കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി: ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസമായി യുഎഇ നടത്തിവരുന്ന ആകാശമാര്‍ഗമുള്ള സഹായം തുടരുന്നു.
ഫെബ്രുവരിയില്‍ തുടങ്ങിയ ഈ ദൗത്യം ഇപ്പോഴും നിര്‍ത്താതെ തുടരുകയാണ്. യുദ്ധ ബാധിത പ്രദേശത്തേക്ക് 38 പെട്ടി അവശ്യ സാധനങ്ങള്‍ കൂടി എത്തിക്കാന്‍ എയര്‍ഡ്രോപ്പ് കാമ്പയിനിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ സയീദ് അല്‍ ഷംസിയുടെ നേതൃത്വത്തില്‍ ഈജിപ്തിലെ അല്‍ അരിഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ഈജിപ്ഷ്യന്‍ വ്യോമസേനയുമായി സഹകരിച്ച് ഫെബ്രുവരി മുതല്‍ യുഎഇ ഡസന്‍ കണക്കിന് എയര്‍ ഡ്രോപ്പുകള്‍ നടത്തി. ഉപരോധിച്ച മേഖലയില്‍ മറ്റു മാര്‍ഗമില്ലാത്ത സ്ഥലങ്ങളിലേക്കാണ് ആകാശമാര്‍ഗം സാധനങ്ങളെത്തിക്കുന്നത്. ഇന്നലെ 38 എയര്‍ഡ്രോപ് ബോക്സുകള്‍ എത്തിച്ചു. ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി ഗസ്സയില്‍ സാധനങ്ങള്‍ സുരക്ഷിതമായി ഇറങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ദുരിതാശ്വാസ ദൗത്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഏകോപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് ടണ്‍ സഹായം ഈ സംരംഭത്തിന് കീഴില്‍ വിമാനങ്ങള്‍ വഴി അയച്ചിട്ടുണ്ട്. ഗസ്സയിലെ പലസ്തീന് പൗരന്മാരെ പിന്തുണയ്ക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് 2023 നവംബറില്‍ ആരംഭിച്ച യുഎഇയുടെ വിശാലമായ ഗാലന്റ് നൈറ്റ് 3 ഓപ്പറേഷന്റെ ഭാഗമാണ് ഈ കാമ്പയിന്. ഒക്ടോബര്‍ ഏഴിന് ആക്രമണം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ യുഎഇ അത്യാവശ്യ സാമ്പത്തിക, മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. ജൂണില്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബര്‍ മുതല്‍ ഗസ്സയിലേക്ക് എമിറേറ്റ്സ് 33,100 ടണ്‍ അടിയന്തര സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജൂണ്‍ 13 വരെ 320 വിമാനങ്ങളും ഏഴ് കപ്പലുകളും 1,243 ലോറികളുമാണ് സഹായം എത്തിച്ചത്. മെയ് മുതല്‍ ഇത് 1,100 ടണ്‍ അധികമാണ്. ഗസ്സയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി യുഎഇ രണ്ട് ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പരിക്കേറ്റ ഫലസ്തീനികള്‍ക്കുള്ള കൃത്രിമ അവയവങ്ങള്‍ നല്കുന്ന ഒരു കേന്ദ്രവും ഉള്‍പ്പെടും. നാപ്കിനും ബ്ലാങ്കറ്റുകളും ടിന്നിലടച്ച ഭക്ഷണങ്ങളും ഇലക്ട്രിക് ഹീറ്ററുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സംഭരിക്കാന്‍ യുഎഇ റഫ അതിര്‍ത്തിക്ക് സമീപമുള്ള അല്‍ അരിഷില്‍ ഒരു വെയര്‍ഹൗസ് തുറന്നിട്ടുണ്ട്. അതിര്‍ത്തിയില്‍ അധികൃതര്‍ അനുവദിക്കുന്ന മുറക്ക് ഈ സാധനങ്ങള്‍ ഗസ്സയിലേക്ക് എത്തിക്കും. ഗസ്സയിലേക്ക് വിമാനം, കര, കടല്‍ മാര്‍ഗം എത്തിക്കുന്നത് ഉറപ്പാക്കാന്‍ യുഎഇ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎഇ സര്‍ക്കാരിന്റെ ചാരിറ്റബിള്‍ വിഭാഗമായ എമിറേറ്റ്സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറല്‍ റാഷിദ് അല്‍ മന്‍സൂരി പറഞ്ഞു. ലാന്‍ഡ് എന്‍ട്രി പോയിന്റുകള്‍ നിര്‍ത്തുമ്പോള്‍ എയര്‍ ഡ്രോപ്പ് ചെയ്യുന്നു-അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള 808 ട്രക്കുകള്‍ വഴി ഗസ്സയില്‍ പ്രവേശിക്കാന്‍ യുഎഇ സഹായത്തിന് കഴിഞ്ഞു.