ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബൂദബി : ഫലസ്തീനില്‍ വെടിനിര്‍ത്തലും സമാധാനവും സാധ്യമാക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രാഈല്‍ വിദേശകാര്യമന്ത്രി ഗീഥോയിന് സഅറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനില്‍ മുമ്പെങ്ങുമില്ലാത്ത സംഘര്‍ഷവും അസ്ഥിരതയുമാണ് അനുഭവിക്കുന്നത്. ഫലസ്തീനില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും സംഘര്‍ഷം വ്യാപിക്കുന്നതും തടയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തടവുകാരെ പരസ്പരം കൈമാറി സ്ഥിരം വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന് ഖത്തറും, ഈജിപ്തും, യു.എസും നടത്തുന്ന ശ്രമങ്ങക്ക് യുഎഇയുടെ പിന്തുണയുണ്ടാകുമെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി.
യുഎഇ ഫലസ്തീന് ജനതകൊപ്പമാണ്. അവരുടെ അവകാശങ്ങളും സ്വയംനിര്ണയകാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. ഫലസ്തീന് ജനതക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ യുഎഇ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഏതുവിധത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും യുഎഇ എതിര്‍ക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. വിദേശാകര്യമന്ത്രി സഹമന്ത്രി ലന സാകി നുസൈബ, വാണിജ്യകാര്യ സഹമന്ത്രി സഈദ് മുബാറക് അല്‍ ഹജരി, ഇസ്രാഈല്‍ അംബാസഡര്‍ മുഹമ്മദ് മഹമൂദ് അല്‍ഖാജ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.