
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: കെട്ടിട വാടക കരാര്‍ റദ്ദ് ചെയ്യുന്നതില്‍ അലസ സമീപനം സ്വീകരിച്ച് നിരവധി പേര് നിയമക്കുരുക്കിലായി. നഗരസഭ എഗ്രിമെന്റ് ചെയ്ത ഫ്ലാറ്റ്, ഷോപ്പ് മുറി വാടക സംബന്ധമായ കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രതിസന്ധിയില്‍. ഇതില്‍ പലരുടെയും നാട്ടിലേക്കുള്ള യാത്രയടക്കം മുടങ്ങി കിടക്കുന്നു. കുടുംബ സമേതം കഴിയുന്നവരുമുണ്ട് കൂട്ടത്തില്‍. കേസും പൊല്ലാപ്പുമായി മക്കളുടെ പഠനമടക്കം മുടങ്ങിയ സാഹചര്യവുമുണ്ട്.
വാടക ഫ്ളാറ്റില്‍ നിന്നും താമസം ഒഴിയുന്നതോടെ രക്ഷപ്പെട്ടു എന്ന് കരുതി മറ്റു റൂമുകളിലേക്ക് ചേക്കേറിയവര്‍ക്ക് നാട്ടിലേക്കുള്ള യാത്ര സമയത്തും മറ്റുമാണ് കഴുത്തില്‍ നിയമക്കുരുക്ക് വീണ വിവരമറിയുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും ആശ്വാസം കിട്ടാന്‍ സ്വന്തം ഫ്ളാറ്റ് മറ്റൊരാള്‍ക്ക് മറിച്ചു വാടകക്ക് നല്കി, കുടുസ്സു മുറികളിലേക്ക് ഒതുങ്ങിയവരും കുടുക്കിലായ അനുഭവവുമുണ്ട്. താമസത്തിനെടുത്തവര് യഥാസമയം വാടക തുക നല്‍കാതെ പറ്റിച്ചതാണ് കാരണം. വ്യക്തിഗത രേഖകളും ബാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ ഗ്യാരണ്ടിയും നല്‍കിയാണ് കെട്ടിട ഉടമകളില്‍ നിന്ന് നേരിട്ടോ, റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ മുഖേനയോ താമസത്തിന് ഫ്ളാറ്റുകളെടുക്കുന്നത്. ജോലി നഷ്ടപ്പെടുക പോലുള്ള കാരണത്താല്‍ വരുമാനം നിലക്കുകയോ കുറയുകയോ ചെയ്താല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ഫ്ളാറ്റൊഴിവാക്കി താമസം മാറുന്ന പ്രവണതയാണ് നടപടികള്‍ ക്ഷണിച്ച് വരുത്തുന്നത്.
കോവിഡ് 19 വ്യാപന കാലത്തിന് ശേഷമാണ് ഇത്തരം കേസുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നത് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടും, വരുമാന മാര്‍ഗങ്ങള്‍ നിലച്ചും നില്‍ക്കകള്ളിയില്ലാതായതോടെ സ്വന്തം പേരില്‍ വാടക കരാറുകളുണ്ടാക്കിയ ഫ്ളാറ്റുകള്‍ പലരും ഉപേക്ഷിച്ചു. വാടക കുടിശ്ശിക സംബന്ധമായി റിയല്‍ എസ്റ്റേറ്റ്, കെട്ടിട ഉടമകളുമായി ധാരണയുണ്ടാക്കാതെ ഫ്ളാറ്റ് വിട്ടു പലരും. ഇതോടെ റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ നഗരസഭയില്‍ പരാതി നല്കുന്നു. പരാതി അധികൃതരുടെ മുന്നിലെത്തിയാല്‍ നഗരസഭയുടെ വാടക നിയന്ത്രണ ഡിപ്പാര്‍ട്ട്മെന്റിലെ തര്‍ക്ക മധ്യസ്ഥ വിഭാഗത്തിലൂടെ കെട്ടിട ഉടമകള്‍ക്കും വാടകക്കാര്‍ക്കും പ്രശ്നം പരിഹരിക്കുന്നതിനുള്ള അവസരമുണ്ട്. ഈ ആനുകൂല്യവും ഉപയോഗപ്പെടുത്താതെ വരുന്നതോടെ തര്‍ക്കം കോടതി നടപടികളിലേക്ക് മാറ്റുന്നു.
