സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
കുവൈത്ത് സിറ്റി : ഇരുപത്തിയാറാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് കിരീടത്തില്‍ ബഹ്റൈന്‍ മുത്തമിട്ടു. ജാബര്‍ അല്‍ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഒമാനെ പരാജയപ്പെടുത്തിയാണ് ബഹ്റൈന്‍ ഗള്‍ഫിലെ കാല്പന്തു രാജാക്കന്മാരായത്. കളിയുടെ ആദ്യ പകുതിയുടെ പതിനേഴാം മിനുട്ടില്‍ അബ്ദുറഹ്മാന് അല്‍ മുഷയ്ഫ്രിയുടെ ഗോളില്‍ മുന്‍തൂക്കം നേടിയ ഒമാനെതിരെ 78,80 മുനുട്ടുകളില് എണ്ണംപറഞ്ഞ രണ്ടു കിടിലന്‍ ഗോളുകള്‍ നേടിയാണ് ബഹ്്റൈന്‍ കിരീടം കൈക്കലാക്കിയത്. കളിയുടെ ഒഴുക്കിനെതിരെ ലഭിച്ച പെനാല്‍റ്റിയാണ് ബഹ്റൈന്‍ തുണയായത്. കിക്ക് ലക്ഷ്യത്തില്‍ എത്തിച്ച മുഹമ്മദ് മര്‍ഹൂന്‍ ബഹ്റൈനെ ഒപ്പമെത്തിച്ചു. തൊട്ടടുത്ത മിനുട്ടില്‍ മര്ഹൂന്റെ തന്നെ മനോഹരമായ ഒരു മുന്നേറ്റം തടയാനുള്ള ഒമാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ മുസ്ലാമിയുടെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയും ഒമാന്‍ താരങ്ങള്‍ കണ്ണീര് തൂകുകയും ചെയ്തു. ബഹ്റൈന്‍ രണ്ടാം തവണയാണ് ഗള്‍ഫ് കപ്പില്‍ മുത്തമിടുന്നത്. എഴുപത്തിയഞ്ച് മിനുട്ട് വരെ കളംനിറഞ്ഞു കളിച്ച ഒമാന്‍ ബഹ്റൈന്‍ തുടരെ തുടരെ രണ്ടു ഗോളുകള്‍ നേടിയതോടെ തൊട്ടതെല്ലാം പിഴച്ചു. മുഹമ്മദ് മര്ഹൂന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ബഹ്റൈന്‍ കിരീടം സമ്മാനിച്ചത്. കളിയിലെയും ടൂര്‍ണമെന്റിന്റെയും താരമായി തിരഞ്ഞെടുക്കപെട്ടതും മര്‍ഹൂന്‍ തന്നെ. ബഹ്റൈന്‍ ഗോളി ഇബ്രാഹിം ലുത്ഫെല്ലയാണ് മികച്ച ഗോള്‍ കീപ്പര്‍. മൂന്നു ഗോളുകള്‍ വീതം നേടിയ സഊദിയുടെ അബ്ദുല്ല അല്‍ ഹംദാന്‍, ഒമാന്റെ ഇസ്സാം അല്‍ സബ്ഹി, ബഹ്റൈന്റെ മുഹമ്മദ് മര്‍ഹൂന്‍ എന്നിവരാണ് ടോപ് സ്കോറര്‍മാര്‍. കുവൈത്ത് കിരീടവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് മുബാറക് അല്‍ സബാഹില് നിന്ന് ബഹ്റൈന്‍ ക്യാപ്റ്റന്‍ ഗള്‍ഫ് കപ്പ് ഏറ്റുവാങ്ങുമ്പോള്‍ ജാബര്‍ അല്‍ അഹ്മദ് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ വെട്ടിക്കെട്ടുകള് വിസ്മയം തീര്‍ക്കുകയായിരുന്നു.