
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
കുവൈത്ത് സിറ്റി: കള്ളനോട്ട് കേസില്‍ ബാങ്ക് ജീവനക്കാരനായ ഏഷ്യന്‍ പ്രവാസിയെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള അന്വേഷണ വിഭാഗം പിടികൂടി. മേജര്‍ ജനറല്‍ ഹമീദ് അല്ദവാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കുവൈത്ത് കറന്‍സി വ്യാജമായി നിര്‍മിച്ച കേസില്‍ ഇയാളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. കാലഹരണപ്പെട്ട അഞ്ചാം പതിപ്പ് കുവൈത്ത് നോട്ടുകളില്‍ നിന്നുള്ള വ്യാജമായി നിര്‍മിച്ച 20,10 ദിനാര്‍ കറന്‍സികളുടെ 19,000 ദിനാറിന്റെ നോട്ടുകളാണ് പ്രതിയുടെ കൈവശം കണ്ടെത്തിയത്.
പ്രതി കുവൈത്ത് സെന്‍ട്രല്‍ ബാങ്കിലെ ജീവനക്കാരനാണ്. അഞ്ചാം പതിപ്പ് നോട്ടുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന അവസരം ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തിലാണ് ഇയാള്പ്പെട്ടത്. കാലഹരണപ്പെട്ട അഞ്ചാം പതിപ്പ് നോട്ടുകള്‍ പുതിയ ആറാം പതിപ്പിലേക്ക് മാറ്റുന്നതിന് വേണ്ടിയാണ് നോട്ടുകള്‍ വ്യാജമായി നിര്‍മിച്ചത്. 2025 ഏപ്രില്‍ 18ന് മുമ്പായി വ്യാജ നോട്ടുകള്‍ യഥാര്‍ത്ഥ പണമായി മാറ്റിയെടുക്കാനായിരുന്നു പദ്ധതി. സെന്‍ട്രല്‍ ബാങ്ക് സുരക്ഷാ വിഭാഗം സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും കേസ് പ്രത്യേക അന്വേഷണ വിഭാഗത്തിന് കൈമാറുകയും ചെയ്തു.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ചു പണം മാറ്റം സാധ്യമാകുമെന്ന് വിശ്വസിച്ചിരുന്നുവെന്നും ഇതിനായാണ് വ്യാജ നോട്ടുകള്‍ അച്ചടിച്ചതെന്നും പ്രതി പറഞ്ഞതായി അന്വേഷണ സംഘം വെളിപ്പെടുത്തി. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര് ഉള്‍പെട്ടതായി അന്വേഷണ സംഘം അറിയിച്ചു. മറ്റ് പ്രതികള്‍ക്ക് പിന്നാലെ തിരച്ചില്‍ തുടരുകയാണ്. മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. പ്രതി മുമ്പ് ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും ബാങ്കിങ് മേഖലയിലെ മറ്റു വ്യക്തികള്‍ക്ക് പങ്കുണ്ടോ എന്നും അധികൃതര്‍ പരിശോധിച്ചു വരികയാണ്.
അഞ്ചാം പതിപ്പ് നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനു കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് 2025 ഏപ്രില്‍ 18 വരെയാണ് സമയപരിധി നല്‍കിയിട്ടുള്ളത്. അതിന് ശേഷം ഈ നോട്ടുകള്‍ മാറ്റാനാവില്ല. വ്യാജ കറന്‍സികള്‍ തിരിച്ചറിയുന്നതിലും സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിലും ജാഗ്രത പാലിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികാരികള്‍ പൊതുജനങ്ങളോട്ആവശ്യപ്പെട്ടു.