ഫ്ളാറ്റുകള്‍ ഒഴിഞ്ഞാല്‍ കെട്ടിട ഉടമയുടെ, റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് താമസക്കാരന് കൈപറ്റണം. അതിന് വാടക കുടിശ്ശിക ഉള്‍പ്പെടെ മുഴുവന്‍ ബാധ്യതയും അടച്ച് തീര്‍ത്തിരിക്കേണ്ടതുണ്ട്. ഈ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് നഗരസഭയില്‍ നിന്നും വാടക കരാര്‍ റദ്ദ് ചെയ്യേണ്ടത്. മാത്രമല്ല, ഇത്തരത്തില്‍ വാടക കരാര്‍ റദ്ദാക്കിയാല്‍ മാത്രമേ പ്രസ്തുത ഫ്ളാറ്റ് മറ്റൊരാള്‍ക്ക് എഗ്രിമെന്റ് ചെയ്ത് വാടകയ്ക്ക് നല്കാന് കെട്ടിട ഉടമക്ക് നഗരസഭ അനുവാദം നല്‍കൂ. ഇതാണ് കെട്ടിട ഉടമകളെ കേസ് നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാക്കുന്നത്. കേസ് നീണ്ട് പോയാല്‍ അത്രയും സമയത്തെ വാടകയും താമസക്കാരന്റെ തലയില്‍ വന്ന് ചേരും. ഇങ്ങിനെ മൂന്നും നാലും വര്‍ഷത്തെ വാടക സംഖ്യ കുടിശ്ശികയായവരും നിരവധി. ഫ്ളാറ്റുകളില്‍ നിന്നും മാറിയതിനാല്‍ ഉപയോഗിക്കാത്ത മാസങ്ങളിലെ വാടക സംഖ്യയും കുടിശ്ശികയായി തലയില്‍ വരുന്ന അവസ്ഥ. സമാന രീതിയില്‍ ഷോപ്പ് മുറികളുടെ കാരണത്താല്‍ കേസില്‍ പ്രതികളായവരും ഏറെ. ഷോപ്പ് അടച്ചിട്ട് പോയതല്ലാതെ വാടക കരാറുകള്‍ കാന്‍സല്‍ ചെയ്തിരുന്നില്ല. സാമ്പത്തിക ഞെരുക്കമാണ് ഇങ്ങിനെ പലരെയും ഫ്ളാറ്റുകളും ഷോപ്പുകളും പാതിവഴിയിലിട്ട് മുങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്.
കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായതിനെ തുടര്‍ന്ന് വാടക കുടിശ്ശിക ബാക്കിവെച്ച്, താമസ വാടക കരാര്‍ റദ്ദാക്കാതെ നാട് പിടിച്ചു പലരും. വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിത മാര്‍ഗം തേടി യുഎഇ വിമാനത്താവളത്തില്‍ വീണ്ടും ഇറങ്ങിയ ഇവരെ നേരെ ജയിലിലേക്കാണ് കൊണ്ട് പോയത്. ഓരോ ദിവസവും നിരവധി പേരാണ് ഫ്ളാറ്റ് കേസില്‍ എയര്‍പോര്‍ട്ടില്‍ പിടിയിലാവുന്നത്. ഇങ്ങിനെയുള്ള പലരുടെയും വാടക കുടിശ്ശിക ലക്ഷം ദിര്‍ഹമിനും മുകളിലാണ്. വാടക തര്‍ക്ക കേസുകളില്‍ ഒരുവിധ ഒത്തു തീര്‍പ്പിനും റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളും കെട്ടിട ഉടമകളും സന്നദ്ധരാവുന്നില്ല. യാതൊരു വിട്ടു വീഴ്ചയുമില്ല എന്ന ഉറച്ച നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. നിയമ നടപടി നീണ്ട് പോവുന്ന വര്‍ഷങ്ങളത്രയും ഫ്ളാറ്റുകള്‍ മറ്റൊരാള്‍ക്ക് മറിച്ചു നല്കാനാവാതെ ഒഴിച്ചിടേണ്ടി വരുന്നതാണ് കെട്ടിട ഉടമകളെ നിലപാട് കര്‍ശനമാക്കാന്‍ പ്രേരിപ്പിക്കുന്നത്.