ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
ഷാര്‍ജ : യാത്രക്കാരെ ദുരിതത്തിലാക്കി ഗള്‍ഫ് സെക്റ്ററിലെ വിമാനങ്ങളുടെ വൈകി പറക്കല്‍ തുടരുന്നു. ഇന്നലെ രാവിലെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയത് മംഗലാപുരം വിമാനത്താവളത്തില്‍ ബഹളത്തിന് കാരണമായി. ശനിയാഴ്ച രാത്രിയിലെ നെടുമ്പാശേരി ദുബൈ വിമാനം റദ്ദാക്കിയത് നെടുമ്പാശേരി വിമാനത്താവളത്തില്‍ രംഗം വഷളാക്കി. യാത്രക്കാരെ ശാന്തരാക്കാന്‍ പോലീസ് ഇടപെടേണ്ടി വന്നു. മംഗലാപുരത്ത് നിന്നും ഇന്നലെ രാവിലെ 9:10നാണ് ദുബൈയിലേക്കുള്ള IX 383 വിമാനം പറന്നുയരേണ്ടിയിരുന്നത്. യാത്രക്ക് തയ്യാറായി പുലര്‍ച്ചെയോടെ മുഴുവന്‍ യാത്രക്കാരും എയര്പോര്ട്ടിലുമെത്തി. ബോര്‍ഡിങ് പാസ് കൈപറ്റി, എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സമയത്തും വിമാനം വൈകുന്നത് സംബന്ധിച്ച യാതൊരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ പാസ്പോര്‍ട്ട് പരിശോധനയൊക്കെ കഴിഞ്ഞ് വിമാനത്തില്‍ കയറാനായി കാത്തിരിക്കുന്നതിനിടെയാണ് വിമാനം വൈകുന്ന വിവരം സ്ക്രീനില്‍ തെളിഞ്ഞത്. 9:10ന് പകരം 9:20ന്. അല്‍പ്പം കഴിഞ്ഞപ്പോള്‍ ടൈക്കോഫ് 10 മണിക്കാണ് എന്നായി. പിന്നീട് 10:45ന് പുറപ്പെടുമെന്നും തിരുവനന്തപുരത്തേക്ക് പോയി അവിടെ നിന്നും മറ്റൊരു വിമാനത്തില്‍ ദുബൈയിലേക്ക് കൊണ്ട് പോകുമെന്ന് അറിയിച്ച് ജീവനക്കാരനെത്തി. അതോടെ യാത്രക്കാര്‍ ക്ഷുഭിതരായി. ദുബൈയിലേക്കുള്ള വിമാനത്തില്‍ അല്ലാതെ ഞങ്ങള്‍ കയറില്ല എന്ന് യാത്രക്കാര്‍ ഒറ്റക്കെട്ടായി തറപ്പിച്ചു പറഞ്ഞു. രംഗം ബഹളമയമായതോടെ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യാഗസ്ഥന് പ്രശ്നം പരിഹരിക്കാന്‍ നേരിട്ടെത്തി യാത്രക്കാരുമായി സംസാരിച്ചു. വിമാനത്തിന് യന്ത്ര തകരാറാണെന്നും രണ്ട് മണിക്ക് മുംബൈയില്‍ നിന്നുമെത്തുന്ന വിമാനത്തില്‍ യന്ത്രഭാഗം കൊണ്ട് വരുമെന്നും അര മണിക്കൂറിനകം റിപ്പയറിങ് ജോലി തീര്‍ക്കാന്‍ പറ്റുമെന്നും അത് കഴിഞ്ഞ ഉടനെ ദുബൈയിലേക്ക് നേരിട്ടുള്ള വിമാനത്തില്‍ തന്നെ പുറപ്പെടാമെന്നും അദ്ദേഹം ഉറപ്പു നല്കി. അവസാനം വൈകുന്നേരം അഞ്ച് മണിയോടടുത്താണ് വിമാനം എയര്‍പോര്‍ട്ട് വിട്ടത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഏതാണ്ട് എട്ടര മണിക്കൂറിലധികമാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടന്നത്. കൃത്യ സമയത്ത് എത്താന്‍ പുലര്‍ച്ചെ തന്നെ വീട്ടില്‍ നിന്നും പുറപ്പെട്ടവരായിരുന്നു മിക്കവരും. വീല്‍ ചെയറിലെത്തിയ രോഗിയും അമ്മയും കൈകുഞ്ഞും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞതിനാല്‍ ഈ സമയമത്രയും ഏയര്പോര്ട്ടിനകത്ത് തന്നെ കഴിച്ച് കൂട്ടേണ്ട അവസ്ഥയായി. നേരാംവണ്ണം ഭക്ഷണമോ വെള്ളമോ കിട്ടാത്തത് കാരണമുള്ള പ്രയാസങ്ങള്‍ വേറെ. കൊച്ചി-ദുബൈ സ്പൈസ് ജെറ്റ് വിമാനം പുറപ്പെടുന്നതിലെ അനിശ്ചിതത്വം സംബന്ധിച്ച് ഒരു അറിയിപ്പും യാത്രക്കാര്‍ക്ക് നല്‍കിയിരുന്നില്ല. ശനിയാഴ്ച രാത്രി 11:30 ആണ് പുറപ്പെടുന്ന സമയം. