കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ചെന്നൈ : മൂന്ന് ദിവസം മുമ്പായിരുന്നു രവിചന്ദ്രന്‍ അശ്വിന് 38-ാം പിറന്നാള്‍ ആഘോഷിച്ചത്. ആ ആഘോഷം സ്വന്തം താരങ്ങള്ക്കൊപ്പമായിരുന്നെങ്കില് ഇന്നലെ സ്വന്തം ചെപ്പോക്കിലെ കാണികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി (102 നോട്ടൗട്ട്) അദ്ദേഹം പിറന്നാള്‍ മധുരതരമാക്കി. മുന്‍നിരയുടെ ആലസ്യത്തില്‍ ഒരു ഘട്ടത്തില്‍ പതറിയ ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റിലെ ആറാം സെഞ്ച്വറിയുമായി അശ്വിന് കരകയറ്റി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ആദ്യ നാള് പിന്നിടുമ്പോള്‍ ടോസ് നഷ്ടമായിട്ടും ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ ആറ് വിക്കറ്റിന് 339 റണ്‍സ് എന്ന നിലയിലാണ്. പാക്കിസ്താനെ അവരുടെ വേദിയില്‍ രണ്ട് ടെസ്റ്റുകളില്‍ തകര്‍ത്ത് വന്നവരാണ് കടുവകള്‍. ഇന്നലെ ആദ്യ സെഷനില്‍ അവരുടെ ബൗളര്‍മാര്‍ അരങ്ങ് തകര്‍ത്തപ്പോള്‍ ഒരു വേള ഇന്ത്യയുടെ ആറ് പ്രമുഖര്‍ കൂടാരം കയറിയപ്പോള്‍ സ്ക്കോര്‍ബോര്‍ഡിലെ കാഴ്ച്ച ദയനീയമായിരുന്നു-144 റണ്‍സ് മാത്രം. അവിടെ നിന്നാണ് ഇന്ത്യന്‍ സ്പിന്‍ ജോഡികളായ അശ്വിനും രവീന്ദ്ര ജഡേജയും ഒരുമിച്ചത്. 195 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇവരാണ് ഇന്ത്യയെ കരകയറ്റിയത്. അശ്വിനും ജഡേജയുമാണ് ദീര്‍ഘകാലമായി ഇന്ത്യയുടെ സ്പിന്‍ ജോഡികള്‍. ഇരുവരും ഒരുമിച്ച് പന്തെറിഞ്ഞ് എത്രയോ മല്‍സരങ്ങളില്‍ രാജ്യത്തിന് ജയം സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ പന്തിലായിരുന്നില്ല രണ്ട് പേരുടെയും മികവ്-ബാറ്റിലായിരുന്നു. മുമ്പ് ഒരു ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി വാലറ്റത്തിലും തനിക്ക് ബാറ്റ് ചെയ്യാനറിയാമെന്ന് തെളിയിച്ചയാളാണ് അശ്വിന്. ജഡേജയാവട്ടെ എത്രയോ നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ ഇടം കൈ ബാറ്റുമായി ടീമിനെ കര കയറ്റിയിട്ടുണ്ട്. ഇരുവരും ഇന്നലെ ഒത്തുചേര്‍ന്ന കാഴ്ച്ചയില്‍ കണ്ടത് അനുഭവ താളത്തിന്റെ ബാറ്റിംഗ് സംഗീതം. നായകന് രോഹിത് ശര്‍മ ഉള്‍പ്പടെ മുന്‍നിരയിലെ ആറ് പേരെ വേഗം പുറത്താക്കാനായപ്പോള് ബംഗ്ലാ നായകന് ഷാന്തോ ആത്മവിശ്വാസത്തിലായിരുന്നു. ഇനി ഇന്ത്യന്‍ വാലറ്റമല്ലേ-അവരെ വേഗം പുറത്താക്കാമെന്ന് കരുതി. പക്ഷേ രണ്ട് വെറ്ററന്മാരുടെ ബാറ്റിംഗ് ശൈലി ബംഗ്ലാദേശിന്റെ പുതിയ സീമര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും അറിവില്ലായിരുന്നു. മഴ മേഘങ്ങള്‍ നിറഞ്ഞ ആകാശമായിരുന്നു ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിംഗിന് അയക്കാന്‍ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചത്. സ്വന്തം തീരുമാനത്തില്‍ തുടക്കത്തില്‍ ഷാന്തോ സന്തോഷവാനായിരുന്നു. സ്ക്കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ നായകന് രോഹിതിന് മടക്കം. പാക് പര്യടനത്തില്‍ വിജയമായ ഹസന് മഹമൂദിനായിരുന്നു വിക്കറ്റ്. പകരം വന്ന ശുഭ്മാന്‍ ഗില്‍ പൂജ്യനായിരുന്നു. ഹസന് തന്നെ വില്ലനായി. അനുഭവ സമ്പന്നരായ ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ചുനിര്‍ത്തി ഹസന് വിരാത് കോഹ്ലിയെയും മടക്കി. പത്താം ഓവറില്‍ വിശ്വസ്തന് മടങ്ങുമ്പോള്‍ ചെപ്പോക്കിലെ ഗ്യാലറിയില്‍ ആളുകള്‍ എത്തുന്നേയുണ്ടായിരുന്നുള്ളു. ആറ് പന്തില്‍ ആറ് റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഓപ്പണര്‍ യശ്സവി ജയ്സ്വാളിനൊപ്പം വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത് എത്തിയപ്പോള്‍ ഇന്ത്യ തട്ടിമുട്ടി മുന്നേറാന്‍ തുടങ്ങി. രണ്ട് വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം ടെസ്റ്റിനിറങ്ങിയ റിഷാഭ് പൊരുതി 39 ലെത്തിയപ്പോള്‍ ഹസന് രണ്ടാം സ്പെല്ലിനെത്തി. അതോടെ വിക്കറ്റ് കീപ്പറും നാഹിദ് റാണയുടെ പന്തില്‍ ജയ്സ്വാളും (56) മടങ്ങി. കെ.എല്‍ രാഹുലിനെ (16) മെഹ്ദി ഹസന് മിറാസും മടക്കി. തുടര്‍ന്നായിരുന്നു അശ്വിനും ജഡേജയും ഒരുമിച്ചത്. സുന്ദരമായിരുന്നു അശ്വിന്. പരിചിത ട്രാക്കില്‍ സധൈര്യ പ്രകടനം. 112 പന്തുകളാണ് ഇതിനകം അശ്വിന് നേരിട്ടത്. രണ്ട് സിക്സറുകളും പത്ത് ബൗണ്ടറികളും കരുത്ത് പകര്‍ന്ന ഇന്നിംഗ്സ്. സെഞ്ച്വറിക്ക് അരികിലാണ് ജഡേജ. 117 പന്തുകളില്‍ പത്ത് ബൗണ്ടറികളും രണ്ട് സിക്സറുകളുമായി 86 റണ്‍സ്. ഈ സഖ്യം ഇന്നും കരുത്ത് നേടിയാല്‍ ഇന്ത്യക്ക് മല്‍സരത്തില്‍ പിടിമുറുക്കാനാവും. 18 ഓവര്‍ പന്തെറിഞ്ഞ ഹസന് 58 റണ്‍സ് നല്കി നാല് വിക്കറ്റ് നേടിയപ്പോള്‍ നാഹിദ് റാണ, മെഹ്ദി ഹസന് മിറാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഇന്നും ഹസനില്‍ തന്നെയാവും ബംഗ്ലാ പ്രതീക്ഷ