
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: റമസാനില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെയും ഡോ. കെ.പി ഹുസൈന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പേരില്‍ ഡോ. കെ. പി ഹുസൈന് 3 കോടി രൂപ സംഭാവന നല്കി. പാവപ്പെട്ട രോഗികള്‍ക്ക് അത്താണിയായി മാറിയിട്ടുള്ള കോഴിക്കോട് ഡോ.അന്‍വറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്റഅ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന് ഒരു കോടി രൂപ സംഭാവന നല്കി. ആശുപത്രിയിലെ 13 ഔട്ട്പേഷ്യന്റ് വകുപ്പുകള്‍ വിപുലീകാരിക്കുന്നതിനാണ് ഈ തുക നല്‍കിയതെന്ന് ഡോ.കെ പി ഹുസൈന് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിലൂടെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക്, ഗുണനിലവാരമുള്ള ആരോഗ്യസേവനം സൗജന്യമായി ലഭ്യമാക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും ഡോ. ഹുസൈന് അറിയിച്ചു.
വയനാട്ടിലെ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സ്ഥിരമായ ഒരു താമസസ്ഥലം നല്‍കുക എന്ന ലക്ഷ്യത്തോടെ 40 ലക്ഷം രൂപയ്ക്ക് 98 സെന്റ് ഭൂമി വാങ്ങി ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറിയതായി ഡോ.ഹുസൈന് അറിയിച്ചു. ദുരന്തത്തില്‍ വീട് നഷ്ടമായ 20 പേര്‍ക്ക് ഇവിടെ വീട് വെച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത മാസം നിര്‍മാണം തുടങ്ങും. ഒന്‍പത് മാസം കൊണ്ട് 15 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നേമുക്കാല്‍ സെന്റ് സ്ഥലത്തായിരിക്കും ഒരു വീട് നിര്‍മിക്കുന്നത്. ഇതോടൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഇതിനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞെന്നും ഡോ.ഹുസൈന് അറിയിച്ചു. സര്‍ക്കാരിന്റെ ഗുണഭോക്തൃ പട്ടികയ്ക്ക് പുറത്തുള്ളവര്‍ക്കാണ് ഭവനങ്ങള്‍ നല്‍കുകയെന്നും ഇവരുടെ ലിസ്റ്റ് സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. ഹുസൈന്റെ ജന്മനാടായ തിരൂരിലുള്ള സി.എച്ച് സെന്ററിലെ അഞ്ച് നില കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ഡോ. ഹുസൈന് ചാരിറ്റബിള്‍ ട്രസ്റ്റ് 68 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടത്തിന്റെ ഒരു നിലയില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും വഹിക്കുന്നതിന്റെ ഭാഗമായാണ് ഈ തുക നല്‍കിയത്. അര്‍ഹരായവര്‍ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കും ഡയാലിസിസും കാന്‍സര്‍ ചികിത്സകളും മരുന്നുകളും സി.എച്ച് സെന്റര്‍ പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കുന്നത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബിന് വേണ്ടി തിരുമ്പാടിയില്‍ 8 ഏക്കര്‍ ഭൂമി വാങ്ങുന്നതിന് 58 ലക്ഷം രൂപ നല്‍കിയതായും ഡോ.ഹുസൈന് അറിയിച്ചു. നാഡീ വൈകല്യമുള്ളവര്‍, ട്രോമ ഇരകള്‍ എന്നിവര്‍ക്കായാണ് പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നത്. ഈ കേന്ദ്രം പൂര്‍ത്തിയാവുന്നതോടെ ഇങ്ങനെയുള്ളവരുടെ ജീവിതത്തില്‍ ശാശ്വതമായ മാറ്റം വരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബിന്റെ ചെയര്മാന് കൂടിയായ ഡോ.ഹുസൈന് അറിയിച്ചു.