27 മില്യണ് ഫോളോവേഴ്സ്
ദുബൈ : സാങ്കേതിക കാരണത്താല് ദുബൈ ഇന്ത്യന് കോണ്സുലേറ്റിലെ പൊതുമാപ്പ് ഹെല്പ് ഡെസ്ക് ഇന്നും നാളെയും (ശനി, ഞായര്) പ്രവര്ത്തിക്കില്ലെന്ന് അധികൃതര് അറിയിച്ചു. ഇന്ത്യന് കോണ്സുലേറ്റ് എക്സ് പ്ലാറ്റ്ഫോമുകളിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി യുഎഇയില് വിസ കാലാവധി കഴിഞ്ഞ ഇന്ത്യന് പൗരന്മാര്ക്ക് ദുബൈയിലെ ഇന്ത്യന് കോണ്സുലേറ്റിലും അല് അവീര് കേന്ദ്രത്തിലും സഹായം നല്കിവരികയാണ്. വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവര്ക്ക് അവരുടെ പദവി ക്രമപ്പെടുത്താനോ പിഴകള് നേരിടാതെ രാജ്യം വിടാനോ പൊതുമാപ്പ് പദ്ധതി സൗകര്യമൊരുക്കുന്നു. ഇന്ത്യന് എംബസിയും കോണ്സുലേറ്റും എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ്, ഇന്ഡിഗോ തുടങ്ങിയ എയര്ലൈനുകളുമായി സഹകരിച്ച് പൊതുമാപ്പ് നേടുന്നവര്ക്ക് വിമാന ടിക്കറ്റ് നിരക്കില് ഇളവ് നല്കുകയും ജോലി അവസരങ്ങള് നല്കുന്നതിന് വിവിധ കമ്പനികളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. സെപ്റ്റംബര് 1ന് ആരംഭിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഒക്ടോബര് 1ന് അവസാനിക്കാനിരിക്കെ അധികൃതര് 2 മാസത്തേയ്ക്ക് കൂടി നീട്ടുകയാണ് ചെയ്തത്. ഇന്ത്യക്കാരടക്കം ഒട്ടേറെ പേര് ഇനിയും പൊതുമാപ്പിന് അപേക്ഷിക്കാന് വേണ്ടി കാത്തിരിക്കുന്നുണ്ട്. ഇവര് എത്രയും പെട്ടെന്ന് നടപടി പൂര്ത്തിയാക്കണമെന്ന് അധികൃതര് ആവശ്യപ്പെട്ടു. ഈ സൗകര്യം ഉപയോഗപ്പെടുത്താതെ ഇനിയും യുഎഇയില് തങ്ങുന്നവര്ക്ക് കനത്ത പിഴ അടക്കേണ്ടിവരുമെന്നും മറ്റു നടപടികള് നേരിടേണ്ടിവരുമെന്നും അധികൃതര് അറിയിച്ചു.