സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
കുവൈത്ത് സിറ്റി : കുവൈത്തില്‍ താമസക്കാരായ വിദേശ പൗരന്മാര്ക്ക് ബയോമെട്രിക് വിരലടയാളം പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ നിശ്ചയിച്ച സമയ പരിധി 31ന് അവസാനിക്കും. ബയോമെട്രിക് വിരലടയാള ശേഖരണം വളരെ ഗൗരവമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്. ഇതിനായി രാജ്യത്തുടനീളം കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സേവന കേന്ദ്രങ്ങളിലും വിരലടയാളം നല്‍കുന്നതിന് സൗകര്യവും ഏര്‍പ്പെടുത്തി. ബയോമെട്രിക് പൂര്‍ത്തിയാക്കാത്ത കുവൈത്തില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ സിവില്‍ കാര്‍ഡ് ഇടപാടുകള്‍ 31ന് ശേഷം മരവിപ്പിക്കും. അവസാന ദിവസങ്ങളില്‍ ബയോമെട്രിക് കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കാനിടയുണ്ട്.
വിദേശികളുള്പ്പെടയുള്ള എല്ലാ ഉപഭോക്താക്കളും പുതിയ ബയോമെട്രിക് വെരിഫിക്കേഷന് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് (സിബികെ) നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയതായി ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. സമയപരിധിക്കകം ബയോമെട്രിക് പൂര്‍ത്തീകരിക്കാത്തവരുടെ ബാങ്കിങ് സേവനങ്ങള്‍ മരവിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ബാങ്കുകള്‍ അയച്ചതായും 31ന് ശേഷം ഡിജിറ്റല്‍ അക്കൗണ്ട് പ്രവര്‍ത്തനം പൂര്‍ണമായും മരവിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വിസയും മാസ്റ്റര്‍കാര്‍ഡും ഉള്‍പ്പെടെ എല്ലാ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകളും നിര്ജീവമാക്കും.
ബയോമെട്രിക് രജിസ്ട്രേഷന് ആവശ്യകത പൂര്‍ത്തിയാക്കുന്നത് വരെ ബാങ്കില്‍ നേരിട്ടെത്തി മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയുകയുള്ളൂ. ജനുവരി ഒന്നു മുതല്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ അക്കൗണ്ട് നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. നിക്ഷേപങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെങ്കിലും പണം പിന്‍വലിക്കല്‍, വായ്പകള്‍,ഫണ്ട് കൈമാറ്റങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം തുടരും. ബാങ്കിങ് നിയന്ത്രണങ്ങള്‍ക്ക് പുറമെ റസിഡന്‍സി പുതുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ബയോമെട്രിക് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ലഭ്യമാകില്ല.