കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ഷാര്‍ജ : 21-ാമത് ഷാര്‍ജ അറബിക് കാവ്യോത്സവം ജനുവരി 6 മുതല്‍ 12 വരെ നടക്കും. അറബ് ലോകത്തെയും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെയും 70 കവികളും സാഹിത്യ നിരൂപകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ഷാര്‍ജ സാംസ്കാരിക വകുപ്പ് ചെയര്മാന് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. ഷാര്‍ജ അറബിക് കവിതോത്സവം ഇതിനകം ഒരു സുപ്രധാന സാംസ്കാരിക പരിപാടിയായി മാറിയിരിക്കുന്നു. ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന കാവ്യോത്സവം അറബ് സാഹിത്യ രംഗത്തെ ഗണ്യമായി സമ്പന്നമാക്കുന്നു. ഇത് അറബ് കവികളെ പിന്തുണയ്ക്കുകയും കാവ്യ ലോകത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും അറബി കവിതയിലെ നിര്‍ണായക പ്രശ്നങ്ങളും വികാസങ്ങളും ചര്‍ച്ച ചെയ്യുന്ന ‘അറബിക് കവിത: സ്ഥിരതയില്‍ നിന്ന് പരിവര്‍ത്തനത്തിലേക്ക്’ എന്ന തലക്കെട്ടില്‍ സിമ്പോസിയവും ഫെസ്റ്റിവലില്‍ നടക്കും. അറബി സാഹിത്യത്തിന് നല്കിയ മികച്ച സംഭാവനകള്‍ക്ക,് അറബി കവിതയ്ക്കുള്ള 13ാമത് ഷാര്‍ജ അവാര്‍ഡ് നല്കി രണ്ട് കവികളെ ഫെസ്റ്റിവല്‍ ആദരിക്കും. ഇമാറാത്തി കവി തലാല്‍ അല്‍ ജുനൈബിയും സിറിയന്‍ കവി ഹുസൈന് അല്‍ അബ്ദുല്ലയുമാണ് ആദരിക്കുക. സെനഗല്‍, മാലി, നൈജര്‍, ഛാഡ് എന്നിവയുള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കവികള്‍ക്ക് ഫെസ്റ്റിവലില്‍ ആതിഥേയത്വം വഹിക്കുമെന്ന് അല്‍ ഒവൈസ് പറഞ്ഞു. ഇത് പുതിയ കാവ്യാത്മക ഭൂപ്രകൃതികളിലേക്കുള്ള ഫെസ്റ്റിവലിന്റെ വിശാലതയെയും അറബിക് കവിതകളും ആഫ്രിക്കന്‍ സാഹിത്യ പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പങ്കും സൂചിപ്പിക്കുന്നു.
ഷാര്‍ജ കള്‍ച്ചറല്‍ പാലസില്‍ ‘എ ഡെക്കേഡ് ഓഫ് ഗിവിംഗ്: ദി ഹൗസ്സ് ഓഫ് പോയട്രി’ എന്ന ഡോക്യുമെന്ററിയോടെയാണ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് തലാല്‍ അല്‍ ജുനൈബി (യുഎഇ), ഹുസൈന് അല്‍ അബ്ദുല്ല (സിറിയ), തലാല്‍ അല്‍ സാല്‍തി (ഒമാന്‍) എന്നിവരുടെ കവിതാ വായനയും നടക്കും. അറബിക് കവിതാ നിരൂപണത്തിനുള്ള നാലാമത് ഷാര്‍ജ അവാര്‍ഡ് ജേതാക്കളായ ഫാത്തി ബെന്‍ ബെല്ക്കാസെം നസ്രി (ടുണീഷ്യ, ഒന്നാം സ്ഥാനം), ഡോ. അഹമ്മദ് ജറല്ല യാസിന് (ഇറാഖ്, രണ്ടാം സ്ഥാനം), ഇബ്രാഹിം അല്‍ കരാവി (മൊറോക്കോ, മൂന്നാം സ്ഥാനം) എന്നിവരെയും ചടങ്ങില്‍ ആദരിക്കും.