കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും ദേശക്കൂറിന്റെയും സന്ദേശം വിളംബരം ചെയ്ത് ദൈദില്‍ വിപുലമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷം. അഞ്ചു ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ദൈദിലെ 53ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷം. അല്‍ ദൈദ് മസ്ജിദ് പരിസരത്ത് നിന്ന് വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. അറബ് പ്രമുഖരും,വിവിധ വകുപ്പ് തലവന്മാരും,സ്വദേശികളും വിദേശികളും ആവേശത്തോടെ ഘോഷയാത്രയില്‍ അണിനിരന്നു. പരാമ്പരാഗത വാദ്യോപകരണ സംഗീത ആരവവും ഗാനാലാപനവും ഘോഷയാത്രയെ ആകര്‍ഷണീയമാക്കി. മുതിര്‍ന്നവരും കുട്ടികളും ദേശീയ പതാകയുടെ പ്രതീകമായി ചതുര് വര്‍ണ ഷാളുകള്‍ അണിഞ്ഞും ദേശീയ പതാക വീശിയും ഘോഷയത്രയെ ചതുര് വര്ണാലങ്കൃതമാക്കി. ദൈദ് ഫോര്‍ട്ടില്‍ ഘോഷ യാത്ര സമാപിച്ചു. അഞ്ച് ദിവസങ്ങളിലെ ആഘോഷ പരിപാടികള്‍ ദൈദ് ഫോര്‍ട്ടിലാണ് നടക്കുക. സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ആഘോഷം. രാജ്യത്തിന്റെ പൈതൃകവും രാഷ്ട്ര പിറവിയും വളര്‍ച്ചയും വികാസവും വരച്ചുകാട്ടുന്ന പ്രദര്‍ശനങ്ങളും ദൈദ് ഫോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത കലാ സാംസ്കാരിക പരിപാടികളും കാഴ്ചകളും പുതുതലമുറക്കാരായ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവവും പാരമ്പര്യത്തിന്റെ പരിചയപ്പെടുത്തലുമാവും. പഴയകാല പാചക രീതികള്‍ പുനരാവിഷ്ക്കരിച്ചതും ചുട്ടെടുത്ത പലഹാരങ്ങളുടെ വിതരണവുമെല്ലാം ആഘോഷം മധുരിതമാക്കും.
53ാമത് ഈദ് അല്‍ ഇത്തിഹാദില്‍ യുഎഇ നേതൃത്വത്തിനും പൗരന്മാര്ക്കും താമസക്കാര്‍ക്കും ദൈദ് ജനതയുടെ ഹൃദ്യമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായിരുന്നു അല്‍ ദൈദിലെ ആഘോഷ പരിപാടികളുടെ തുടക്കം. രാഷ്ട്രത്തിന്റെ വിവേകപൂര്‍ണമായ നേതൃത്വത്തിന് കീഴില്‍ തുടര്‍ന്നും പുരോഗതിയും അഭിവൃദ്ധിയും നേടുമെന്ന് പ്രഖ്യാപിക്കുന്നത് കൂടിയാവും ഇനിയുള്ള അഞ്ചു ദിവസത്തെ ദൈദിലെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷം.