
സ്വകാര്യ സ്കൂളുകള്‍ പുതിയ ട്യൂഷന് ഫീസ് നയം പാലിക്കണമെന്ന് അഡെക്
ദുബൈ : ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ഭരണാധികാരിയാണ് സിഎച്ച് മുഹമ്മദ് കോയ സാഹിബെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ദുബൈ കോഴിക്കോട് ജില്ലാ കെഎംസിസി സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിക്ക് സമര്‍പ്പിച്ച്,സിഎച്ച് മുഹമ്മദ്കോയ ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ‘സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം ലഭിക്കണമെന്ന്’ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തെ ഗ്രാമീണവത്കരിക്കുന്നതില് അത്ഭുതകരമായ പ്രവര്‍ത്തങ്ങള്‍ നടത്തി സിഎച്ച് മുഹമ്മദ് കോയ ഗാന്ധിജിയുടെ സ്വപ്നങ്ങളെ പ്രയോഗവത്കരിക്കുകയായിരുന്നു.
വിദ്യാഭ്യാസമാണ് പുരോഗതിയുടെ അടിത്തറ. ഗ്രാമീണ ജനതയുടെ മനസില്‍ അവരുടെ മക്കളെ വിദ്യാഭ്യാസമുള്ളവരാക്കി തീര്‍ക്കണമെന്ന ബോധം സിഎച്ച് മുഹമ്മദ് കോയ പകര്‍ന്നു നല്കി. വിദ്യയുടെ പ്രകാശം സിഎച്ച് ഗ്രാമങ്ങളില്‍ പ്രസരിപ്പിച്ചു. വന്‍കിട നഗരങ്ങളില്‍ മാത്രം സ്ഥാപിച്ചിരുന്ന സര്‍വകലാശാലകളെ ഗ്രാമങ്ങളില്‍ പടുത്തുയര്‍ത്തി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യൂണിവേഴ്സിറ്റികളുടെയും കവാടങ്ങള്‍ ഗ്രാമീണ ജനതക്ക് മുന്നില്‍ തുറന്നിട്ടു കൊടുത്ത വിദ്യാഭ്യാസ പരിഷ്കര്‍ത്താവാണ് സിഎച്ച് മുഹമ്മദ് കോയ സാഹിബ്. രാഷ്ട്രീയത്തിലെ സൂഫിയാണ് സിഎച്ചെന്നും സാദിഖലി തങ്ങള്‍ വിശേഷിപ്പിച്ചു. സമൂഹത്തിന്റെ ഹൃദയങ്ങളിലാണ് സൂഫികള്‍ കുടിയേറുക. ആഘോഷങ്ങളിലും പ്രകടനപരതയിലും താത്പര്യമില്ലാത്ത സൂഫികള്‍ സമൂഹത്തിന്റെ ഹൃദങ്ങളിലേക്കാണ് നോക്കുക. അടിസ്ഥാന വര്‍ഗത്തിന്റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞു എന്നതാണ് സിഎച്ചിനെ ഏറ്റവും ജനപ്രിയനാക്കിയതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ ഘട്ടങ്ങളിലെ സ്വാതന്ത്ര്യ സമര പോരാട്ടം കാരണം ഒറ്റപ്പെട്ടുപോയ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ജനതക്ക് അഭിമാന ബോധം പകര്‍ന്നു നല്കി. അതിനായി പ്രസംഗത്തെ ആയുധമാക്കി സിഎച്ച്. വായന അറിയാത്ത സമൂഹത്തെ പ്രസംഗത്തിലൂടെ ഭൂതകാലത്തിലേക്ക് കൈ പിടിച്ച് കൊണ്ടുപോയി. അവരോടു ലോകതലത്തിലെ പൂര്‍വികരുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. ശാസ്ത്ര രംഗത്തിന് ജീവിതം ഉഴിഞ്ഞുവച്ച ഇബ്നു സീനയെയും ലോക ചരിത്രത്തിനു ആമുഖമെഴുതിയ ബിന്‍ ഖല്‍ദൂനെ കുറിച്ചുമെല്ലാം അക്ഷരം തിരിച്ചറിയാത്ത സമൂഹത്തോട് വിളിച്ചു പറഞ്ഞ സിഎച്ച്, അവരില്‍ സമുദ്ധാരണത്തിന്റെ വിത്തിടുകയും പ്രതീക്ഷയുടെ വിളവെടുക്കുകയും ചെയ്തുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.