കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : വിദേശികളുള്പ്പെടയുള്ള എല്ലാ ഉപഭോക്താക്കളും പുതിയ ബയോമെട്രിക് വെരിഫിക്കേഷന് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് (സിബികെ) നടപടികള്‍ സ്വീകരിക്കുന്നു. ഈ മാസം മുതല്‍ അക്കൗണ്ടുകള്‍ക്ക് ക്രമേണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സിബികെ ലക്ഷ്യമിടുന്നത്. ബയോമെട്രിക് വിരലടയാള പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതിയായി വിദേശ പൗരന്മാര്ക്ക് ഡിസംബര്‍ 31 വരെയാണ് ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. ഈ ദിവസത്തിനകം ബയോമെട്രിക്ക് പൂര്‍ത്തീകരിക്കാത്തവരുടെ ബാങ്കിങ് സേവനങ്ങള്‍ മരവിപ്പിക്കുമെന്ന് സിബികെ അധികൃതര്‍ അറിയിച്ചു. ആദ്യം ബാങ്കുകള്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കും.
31ന് ശേഷം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്യും. അടുത്തയാഴ്ച മുതല്‍ ബയോമെട്രിക് ഫിംഗര്‍പ്രിന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുതുടങ്ങും. തടസമില്ലാത്ത ബാങ്കിങ് സേവനങ്ങള്‍ നിലനിര്‍ത്തുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ മുന്നറിയിപ്പുകളിലൂടെ അറിയിക്കും. ഡിസംബര്‍ 15 മുതല്‍ നിബന്ധനകള്‍ പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ബാങ്കങ് സേവനങ്ങളിലേക്കുള്ള പ്രവേശനം നഷ്ടമാകും. ഓണ്‍ലൈനായി അക്കൗണ്ട് ബാലന്‍സുകളും സ്റ്റേറ്റ്മെന്റുകളും എടുക്കാനും പണമയക്കാനുമുള്ള സൗകര്യവും ഇല്ലാതെയാകും. 31നകം വിസയും മാസ്റ്റര്‍കാര്‍ഡും ഉള്‍പ്പെടെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും നിര്ജീവമാക്കും. ബയോമെട്രിക് രജിസ്ട്രേഷന് ആവശ്യകത പൂര്‍ത്തിയാക്കുന്നത് വരെ ബാങ്കില്‍ നേരിട്ടെത്തി മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയൂ. ജനുവരി 1 മുതല്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ അക്കൗണ്ട് നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. നിക്ഷേപങ്ങള്‍ തുടര്‍ന്നും സ്വീകരിക്കുമെങ്കിലും പണം പിന്‍വലിക്കല്‍,വായ്പകള്‍,ഫണ്ട് കൈമാറ്റങ്ങള്‍ എന്നിവയ്ക്കുള്ള നിരോധനം തുടരും. ബാങ്കിങ് നിയന്ത്രണങ്ങള്‍ക്ക് പുറമെ റെസിഡന്‍സി പുതുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ബയോമെട്രിക്ക് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ലഭ്യമാകില്ല.