കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
സാമ്പത്തിക നേട്ടത്തിനായാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവാസ ലോകത്തേക്ക് കുടിയേറുന്നത്. എന്നാല്‍ യുഎഇയില്‍ താല്‍ക്കാലിക സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവരില്‍ ഭൂരിഭാഗവും വലിയ കടക്കെണിയിലാണ് അകപ്പെടുന്നത്. ബാങ്കുകളുടെ ആകര്ഷകമാര്ന്ന വായ്പാ പരസ്യങ്ങള്‍ കണ്ടും താല്കാലികാവശ്യങ്ങള് മുന്‍നിര്‍ത്തിയും ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. മറ്റുള്ളവരെ അപേക്ഷിച്ച് വായ്പയെടുക്കാനുള്ള മലയാളികളുടെ പ്രവണത ധനകാര്യ സ്ഥാപനങ്ങള്‍ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. ഇടത്തരക്കാരാണ് ഇത്തരം വായ്പകളുടെ മുഖ്യ ഉപഭോക്താക്കള്‍. ഓരോ മാസവും ശമ്പളത്തന്റെ മുക്കാല്‍ ഭാഗവും ക്രെഡിറ്റ് കാര്‍ഡുകളുടെ പിഴയടക്കേണ്ടി വരുന്ന നല്ലൊരു ശതമാനം മലയാളികള്‍ യുഎഇയിലുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, മറ്റ് വായ്പാ കമ്പനികള്‍ എല്ലാം ലക്ഷ്യമിടുന്നത് ഇത്തരക്കാരെയാണ്. വായ്പകളെ ഒരു ഉല്പന്നമെന്ന നിലയ്ക്ക് ആകര്‍ഷകമായാണ് ബാങ്കുകള്‍ അവതരിപ്പിക്കുന്നതും. വരുമാനത്തിന്റെ ഒന്നരയോ രണ്ടോ ഇരട്ടി വായ്പാ സൗകര്യമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കീശ കീറും എന്ന കാര്യത്തില്‍ സംശയമില്ല. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാനുള്ള മാനദണ്ഡങ്ങള്‍ ലഘുവാണ് എന്നതും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കുറഞ്ഞത് 2,500 ദിര്‍ഹമെങ്കിലും പ്രതിമാസം ഉള്ളവര്‍ക്കാണ് നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക.
എന്നാല്‍ പരിശോധന സംവിധാനങ്ങള്‍ കര്‍ശനമല്ലാത്തതിനാല്‍ ആര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്ന സാഹചര്യമാണ്. നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങിക്കൂട്ടി വായ്പയെടുത്ത ഒരു മലയാളി കുടുംബം ദുബൈയില്‍ കൂട്ട ആത്മഹത്യ ചെയ്യേണ്ടി വന്നത്, അശ്രദ്ധമായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പു കൂടിയായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പലരും ഇത് മനസിലാക്കതെയാണ് അനിയന്ത്രിതമായി കാര്‍ഡ് ഉപയോഗിക്കുന്നത്. ഒരിക്കല്‍ എടുത്ത വായ്പ അടച്ചു തീരുന്നതു വരെ ആദ്യ ബാലന്‍സ് തുകയ്ക്ക് മുഴുവനും പലിശ നല്‍കണം എന്ന എന്ന യാഥാര്‍ത്ഥ്യം മിക്കവരും തിരിച്ചറിയാന്‍ ഒരുപാട് വൈകുന്നതും പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നു. സാധാരണഗതിയില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് ധനകാര്യ സ്ഥാപനങ്ങള്‍ പലിശ ഈടാക്കുന്നത്, അതായത് വര്‍ഷത്തില്‍ 24 മുതല്‍ 36 വരെ. ഇതു കൂടാതെ തുക അടയ്ക്കാന്‍ വൈകിയാല്‍ പിഴ, ക്രെഡിറ്റ് പരിധി കഴിഞ്ഞാല്‍ പിഴ, തുടങ്ങി വന്പിഴകളാണ് ഓരോ ഉപഭോക്താവിനെയും കാത്തിരിക്കുന്നത്. ദീര്‍ഘകാല വായ്പാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒന്നല്ല ക്രെഡിറ്റ് കാര്‍ഡ് എന്ന അജ്ഞതയാണ് ഭൂരിഭാഗം പ്രവാസികളെയും പിഴയുടെ ഊരാക്കുടുക്കിലേക്ക് തള്ളിയിടുന്നത്. അതുകൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യ വാചകങ്ങളില്‍ വീണു പോകാതിരിക്കാന്‍ ഓരോ പ്രവാസിയും ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.