
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
പൊതു ഇടങ്ങളിലേക്ക് സ്ത്രീകള് ഇറങ്ങരുതെന്നത് പിന്തിരിപ്പന് നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്ക്ക് സമൂഹത്തില് പിടിച്ചു നില്ക്കാനാവില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്ശനം.
കോഴിക്കോട്: സ്ത്രീപുരുഷ സമത്വം സംബന്ധിച്ച കാന്തപുരം എപി അബൂബക്കര് മുസ്ല്യാരുടെ വാദങ്ങളില് തട്ടി ആടിയുലയുകയാണ് സംസ്ഥാന സിപിഎം നേതൃത്വം. അന്യ പുരുഷന്മാരുമായി ഇടകലര്ന്ന് സ്ത്രീകള് വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള് ഇറങ്ങരുതെന്നത് പിന്തിരിപ്പന് നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്ക്ക് സമൂഹത്തില് പിടിച്ചു നില്ക്കാനാവില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്ശനം. വിമര്ശനത്തിന് പിന്നാലെ പാര്ട്ടിയെ പ്രതിസന്ധിയിലാക്കി രൂക്ഷമായ ഭാഷയില് കാന്തപുരം തിരിച്ചടിച്ചു. പാര്ട്ടി ശക്തി കേന്ദ്രമായ കണ്ണൂരില് സിപിഎം ഏരിയ കമ്മറ്റിയില് 18 പേരില് ഒരു വനിത പോലുമില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് കാന്തപുരം ആഞ്ഞടിച്ചത്. സമസ്ത സ്ത്രീ വിരുദ്ധമെന്ന് പറയുന്നവര് സ്വന്തം കാര്യത്തില് മൗനം പാലിക്കുകയാണെന്നും കാന്തപുരം കുറ്റപ്പെടുത്തി. ഏത് കാര്യത്തിനും സിപിഎമ്മിനൊപ്പം നിന്നിരുന്ന കാന്തപുരം അബൂബക്കര് മുസ്ല്യാരുടെ പെട്ടെന്നുള്ള പ്രതികരണമാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ള സിപിഎമ്മിന്റെ പരാമര്ശങ്ങളില് വലിയ അസ്വസ്ഥത സമുദായത്തിനകത്തുണ്ട്. മെക് 7 പോലുള്ള വ്യായാമ മുറക്കെതിരെ തീവ്രവാദ ചാപ്പകുത്തി അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിലും സിപിഎമ്മിനെതിരെ കടുത്ത അമര്ഷം നിലനില്ക്കുന്നു. സിപിഎമ്മിന്റെ ഇസ്ലാമോഫോബിയ നിലപാടിനെതിരെ മിക്കവാറും എല്ലാ മുസ്ലിം സംഘടനകളും പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല് സിപിഎമ്മിനെതിരെ ഇതുവരെയും പരസ്യ വിമര്ശനം ഉന്നയിച്ചിട്ടില്ലാത്ത കാന്തപുരത്തിന്റെ കഴിഞ്ഞ ദിവസത്തെ വിമര്ശനം പാര്ട്ടിയില് ഇപ്പോള് ഉണ്ടാക്കിയിരിക്കുന്നത് കടുത്ത അസ്വസ്ഥതയാണ്. ഡോ. തോമസ് ഐസകും, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും നടത്തിയ പ്രസ്താവനകള് വ്യക്തമാക്കുന്നതും ഇക്കാര്യത്തിലുള്ള സിപിഎമ്മിന്റെ വെപ്രാളത്തെയാണ്. പാര്ട്ടിയില് വനിതാ പ്രാധിനിധ്യം കുറഞ്ഞുവെന്ന കാന്തപുരത്തിന്റെ പ്രസ്താവന ശരിയെന്ന് സമ്മതിച്ച് മഞ്ഞുരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള് പാര്ട്ടി നേതൃത്വം. കാന്തപുരത്തിന്റെ അഭിപ്രായം മാനിച്ച് വനിതാ പ്രതാനിധ്യം വര്ധിപ്പിക്കാനുള്ള നടപടികള് പാര്ട്ടി ആലോചിച്ച് നടപ്പാക്കി വരികയാണന്ന് വരെ പി മോഹനന് പറയേണ്ടി വന്നു. മതരഹിത വര്ഗരഹിത തൊഴിലാളി വര്ഗ സിദ്ധാന്തക്കാരുടെ രാഷ്ട്രീയ നിലപാടുകള്ക്കുണ്ടായ വ്യതിയാനവും മൂല്യച്യുതിയുമാണ് സിപിഎമ്മിന്റെ ഓരോ പ്രകടനങ്ങളും വ്യക്തമാക്കുന്നത്. കാന്തപുരത്തിന്റെ ചാട്ടൂളി പ്രയോഗത്തില് ഇളിഭ്യരായ സിപിഎം നേതൃത്വം, വിഷയത്തെ മയപ്പെടുത്തുകയാണ്. മതകാര്യങ്ങളില് മതനേതാക്കള്ക്കും രാഷ്ട്രീയ നേതൃത്വത്തിനും വ്യത്യസ്ത നിലപാടുകള് ഉണ്ടാകുമെന്നു കൂടി പറഞ്ഞു വെച്ച് വിവാദം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം.