കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : മയക്കുമരുന്ന് വിതരണം ചെയ്ത കുറ്റത്തിന് യുവതിക്ക് ദുബൈ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷിച്ചു. ദുബൈയില്‍ താമസിക്കുന്ന 30 വയസ്സുള്ള യുവതിയെ, പരിചയക്കാരനായ ഒരു പുരുഷന് സൗജന്യമായി ആംഫെറ്റാമൈന്‍, മെത്താംഫെറ്റാമൈന്‍ എന്നീ രണ്ട് സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ നല്‍കിയതിനാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 2024 ഏപ്രില്‍ 2 ന് ദുബൈയിലെ സത്വ മേഖലയില്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ദുബൈ പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന് സൂചന ലഭിച്ചതോടെയാണ് കേസിന്റെ തുടക്കം. ഇയാള്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. സമഗ്രമായ അന്വേഷണത്തെത്തുടര്‍ന്ന് സംശയിക്കുന്നയാളെ അറസ്റ്റുചെയ്യാനും വസതിയില്‍ പരിശോധന നടത്താനും വാഹനം പരിശോധിക്കാനും പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനായി ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് കൈമാറി. വ്യക്തിയില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളില്‍ ആംഫെറ്റാമൈന്‍, മെത്താംഫെറ്റാമൈന്‍ എന്നിവ ഉപയോഗിച്ചതായി വ്യക്തമായി. ഇവ രണ്ടും യുഎഇ നിയമപ്രകാരം നിയന്ത്രിത സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളാണ്. ചോദ്യം ചെയ്യലില്‍, ലഹരിവസ്തുക്കള്‍ കഴിച്ചതായി ഇയാള്‍ സമ്മതിക്കുകയും പ്രതിയായ സ്ത്രീയില്‍ നിന്ന് സൗജന്യമായി വാങ്ങിയതായി വെളിപ്പെടുത്തുകയും ചെയ്തു.
രണ്ട് തവണയായി യുവതിയില്‍ നിന്ന് മയക്കുമരുന്ന് സ്വീകരിച്ചതായി ഇയാള്‍ സമ്മതിച്ചു. ഇയാളുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ നാല് പാക്കറ്റ് ക്രിസ്റ്റല്‍ മെത്ത് കണ്ടെത്തി. മയക്കുമരുന്ന് കേസില്‍ യുവതി നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലായിരുന്നു. യുവതി കുറ്റം നിഷേധിച്ചുവെങ്കിലും കോടതി തള്ളിക്കളഞ്ഞു. യുവതിക്ക് അഞ്ച് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ കഴിഞ്ഞ് യുഎഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടു.