
മൂന്ന് തലമുറകളെ മാലകോര്ത്ത സ്നേഹനൂല്
ഇന്ന് ശിഹാബ് തങ്ങള് ഓര്മ്മദിനം…
കേരളത്തിന്റെ കണ്ണും കരളുമായി ജീവിച്ചു മാനവികതയുടെ ഉണര്ത്തു പാട്ടുമായി ജന ഹൃദയങ്ങളില് കൂട് കെട്ടിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്മ്മകള് ഇപ്പോഴും മായാതെ മറയാതെ കിടക്കുന്നു. ആ മഹാനുഭവനെ അയവിറക്കാതെ ഒരു ദിനവും മലയാളിക്ക് കടന്നു പോവാനുണ്ടാവില്ല. ആരോരുമറിയാതെ എത്രയോ പേര്ക്ക് സ്നേഹവും സാന്ത്വനവും സമ്മാനിച്ചാണ് ആ മഹാനുഭാവന് ഈ ലോകത്തോട് വിട പറഞ്ഞത്.
തങ്ങളുടെ സാന്ത്വനമേറ്റവര്, പ്രാര്ത്ഥനയാല് സൗഖ്യം പ്രാപിച്ചവര്, മറു കൈ പോലുമറിയാതെ തങ്ങളുടെ കാരുണ്യത്തിന്റെ സ്പര്ശമേറ്റവര്. അവര്ക്കൊന്നും പിന്നെയും പിന്നെയും പാണക്കാട്ടെ തിരുമുറ്റത്തെതാതിരിക്കാനാവില്ല. സമാശ്വാസത്തിന്റെ പ്രകാശ ഗോപുരമായിരുന്നു തങ്ങള്.
മരണം കീഴ്പ്പെടുത്താത്ത ജീവനില്ല. എന്നാല് നന്മ നിറഞ്ഞ ഓര്മ്മകളെ കീഴടക്കാന് മരണത്തിന് കഴിഞ്ഞിട്ടുമില്ല. മാനവികതയാല് നിറഞ്ഞു കത്തുന്ന വിളക്കായി ഇപ്പോഴും തങ്ങള് വെളിച്ചം വിതറിക്കൊണ്ടിരിക്കുന്നു.ശിഹാബ് തങ്ങളെ ജീവിതത്തില് ഒരിക്കല് പോലും കാണാത്തവരും ആ മഹാന്റെ സാമൂഹ്യ സ്പര്ശം മനസ്സിലാക്കി ഇപ്പോഴും കൊടപ്പനക്കലില് വന്നുകൊണ്ടിരിക്കുന്നു. ഭരണാധികാരികള്, രാഷ്ട്രീയനേതാക്കള്, മതപ്രമുഖര്, വിദേശപ്രതിനിധികള്, കായികതാരങ്ങള്, ആയിരക്കണക്കിന് സാധാരണ മനുഷ്യര്…അങ്ങനെ തങ്ങള്ക്ക് മുന്നില് വലിപ്പച്ചെറുപ്പമില്ല.
ലോകമുള്ള കാലത്തോളം ആ സ്നേഹ നിലാവിനെ മറക്കാനാകില്ല. മറഞ്ഞുപോകില്ല, കാലം മറയും. പുതിയ ലോകം വരും. ശിഹാബ് തങ്ങള്ക്ക് പകരം വെക്കാന് മറ്റൊരു നിലാവ് ഉദിച്ചുയരാന് സാധ്യതയില്ല. ജീവചരിത്രമെഴുതാതെ, ഒരിക്കലും വായിക്കപ്പെടാതെ ജനകോടികളുടെ മനസ്സുകളില് അക്ഷരത്തെളിച്ചം പോലെ ശിഹാബ് തങ്ങള് മങ്ങാതെ മായാതെ നിറഞ്ഞു നില്ക്കുന്നു. കേരളത്തിന്റെ മനസ്സുകളില് സമാശ്വാസം എന്ന വാക്കിന് ശരിയായ അര്ത്ഥം സമ്മാനിച്ച മഹാന്… ജീവകാരുണ്യത്തിന് അതിരുകളില്ലെന്ന് തെളിയിച്ച മനുഷ്യസ്നേഹി…അത്യാഹിതങ്ങളും ദുരിതങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള് അവിടേക്ക് മനുഷ്യത്വത്തിന്റെ കാരുണ്യത്തിന്റെ സ്പര്ശം എത്തിച്ചേരുമ്പോള് അറിയാതെ നമ്മളെല്ലാം ഓര്ത്തുപോവുന്ന നാമമുണ്ട്-ശിഹാബ് തങ്ങള്…
ജീവിതത്തില് ഒരിക്കല് പോലും വലിയ ആഹ്വാനങ്ങളോ പ്രഖ്യാപനങ്ങളോ നടത്തിയിരുന്നില്ല… എന്നിട്ടും ശിഹാബ് തങ്ങളുടെ ഹൃദയസ്പര്ശിയായ വാക്കുകള് ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും മാനവികതയുടെ പര്വ്വതങ്ങള് തീര്ത്തിരിക്കുന്നു. അവിടെ നിന്നും പെയ്തിറങ്ങിയ ആശ്വാസത്തിന്റെ തെളിനീര് കേരളം ഇപ്പോഴും ആസ്വദിക്കുന്നു…