഥിരവികസനത്തിന്റെയും അടിത്തറയാണെന്നും ലഫ്.ജനറല്‍ അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു. പ്ലാന്റ് യുഎഇ ദേശീയ പരിപാടിയുടെ ഭാഗമായി അധികൃതര്‍ ഓഫീസ് പരിസരത്ത് ഗാഫ് മരങ്ങള്‍ നട്ടു. ജിഡിആര്‍എഫ്എയുടെ വളണ്ടിയര്‍ നേട്ടങ്ങളുടെ പ്രദര്‍ശനങ്ങളും വിവിധ പദ്ധതികളും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.