റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
ദുബൈ: യുഎഇയിലുള്ള പ്രവാസികള്‍ക്ക് പരിചിതമായ ഇ-ഗേറ്റ് സംവിധാനം ആദ്യമായി ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാര്ക്കും മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന ഒസിഐ യാത്രക്കാര്‍ക്കും ഈ സംവിധാനം ഉപയോഗിക്കാം. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം ഡല്‍ഹിയിലെ ടെര്‍മിനല്‍ 3 ല്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോമേറ്റഡ് ഗേറ്റുകളിലൂടെ ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കി യാത്ര വേഗത്തിലാക്കാം. എല്ലാ യാത്രക്കാര്‍ക്കും ഈ സൗകര്യം സൗജന്യമായി ലഭ്യമാകും. അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി വേഗമേറിയതും സുഗമവും സുരക്ഷിതവുമായ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പരിപാടി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാര്ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും രണ്ടാം ഘട്ടത്തില്‍ വിദേശ യാത്രക്കാര്‍ക്കും പരിരക്ഷ ലഭിക്കും. രാജ്യത്തെ 21 പ്രധാന വിമാനത്താവളങ്ങളില്‍ എഫ്ടിഐടിടിപി ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡല്‍ഹി വിമാനത്താവളത്തിനൊപ്പം മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നീ ഏഴ് പ്രധാന വിമാനത്താവളങ്ങളിലാണ് ഇത് ആരംഭിക്കുന്നത്.