കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
തിരുവനന്തപുരം: ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്വാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ടവരുടെ വേർപാടിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
വാഹനാപകടത്തില്‍ അഞ്ച് വിദ്യാർഥികള്‍ ദാരുണമായി മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആതുരസേവന രംഗത്ത് നാടിന് മുതല്ക്കൂട്ടാകേണ്ടിയിരുന്ന കുട്ടികളാണ് ചെറുപ്രായത്തില്‍ വിട്ടുപിരിഞ്ഞത്. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ആദരാഞ്ജലികള്‍ അർപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ കോട്ടയം പൂഞ്ഞാർ ചെന്നാട് കരിങ്ങോഴക്കൽ വീട്ടിൽ ഷാജിയുടെയും ഉഷയുടെയും മകൻ ആയുഷ് ഷാജി, പാലക്കാട് കാവ് സ്ട്രീറ്റ് ശേഖരിപുരം ശ്രീവിഹാറിൽ ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ ദേവാനന്ദൻ, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പകർക്കിയ വീട്ടിൽ മുഹമ്മദ് നസീറിന്റെയും മുംതാസ് ബീഗത്തിന്റെയും മകൻ മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ മുട്ടം വേങ്ങര പാണ്ടിയാലയിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്. എല്ലാവരും 19 വയസ്സുകാരാണ്. കളർകോടിനടുത്ത് ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി 9.45 ഓടെ ഇവർ സഞ്ചരിച്ച വാഹനം കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആറ് പേർ പരിക്കുകളോടെ ചികിത്സയിലാണ്.
സിനിമ കാണാനായി സുഹൃത്തുക്കൾ ഒന്നിച്ചുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്. കാർ പൂർണമായും തകർന്ന നിലയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.