
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അറബ് ലോകത്ത് സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ബദുക്കള്‍ ആരെന്നറിയുമോ…ബെദൂയിന്സ് എന്ന ഇംഗ്ലീഷിലും ബദവി എന്ന് അറബിയിലും മലയാളത്തില്‍ ബദുക്കള്‍ എന്നും വിളിക്കുന്നവര്‍ മരുപ്രദേശത്തെ ആദിമ വാസികളാണ്. അറേബ്യന്‍ ഉപദ്വീപിലും വടക്കേ ആഫ്രിക്കയിലും ഈജിപ്ത്, ഇസ്രാഈല്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ അധിവസിച്ചിരുന്ന അറബി സംസാരിക്കുന്ന നാടോടികളായ ഗോത്രവര്‍ഗ സമൂഹത്തെയാണ് ബദുക്കള്‍ എന്ന് വിളിക്കുന്നത്. അറേബ്യന്‍ മരുഭൂമിയിലെ ഏറ്റവും പഴയ നിവാസികളായ ബദവികള്‍ ബി.സി 3000 നും 2500നുമിടയില്‍ യുഎഇയിലെ ചതുപ്പ് പ്രദേശങ്ങളില്‍ കൂട്ടമായി താമസിച്ചിരുന്നതായി പുരാവസ്തു പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അന്ന് ഈത്തപ്പന കൃഷി സജീവമായിരുന്നതായും പറയുന്നു. ഉമ്മുല്‍ നര്, ജബല്ഹഫീത്ത് എന്നീ പ്രദേശങ്ങള്‍ ബദൂയിന്‍ ഗോത്രങ്ങളുടെ ആവാസ കേന്ദ്രങ്ങളായിരുന്നു. നാടോടി ജീവിതം ഇഷ്ടപ്പെട്ടിരുന്ന ബദുക്കള്‍ ഒരിടത്ത് സ്ഥിരമായി താമസിച്ചിരുന്നില്ല. ഭൂരിഭാഗം ബദു സമൂഹങ്ങളും കന്നുകാലികളെ വളര്‍ത്തുന്നവരായിരുന്നു. മഴയും തണുപ്പുമുള്ള കാലങ്ങളില്‍ മരുഭൂമിയില്‍ തമ്പടിക്കും. വരണ്ട വേനല്ക്കാലത്തായിരുന്നു ഇവര്‍ കൃഷി ചെയ്തിരുന്നത്.
ഒട്ടകപ്പുറത്ത് കൂട്ടത്തോടെ യാത്ര ചെയ്യുന്ന ബദുക്കളുടെ സമൂഹവുമുണ്ട്. ഇവര്‍ സംഘടിതമായി വിവിധ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. സഹാറ, സിറിയ, അറേബ്യന്‍ മരുഭൂമിയില്‍ ഇവര്‍ വലിയ ഗോത്രങ്ങളായി താമസിച്ചിരുന്നു. ചെമ്മരിയാടുകളെയും ആടുകളെയും വളര്‍ത്തി കൃഷിയുമായി ജോര്‍ദാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ വെള്ളം കിട്ടുന്ന പ്രദേശങ്ങളിലും കൂട്ടമായി അധിവസിച്ചിരുന്നു. ഓരോ പ്രദേശത്തിന് അനുസരിച്ച് വിവിധ സാംസ്കാരിക ധാരകളില്‍ ജീവിച്ചിരുന്ന ബദുക്കളുണ്ടായിരുന്നു. പൊതുവെ പുരുഷാധിപത്യപരമായ ഗോത്രസംസ്കാരത്തില്‍ ഓരോ കൂട്ടത്തെയും നിയന്ത്രിച്ചിരുന്നത് പുരുഷ മൂപ്പന്മാരുടെ സമിതിയായിരിക്കും. ഓരോ യൂണിറ്റിലെയും തലവനെ ശൈഖ് എന്നും വിളിച്ചിരുന്നു. ഏത് കാലാവസ്ഥയിലും ജീവിക്കാന്‍ പര്യാപ്തമായ ആരോഗ്യസ്ഥിതിയുള്ള ബദുക്കളുടെ സമൂഹം കഠിനമായ ജോലികള്‍ ചെയ്താണ് മരുഭൂമിയോട് മല്ലിട്ട് ജീവിച്ചിരുന്നത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ ബദുക്കളില്‍ വലിയൊരു വിഭാഗം ഇസ്ലാമിനോട് ചേര്‍ന്നു നിന്നു. ചരിത്രപരമായി ഒട്ടകങ്ങളെയും ആടുകളെയും മേക്കുന്ന സമൂഹമാണെങ്കിലും പാരമ്പര്യമായി വിവിധ കലകളും ബദൂ സമൂഹത്തിനിടയില്‍ സജീവമായിരുന്നു. ആധുനിക നാഗരിക ജീവിതശൈലിക്ക് വേണ്ടി ബദുക്കള്‍ പലരും അവരുടെ നാടോടി, ഗോത്ര പാരമ്പര്യങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും, പലരും പരമ്പരാഗത ബദൂയിന്‍ സംസ്കാരം ഇപ്പോഴും നിലനിര്‍ത്തുന്നവരുണ്ട്. രാജ്യങ്ങള്‍ പുരോഗതി പ്രാപിച്ചപ്പോള്‍ ബദുക്കളുടെ പ്രാദേശിക അധികാരങ്ങള്‍ നഷ്ടപ്പെടുകയും ഒരു രാഷ്ടത്തിന് കീഴില്‍ പൗരന്മാരായി മാറുകയും ചെയ്തു. ഓരോ രാജ്യത്തും സര്‍ക്കാരുകള്‍ ശക്തമായതോടെ ഇവര്‍ നാടോടി ജീവിതം ഉപേക്ഷിച്ച് സൈന്യത്തിലും പോലീസിലും സേവനം അനുഷ്ഠിക്കാന്‍ തുടങ്ങി. പരസ്പര ബഹുമാനത്തിലും അതിഥികളെ സല്ക്കരിക്കുന്നതിലും ധൈര്യത്തിലും പേരുകേട്ടവരായിരുന്നു ബദുക്കള്‍. ലഭ്യമായ വിഭവങ്ങള്‍ മാത്രമുപയോഗിച്ച് ലളിതമായ ജീവിതം നയിച്ചിരുന്ന ഇവര്‍ മനോഹരമായ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നു. ഒരിടത്തുള്ള വിഭവങ്ങള്‍ തീര്‍ന്നാല്‍ വെള്ളവും കൃഷിക്ക് യോജ്യമായ സ്ഥലവും കാലാവസ്ഥയും തേടി എത്രദൂരത്തേക്കും ഇവര്‍ സഞ്ചരിക്കുമായിരുന്നു. കാട്ടിലെ ആദിവാസികളെ പോലെ തന്നെ മരുഭൂമിയിലെ ആദിമ നിവാസികളാണ് ബദവികള്‍.