കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
വലിയ ദുരന്തങ്ങളിൽ പെട്ടു പോകുന്നവർക്ക് പ്രാഥമിക മാനസിക പിന്തുണ ‘മാനസിക പ്രഥമ ശുശ്രൂഷ’ (Psychological First Aid) നൽകുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന തയാറാക്കിയിട്ടുണ്ട്. കാണുക, കേൾക്കുക, ബന്ധപ്പെടുത്തുക (Look, Listen, Link) എന്നീ മൂന്ന് കാര്യങ്ങൾ ആണ് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പ്രാഥമിക മാനസിക പിന്തുണ നൽകുന്നതിനായി ചെയ്യേണ്ടത് എന്ന് മാർഗരേഖ നിർദേശിക്കുന്നു. അപകടം ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടോ എന്ന് നോക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക, അടിസ്ഥാനാവശ്യങ്ങൾ (ഭക്ഷണം, വസ്ത്രം, താമസം, മുറിവുകൾക്കുള്ള ചികിത്സ) കണ്ടെത്തി നിറവേറ്റുക. ഗൗരവമുള്ള ശാരീരിക, മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നു നോക്കുക. ഇത്രയുമാണ് കാണുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്തത്തിൽപ്പെട്ടയാൾക്കു പറയാനുള്ളത് ശാന്തമായി കേൾക്കുകയും ഉചിതമായി പ്രതികരിക്കുകയും ചെയ്യുക, ഭയവും പരിഭ്രമവും കുറയ്ക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക, ഇതാണ് കേൾക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശരിയായ വിവരങ്ങൾ നൽകുക, ബന്ധുക്കളിൽ നിന്നു വേർപെട്ടു പോയവർക്ക് അവരോടു ചേരുന്നതിനോ അവരോടു ബന്ധപ്പെടുന്നതിനോ അവസരം ഒരുക്കുക, ആവശ്യം അനുസരിച്ച് ആശുപത്രികളുമായോ മറ്റു സഹായം നൽകുന്ന ഏജൻസികളുമായോ ബന്ധപ്പെടുത്തുക. ഇതാണ് ബന്ധപ്പെടുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ദുരന്തത്തിൽപ്പെട്ടു പോകുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് മാർഗരേഖ നിർദേശിക്കുന്നുണ്ട്. ശാന്തമായി, മനഃസംയമനത്തോടെ കുട്ടികളോടു സംസാരിക്കുക. കൂടെയുള്ള മുതിർന്ന ആളുകൾ പരിഭ്രമിക്കുന്നതും വൈകാരികമായി പ്രതികരിക്കുന്നതും കൂട്ടികൾക്കു കൂടുതൽ പ്രയാസം ഉണ്ടാക്കാനാണു സാധ്യത. കുട്ടികൾക്കു പറയാനുള്ളത് സമാധാനമായി കേൾക്കുക. കുട്ടികളുടെ സംശയങ്ങൾക്ക് അവർക്കു മനസ്സിലാകുന്ന ഭാഷയിൽ ഉത്തരം നൽകുക. ഭയപ്പെടുത്തുന്ന രീതിയിൽ കാര്യങ്ങൾ പറയുന്നത് ഒഴിവാക്കുക. അവർ സുരക്ഷിതരാണന്ന ബോധം ഉണ്ടാക്കുക. അക്കാര്യം അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക.
ചെറിയ കുട്ടികളിൽ വൈകാരിക പ്രശ്നങ്ങൾ മിക്കപ്പോഴും പെരുമാറ്റത്തിൽ മാറ്റങ്ങൾക്കു കാരണമാകും. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന സ്വഭാവം വീണ്ടും ഉണ്ടാകുക, എപ്പോഴും രക്ഷിതാക്കളുടെ കൂടെ തന്നെ മാറാതെ നിൽക്കുക, ഒറ്റയ്ക്കു നിൽക്കാൻ പേടി എന്നിവയൊക്കെ ഉണ്ടാകാം. പെരുമാറ്റപ്രശ്നങ്ങൾ കാണിക്കുമ്പോൾ ക്ഷമയോടെ പെരുമാറുക. മുതിർന്ന കുട്ടികളിലും കൗമാരപ്രായക്കാരിലും താൻ എന്തോ തെറ്റു ചെയ്തതു കൊണ്ടാണ് ഇങ്ങനെ വന്നത് എന്ന കുറ്റബോധം ഉണ്ടാകാം. ഒറ്റയ്ക്കാണ്, സഹായിക്കാൻ ആരുമില്ല എന്ന തോന്നലും സാധാരണം ആണ്. ചിലപ്പോൾ, പ്രത്യേകിച്ച് മുതിർന്ന കുട്ടികളിൽ ഇനി ഭാവിയിൽ പ്രതീക്ഷ ഇല്ല. എല്ലാം തീർന്നു എന്നതു പോലുള്ള തോന്നലുകളും ഉണ്ടാകാം. സങ്കടം, വാശി, കരച്ചിൽ, ഉറക്കക്കുറവ്, ഭക്ഷണം കഴിക്കാൻ മടി, കളിക്കാനും കൂട്ടത്തിൽ കൂടാനും താൽപര്യമില്ലാതെ ഒറ്റയ്ക്കിരിക്കുക എന്നിവയൊക്കെ വൈകാരിക പ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്നതാണ്.