
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
അജ്മാന്: പറപ്പൂര് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജിന്റെ യുഎഇ സ്നേഹ സംഗമം ‘അല്‍മുല്‍തഖ സബീല്‍ എക്സലന്‍സി ബാന്‍ക്വിറ്റി’ന് പ്രൗഢ സമാപ്തി. സംഗമത്തില്‍ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന പറപ്പൂര് സി.എച്ച് ബാപ്പുട്ടി മുസ്ലിയാരുടെ അനുസ്മരണവും അന്നഹ്ദ അറബിക് മാഗസിന്റെ പ്രത്യേക പതിപ്പ് പ്രകാശനവും നടന്നു. അജ്മാന് ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തന്റെ അറിവും സമ്പാദ്യവും സമൂഹത്തിനു വേണ്ടി സമര്‍പിച്ച സാത്വികനായ പണ്ഡിതനായിരുന്നു സി.എച്ച് ബാപ്പുട്ടി മുസ്ലിയാരെന്ന് തങ്ങള്‍ അനുസ്മരിച്ചു. അദ്ദേഹം സ്ഥാപിച്ച സബീലുല്‍ ഹിദായ കോളജ് ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ സ്ഥാപനമാണ്. വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും ഒരുപാട് അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബാപ്പുട്ടി മുസ്ലിയാരെ പോലുള്ള സൂഫികള്‍ മാനവിക മൂല്യങ്ങളുടെ കാവല്‍ക്കാരാണെന്ന് സമദാനി അഭിപ്രായപ്പെട്ടു. സ്നേഹവും കരുണയും വറ്റുന്ന മനുഷ്യ മനസുകളില്‍ ആര്‍ദ്രത നിറക്കാന്‍ ഇത്തരം വ്യക്തികളുടെ സാന്നിധ്യംകൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സബീലുല്‍ ഹിദായയിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ അന്നഹ്ദ അറബിക് മാഗസിന്റെ പ്രത്യേക പതിപ്പ് മുനവ്വറലി തങ്ങള്‍ സഊദി പൗരപ്രമുഖന്‍ ശൈഖ് മിശാരി അല്‍മാലികിക്ക് നല്കി പ്രകാശനം ചെയ്തു. മാഗസിന്റെ പുതിയ ലക്കം ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ.സിദ്ദീഖ് അഹ്മദിന് നല്‍കിയും അന്നഹ്ദ ബാലപ്രസിദ്ധീകരണമായ അന്നഹ്ദ അസ്സ്വഗീറ സൈഫ്ലൈന് മാനേജിങ് ഡയരക്ടര്‍ ഡോ.അബൂബകര്‍ കുറ്റിക്കോലിന് നല്‍കിയും മുനവ്വറലി തങ്ങള്‍ പ്രകാശനം ചെയ്തു.
സബീലുല്‍ ഹിദായ പൂര്‍വവിദ്യാര്‍ഥിയും അധ്യാപകനുമായ അഹ്സന് ഹുദവി പുല്ലൂര്‍ സമാഹരിച്ച സഈദ് റമദാന് അല്‍ബൂത്വിയുടെ ‘സാരോപദേശങ്ങള്‍’ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി അല്‍ഐന്‍ പ്രോപ്പര്‍ട്ടീസ് എം.ഡി അബ്ദുല്‍ മാലിക് മുഈനിക്ക് നല്കി പ്രകാശനം ചെയ്തു. സബീലുല്‍ ഹിദായ ജനറല്‍ സെക്രട്ടറി സി.എച്ച് ബാവ ഹുദവി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്കി. സ്വാലിഹ് ഹുദവി തൂത ആമുഖ ഭാഷണം നടത്തി. കാല്‍നൂറ്റാണ്ടിലധികമായി മതഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്ന സ്ഥാപനമാണ് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജ്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് കോളജിന്റെ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മുന്നൂറിലധിം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുകയും ചെയ്തു.
സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജിന്റെ സ്ഥാപകന്‍ കൂടിയായ സി.എച്ച് ബാപ്പുട്ടി മുസ്ലിയാര് വൈജ്ഞാനിക സാമൂഹിക സേവനത്തിനായി ജീവിതം സമര്‍പിച്ച ആത്മീയ വ്യക്തിത്വമായിരുന്നു. മാനസിക-ശാരീരിക പ്രയാസങ്ങള്‍ നേരിടുന്ന ആയിരങ്ങള്‍ക്ക് അദ്ദേഹം ആശാകേന്ദ്രമായിരുന്നു. തന്റെ ആയുസും സമ്പാദ്യവും പൂര്‍ണമായും സമൂഹത്തെ സേവിക്കുന്നതിനും വിജ്ഞാനത്തിന്റെ പ്രസരണത്തിനുമായി അദ്ദേഹം നീക്കിവച്ചു. വിയോഗത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അനുസ്മരണ പരിപാടികള്‍ നടന്നത്.
2006 ആഗസ്തില്‍ സബീലുല്‍ ഹിദായ വിദ്യാര്‍ഥികള്‍ പ്രസാധനമാരംഭിച്ച അന്നഹ്ദ ഇത്രയും കാലം മുടങ്ങാതെ പ്രസിദ്ധീകരണം തുടരുന്ന കേരളത്തിലെ ഏക അറബിക് മാഗസിനാണ്. കേരളത്തിലെ അറബി വായനക്ക് പുതിയ മുഖം നല്‍കിയാണ് അന്നഹ്ദ കടന്നുവന്നത്. മതം,രാഷ്ട്രീയം,സാഹിത്യം, സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാഗസിന് അറബ് ലോകത്തും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അല്‍മുല്‍തഖ സ്നേഹ സംഗമത്തില്‍ അജ്മാന് സുന്നി സെന്റര്‍ പ്രസിഡന്റ് അലവിക്കുട്ടി ഫൈസി അധ്യക്ഷനായി. സബീലുല്‍ ഹിദായ യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് സ്വാഗതം പറഞ്ഞു. മുദ്ദസിര് സിനാന് സിദ്ദീഖ് ഖിറാഅത്ത് നടത്തി. യുഎഇ സുന്നി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി,സിഎച്ച് ത്വയ്യിബ് ഫൈസി, ഡോ.സിദ്ദീഖ് അഹ്മദ്,ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍,യുഎഇ നാഷണല്‍ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍,അജ്മാന് സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഫൈസല്‍ കരീം,സബീലുല്‍ ഹിദായ യുഎഇ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് പാങ്ങാട്ട് യൂസുഫ് ഹാജി, സബീലുല്‍ ഹിദായ വര്‍കിങ് സെക്രട്ടറി ടി.അബ്ദുല്‍ ഹഖ് പ്രസംഗിച്ചു. അബ്ദുല്‍ വാഹിദ് മുസ്ലിയാര് അത്തിപ്പറ്റ, മുസ്തഫ ഹുദവി ആക്കോട്,ഹംസ ഹാജി മൂന്നിയൂര്‍ പങ്കെടുത്തു. നൗശാദ് ഫൈസി അജ്മാന് നന്ദി പറഞ്ഞു.