കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : ശൈത്യ രാവുകളില്‍ മരൂഭൂമിക്കുള്ളില് എത്തുന്നവര്‍ക്ക് ഷാര്‍ജ പൊലീസ് വക ഡെസര്‍ട്ട് പാര്‍ക്ക്. വിനോദവും വിജ്ഞാനവും കായികോല്ലാസവും ഒരുക്കി വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് മരുഭൂമിയിലെ ഈ ഉത്സവ കേന്ദ്രം. അല്‍ ബത്തായ മേഖലയിലെ അല്‍ കാഹിഫ് പ്രദേശത്താണ് പൊലീസ് ഡെസര്‍ട്ട് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. രാത്രികാലം ചെലവഴിക്കുന്നതിന് നൂറുക്കണക്കിന് പേരാണ് ഇവിടേക്ക് എത്തുന്നത്. പൊലീസും പൊതുജനവും തമ്മിലുള്ള ബന്ധം സൗഹൃദപരമാക്കലും ക്രിയാത്മക ആശയവിനിമയം സാധ്യമാക്കലുമാണ് ഡെസര്‍ട്ട് പാര്‍ക്ക് കൊണ്ട് ഷാര്‍ജ പൊലീസ് ഉദ്ദേശിക്കുന്നത്. വിനോദവും സാമൂഹിക അവബോധവും സുരക്ഷിതത്വവും സംയോജിപ്പിക്കുന്ന വിനോദ പരിപാടികളാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്.
കുടുംബങ്ങള്‍ക്കുള്‍പ്പെടെ എല്ലാ പ്രായത്തിലുമുള്ള പൊതുജനങ്ങള്‍ക്കായി ഷാര്‍ജ പൊലീസ് സംഘടിപ്പിക്കുന്ന പ്രധാന ജനസൗഹൃദ സംരംഭങ്ങളിലൊന്നാണ് ഡെസര്‍ട്ട് പാര്‍ക്കെന്ന് റിസോഴ്സസ് ആന്റ് സപ്പോര്‍ട്ട് സര്‍വീസസ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഇബ്രാഹീം ബിന്‍ നാസര്‍ പറഞ്ഞു. പാര്‍ക്ക് ഒരു വിനോദസ്ഥലം മാത്രമായി പരിമിതപ്പെടുന്നില്ല. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സമൂഹത്തിലെ വിശ്വാസവും പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനും ആകര്‍ഷകമായ അന്തരീക്ഷത്തില്‍ സുരക്ഷാവബോധം പ്രചരിപ്പിക്കുന്നതിനുള്ള നൂതന പ്ലാറ്റ്ഫോം കൂടിയാണ് ഡസര്‍ട്ട് പാര്‍ക്കെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ ദിവസവും വൈകുന്നേരം നാലു മണിക്കാണ് പൊലീസ് ഡെസര്‍ട്ട് പാര്‍ക്ക് തുറക്കുക. രാത്രി 11ന് സമാപിക്കും. ശൈത്യകാല മരുഭൂമിയുടെ അന്തരീക്ഷത്തിനിടയില്‍ വിവിധ കായിക അഭ്യാസങ്ങളും സാഹസികതകളും ആസ്വദിക്കാന്‍ വരും ദിവസങ്ങളില്‍ ഇവിടെ ജനത്തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വിഭാഗം ജനതയുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിപുലമായ സൗകര്യങ്ങളും പാര്ക്കിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഗെയിം കോര്‍ണറുകള്‍, കുടുംബങ്ങള്‍ക്കുള്ള ഇടങ്ങള്‍,സുരക്ഷയും കമ്മ്യൂണിറ്റി ഇവന്റുകളും നടത്തുന്നതിനുള്ള തിയേറ്ററും ഇവിടെ സംവിധാനിച്ചിട്ടുണ്ട്.
മണലിലൊരുക്കിയ കളിസ്ഥലങ്ങളും പൈതൃക ഗ്രാമവും വിനോദയിടവും വന്‍ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. രാഷ്ട്ര പൈതൃകം പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും ഈ ദേശീയോദ്യാനത്തെ വ്യത്യസ്തമാക്കുന്നു. റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ച് ചരിത്രപരമായ ശൈലിയില്‍ നിര്‍മിച്ച,100 പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള പ്രാര്‍ത്ഥനാ ഹാള്‍ ഏറെ കമനീയവും ശ്രദ്ധേയവുമാണ്. തണുപ്പ് നാളുകളില്‍ സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ബാര്‍ബിക്യൂ പാചകത്തിന് പുറമെ റെസ്റ്റാറന്റ് ഏരിയയും പൊലീസ് ഡെസര്‍ട്ട് പാര്‍ക്കില്‍ ഉള്‍പ്പെടുന്നു.