
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി : പച്ചക്കറിക്ക് പിന്നാലെ ഗള്‍ഫില്‍ മീന്‍ വിലയും വര്‍ധിച്ചു. നാട്ടില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതോടെയാണ് വില വര്‍ധിച്ചതെങ്കില്‍, ചൂട് കൂടിയതോടെ തീന് മേശയിലെ മീന്‍ വിഭവങ്ങളുടെ വിലയും കൂടി. കുടുബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന നിലയിലാണ് വിപണിയിലെ മീന്‍ വിലയുടെ പോക്ക്. രാജ്യത്തേക്ക് മത്സ്യം വരവില്‍ ഇടിവു സംഭവിച്ചതോടെ ചന്തകളില്‍ വില കുതിച്ചുയരുകയാണ്. സാധാരണക്കാരുടെ ഇഷ്ടമീനായ മത്തി മുതല്‍ മീനുകളുടെ രാജാവ് കിംഗ് ഫിഷ് വരെ കഴിഞ്ഞ മാസത്തേക്കാള്‍ ഇരട്ടി വിലയാണ്. കച്ചവടക്കാര്‍ക്കും വലിയ വിലക്കാണത്രെ ലഭിക്കുന്നത്. മീന്‍ ധാരാളം ലഭിക്കുകയും കുറഞ്ഞ വിലക്ക് വില്‍ക്കുകയും ചെയ്യുന്നതാണ് ലാഭവും സന്തോഷവുമെന്നും കച്ചവടക്കാര്‍ പറയുന്നു. ഇപ്പോള്‍ കൂടിയ വിലക്ക് വില്ക്കാന് നിര്‍ബന്ധിതരാവുകയാണെന്നും പറയുന്നു. വിലകൂടിയതോടെ രണ്ടും മൂന്നും തരം മീനുകള്‍ ഒരു സമയം വാങ്ങിയിരുന്നവര്‍ അത്യാവശ്യം ഉള്ളത് മാത്രം വാങ്ങി പോകുന്ന അവസ്ഥയിലാണുളളത്. ഒമാനില്‍ നിന്നാണ് യുഎഇ വിപണിയിലേക്ക് പ്രധാനമായും മത്തിയും മറ്റു മീനുകളും കൂടുതലായി വരുന്നത്. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ഷേരി, ചെമ്മീന്‍, തിലോപ്യ എന്നിവയും സുലഭമാണ്. എന്നാല്‍ ചൂട് കൂടിയത് തീരപ്രദേശങ്ങളിലെ മീനുകളെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഉള്വലിയാന് പ്രേരിപ്പിക്കുന്നതും അതോടൊപ്പം ചൂട് കാലാവസ്ഥയില്‍ കടലില്‍ പോയി മീന്‍ പിടിക്കുന്നതും മത്സ്യ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതുമാണ് വില ഇത്രയധികം കുതിച്ചുയരാന്‍ ഒരു പ്രധാന കാരണം. ഗള്‍ഫ് മാര്‍ക്കറ്റില്‍ പച്ചക്കറിയേക്കാള്‍ വിലക്കുറവില്‍ മത്സ്യം വാങ്ങാന്‍ കഴിയുന്നത് മലയാളികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. വിലക്കയറ്റത്തോടെ ആളുകള്‍ മത്സ്യം വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് മത്സ്യമാര്‍ക്കറ്റിലും മറ്റും പണിയെടുക്കുന്നവരെയും ബാധിക്കുന്നുണ്ട്. പ്രാദേശികമായി ലഭിക്കുന്ന ചില ഇനം മീനുകള്‍ക്കു മാത്രമാണ് ഇപ്പോള്‍ താരതമ്യേന വിലക്കുറവുള്ളത്. ആഗസ്റ്റ് അവസാനം വരെ ഈ സ്ഥിതി തുടരുമെന്നാണ് പറയുന്നത്.