സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
ദാറുൽ ഹുദാ റൂബി ജൂബിലി : ദുബൈ ഫീഡർ കോൺഫറൻസ് പ്രൗഢമായി സമാപിച്ചു
ദുബൈ: വിജ്ഞാന പ്രസരണ പ്രബോധന രംഗത്ത് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ.ഇന്ത്യയ്ക്കകത്തും പുറത്തുമായി ഭൂഖണ്ഡങ്ങൾ കടന്നുള്ള വിദ്യാഭ്യാസ ജാഗരണ മുന്നേറ്റങ്ങൾക്ക് സ്വാതികരായ ഉലമാക്കളുടെയും ഉമറാക്കളുടെയും സമന്വയഭാവമാണ് പിറവി നൽകിയത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു സമൂഹത്തിന്റെ ഉത്ഥാനവും ധാർമിക ബോധവും സാധ്യമാവുകയുളളൂ. സമുദായിക ശാക്തീകരത്തിനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സുന്നത് ജമാഅഅത്ത് ആദർശ പ്രചരണത്തിനും ദാറുൽ ഹുദായിലൂടെ ശക്തി പകരണമെന്ന്് തങ്ങൾ കൂട്ടിച്ചേർത്തു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി റൂബി ജൂബിലിയോടനുബന്ധിച്ച് ദുബൈയിൽ സംഘടിപ്പിച്ച ഫീഡർ കോൺഫറൻസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ദുബൈ അൽ ഖിസൈസ് വുഡ്ലേം പാർക്ക് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഷൗക്കത്തലി ഹുദവി സ്വാഗതം പറഞ്ഞു.
ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ അനുഗ്രഹ ഭാഷണം നടത്തി. ദഅ്വത്ത്: ‘ദാറുൽ ഹുദാ തുറന്ന പുതുവഴികൾ’ എന്ന വിഷയം ദാറുൽ ഹുദാ പുങ്കനൂർ സെന്റർ പ്രിൻസിപ്പാൾ ശറഫുദ്ദീൻ ഹുദവി അവതരിപ്പിച്ചു. ‘പണ്ഡിത ധർമം ഉന്നത മാതൃകകൾ’ എന്നതിനെ ആസ്പദിച്ച് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹാദിയ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ. ഹാരിസ് ഹുദവി ഹാദിയ വിഷൻ പദ്ധതികൾ അവതരിപ്പിച്ചു.
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി സമാപന സന്ദേശം നൽകി.
സഫാരി സൈനുൽ ആബിദീൻ, അബ്ദുൽ റഹ്മാൻ തങ്ങൾ, ശു ഐബ് തങ്ങൾ, അൻവർ നഹ, ഇ കെ മൊയ്തീൻ ഹാജി, ടി കെ സി അബ്ദുൽ ഖാദിർ ഹാജി, സുലൈമാൻ ഹാജി, അലവിക്കുട്ടി ഫൈസി, ശിഹാബുദ്ദീൻ തങ്ങൾ ബാഅലവി, അബ്ദുൽ ബാഖി, അബ്ദുൽ ഹകീം തങ്ങൾ, അബ്ദുൽ റസാഖ് വളാഞ്ചേരി, സഈദ് തളിപ്പറമ്പ് തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു..
രാവിലെ നടന്ന ഹുദവീസ് ഹെറാർഡിൽ അബൂബക്കർ ഹുദവി, ഡോ. ഹാരിസ് ഹുദവി, ജഅ്ഫർ ഹുദവി ബംഗളത്ത് എന്നിവർ സംസാരിച്ചു. ഉച്ചക്ക് 2 മണിക്ക് നടന്ന സെമിനാറിൽ അബ്ദുർറശീദ് ഹുദവി ഏലംകുളം വിശ്വാസിയുടെ യുക്തിയും സ്വാതന്ത്ര്യവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ പങ്കെടുത്തു. ദുബൈ, അബൂദാബി ഹാദിയ സെന്ററുകളിലൂടെ സിബിഐഎസ് കോഴ്സ് പൂർത്തിയാക്കിയ 45 പഠിതാക്കൾക്കുള്ള സനദ് ദാനം ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി നിർവ്വഹിച്ചു. വൈകുന്നേരം 6 മണിക്ക് നടന്ന പ്രാർത്ഥനാ സംഗമത്തിൽ മൺമറഞ്ഞ സമസ്ത, ദാറുൽ ഹുദാ നേതാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന സംഗമത്തിന് സയ്യിദ് അബ്ദുൽ ഹകീം തങ്ങൾനേതൃത്വം നൽകി.