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം വൈകുമെന്ന അറിയിപ്പ് നല്‍കിയത്. സമയം മാറ്റിയും വീണ്ടും പുനര്‍ നിശ്ചയിച്ചുമുള്ള അറിയിപ്പുകള് വന്നു കൊണ്ടേയിരുന്നു. വാക്കു തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്ക്കുമിടെ ഇന്നലെ രാവിലെ 7:30ന് വിമാനം യാത്ര റദ്ദാക്കി എന്ന് അറിയിച്ചു. ഇവിടെയും യന്ത്ര തകരാര്‍ തന്നെയാണ് കാരണം പറഞ്ഞത്. വിമാനം റദ്ദാക്കിയതോടെ ബഹളം കയ്യാങ്കളിയായി മാറി. ഇതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇത്തരത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാനങ്ങളുടെ റദ്ദ് ചെയ്യലും വൈകി പറക്കലും ഗള്‍ഫ് പ്രവാസികള്‍ക്ക് തെല്ലൊന്നുമല്ല പ്രയാസം സൃഷ്ടിക്കുന്നത്. ഈ വിഷയം ലോക്സഭയിലും രാജ്യ സഭയിലും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉന്നയിക്കുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടും ഒരു മാറ്റവും പ്രകടമാവുന്നില്ല.
ഷാര്‍ജ : ടിക്കറ്റ് തെരയുമ്പോള്‍ സൈറ്റില്‍ തെളിയുന്നതും ട്രാവല്‍ ഏജന്‍സി ഓഫീസില്‍ നിന്ന് നല്‍കുന്നതും ഇനി ആകെ രണ്ട് സീറ്റ് മാത്രം ബാക്കി എന്ന വിവരം. പക്ഷേ വിമാനത്തില്‍ കയറാനെത്തിയത് ആകെ നൂറിനടുത്ത് യാത്രക്കാര്‍ മാത്രവും. നിരവധി ഒഴിഞ്ഞ സീറ്റുകളുമായാണ് വൈകുന്നേരം IX 383 വിമാനം മംഗലാപുരത്ത് നിന്നും പറന്നുയര്‍ന്നത് എന്നും യാത്രക്കാര്‍ പറഞ്ഞു. ഇത്തരത്തില്‍ കൃത്രിമമായി സീറ്റ് ക്ഷാമം പറഞ്ഞ് ട്ടിക്കറ്റ് ചാര്‍ജ് വന്‍തോതില്‍ ഉയര്‍ത്തുകയാണ് വിമാന കമ്പനി അധികൃതര്‍ ചെയ്യുന്നത്. ഒരാഴ്ച മുമ്പ് ട്ടിക്കറ്റിന് ശ്രമിച്ചവര്‍ക്ക് പോലും ‘ബാക്കി രണ്ട് സീറ്റ് മാത്രേ ഉള്ളൂ, പെട്ടെന്ന് തന്നെ ട്ടിക്കറ്റ് എടുത്തോളൂ’ എന്ന മറുപടിയാണ് ട്രാവല്‍ ഏജന്‍സി ഓഫീസില്‍ നിന്നും യാത്രക്കാര്‍ക്ക് ലഭിച്ചത്. അതേസമയം, സീറ്റുകള്‍ നിറക്കാന്‍ ഒരേ റൂട്ടില്‍ രണ്ട് സമയങ്ങളിലായി പറക്കുന്ന രണ്ട് വിമാനങ്ങളിലെ യാത്രക്കാരെ ഒറ്റ വിമാനത്തില്‍ തിരുകി കയറ്റാന്‍ നടത്തുന്ന തന്ത്രമാണ് അടിക്കടിയുണ്ടാവുന്ന ‘യന്ത്രത്തകരാറ്’ കാരണം പറച്ചിലെന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സീറ്റുകള്‍ ഒഴിച്ചിട്ട് രണ്ട് വിമാനങ്ങള്‍ പറത്തുന്നതിന് പകരം ഇരു വിമാനങ്ങളിലെയും യാത്രക്കാരെ ഒന്നിച്ച് ഒറ്റ വിമാനത്തില്‍ അയക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിലാണ് വിമാന കമ്പനികളുടെ കണ്ണ്. ഇതുമൂലം സമയ നഷ്ടത്തിന് പുറമെ പലവിധ മാനസിക സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുന്നത് വന്‍തുക നല്കി ടിക്കറ്റെടുത്ത് കാലേകൂട്ടി എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരും.