സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ആന്റണ് ചെക്കോവിനെ വായിക്കുമ്പോള് ഞാന് മറുകരയിലായിരുന്നു. ജീവിതത്തിന്റെ മറുകരയില്…! ചെറിയ പദങ്ങള് കൊണ്ട് ജീവിതം അളന്നെടുത്ത ഒരാള്. അനാഥ ബാല്യങ്ങളുടെ ഹൃദയ വേപഥുകള് കുറിച്ചിട്ട് ഉടന് തിരോഭവിച്ച ഒരാള്. ചെറുകഥാ ശാഖയുടെ ജാതകം അടിമുടി തിരുത്തിയെഴുതിയ വ്യക്തിയാണ് റഷ്യന് കഥാകാരനും നാടകകൃത്തുമായ ആന്റണ് ചെക്കോവ്. പാപ-പുണ്യങ്ങള് ഇടകലര്ന്ന മനുഷ്യജീവിതത്തിന്റെ നിഗൂഢ വിസ്മയങ്ങളിലേക്കു വായനക്കാരനെ നയിക്കുന്ന പ്രസിദ്ധമായ കഥകളാണ് അദ്ദേഹം സാഹിത്യലോകത്തിന് സമ്മാനിച്ചത്.
The Bet,Vanka,Gooseberries, Easter Eve,The Black Monk തുടങ്ങിയ അതുല്യങ്ങളായ ഇരുനൂറിലേറ ചെറുകഥകള് ചെക്കോവ് എഴുതിയിട്ടുണ്ട്. The Seagull, Uncle Vanya,Three sisters,The Cherry Orchard തുടങ്ങി പതിനാറോളം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അതില് അതിപ്രശസ്തമായ സാഹിത്യമാണ് ‘വാന്ക’ കുട്ടികള്ക്ക് വായിച്ചു രസിക്കാനും ഭാവനയും സ്വപ്നങ്ങളും വളര്ത്തി ധാര്മിക മൂല്യമുള്ളവരായി വളരുവാനും ഈ കൃതി സഹായകമാകും.
വാന്ക എന്ന ഒന്പതു വയസുകാരന് ‘ഗ്രാമത്തിലെ മുത്തച്ഛന്’ ക്രിസ്മസ് തലേന്ന് എഴുതിയ ഒരു കത്ത് ഇന്നും അതിന്റെ സഞ്ചാരം തുടരുകയാണ്. ചുക്കിച്ചുളിഞ്ഞൊരു കടലാസില്,തുരുമ്പിച്ച നിബ്ബുള്ള പേന കൊണ്ടെഴുതി അവന് തപാല്പ്പെട്ടിയിലിട്ട ആ കത്ത്,വാസ്തവത്തില് ലോകമെങ്ങുമുള്ള അനാഥ ബാല്യങ്ങളുടെ പ്രത്യാശയുടെ മേല്വിലാസമാണ്. ആ കത്തെഴുത്തുകാരന്റെ കഥയായ ‘വാന്ക’ വായനക്കാരുടെ ഹൃദയം പിടിച്ചുലക്കും. നിഷ്കളങ്കതയും ഉല്ലാസവും സാഹസികതയും നിറയുന്ന കളിചിരിയിടങ്ങളിലേക്കു മാത്രമല്ല ചെക്കോവ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്; വാന്കയുടെ കണ്ണീര് തുരുത്തുകളിലേക്കു കൂടിയാണ്.
ഒരു അനാഥ ബാല്യത്തിന്റെ ദൃഷ്ടിയിലൂടെ അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നു. അമ്മ നഷ്ടപ്പെട്ട ശേഷം നഗരത്തില് ഒരു ചെരുപ്പ്കുത്തിയുടെ അടുത്ത് തൊഴില് പഠിക്കാന് വന്ന പാവം, നിര്ഭാഗ്യവാനായ ഒമ്പതു വയസുകാരനെ വരച്ചുകാട്ടുന്ന കഥകൂടിയാണ് ‘വാന്ക’.
അനാഥത്വത്തിന്റെയും നിസഹായതയുടെയും തീവ്രാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വാന്ക എന്ന ബാലനെ അദ്ദേഹം വരച്ചുകാട്ടുന്നത്. താന് അകപ്പെട്ടിരിക്കുന്ന അടിമത്വത്തിന്റെ ഭീകര ലോകത്തുനിന്നും തന്നെ രക്ഷപ്പെടുത്താന് അകലെയുള്ള തന്റെ ഏക പ്രതീക്ഷയായ മുത്തച്ഛന് എഴുതുന്ന അവന്റെ കത്ത് ഹൃദയസ്പര്ശിയാണ്. യജമാനനില് നിന്നും തന്നെ രക്ഷിക്കാന് മുത്തച്ഛന് കത്തെഴുതുകയാണ് ഒരു ക്രിസ്മസ് തലേ രാത്രിയില് അവന്. ലളിതമായ ഭാഷയില് വാന്കയുടെ ഭൂതകാല ജീവിതവും, മുത്തച്ഛനുമായുള്ള ക്രിസ്മസ് ദിനങ്ങളുടെ ഊഷ്മള ഓര്മകളും ചെക്കോവ് വിവരിച്ചിരിക്കുന്നു. ഒരിക്കലും ലഭിക്കാന് ഇടയില്ലാത്ത മറുപടിക്കായുള്ള കാത്തിരിപ്പാണ് അവന്റെ ജീവിതം. കടുത്ത ജീവിത യാഥാര്ഥ്യങ്ങള്ക്കിടയിലും പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന കുഞ്ഞു മനസാണു ലോകത്തിനുള്ള കഥാകാരന്റെ സന്ദേശം. രോഗങ്ങളും മരണങ്ങളും കുട്ടികളെ ഒറ്റക്കാകുകയും ചെറിയ പ്രായത്തില് തന്നെ തൊഴിലെടുക്കാന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദാരിദ്ര്യവും അടിമത്തവും തൊഴിലില്ലായ്മയും മൂലം വിഷമിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന് മനുഷ്യ ജീവിതം നായകളേക്കാള് വിഷമമാണെന്നു പറഞ്ഞുവക്കുന്നുണ്ട് ചെക്കോവ്. ദേശീയ പുരസ്കാരം നേടിയ ഒറ്റാല് എന്ന മലയാള ചലച്ചിത്രം വാന്കയെ അടിസ്ഥാനമാക്കിയുള്ളതാണ്. നര്മവും വേദനയും ഒരുപോലെ പ്രസരിപ്പിക്കാനുള്ള റഷ്യന് പ്രതിഭയുടെ കഴിവ് അനുപമമാണ്.
24 വയസുള്ളപ്പോള് രോഗഗ്രസ്ഥനായ ചെക്കോവ് 44ാം വയസില് ലോകത്തോട് യാത്രപറഞ്ഞു. ‘പ്രതിഭയുടെ പാഴാക്കല് (a waste of Chekhov’s genuine talent) എന്നാണ് അദ്ദേഹത്തിന്റെ രചനകളെ അക്കാലത്തെ വിമര്ശകര് വിലയിരുത്തിയത്. പ്രതിഭയോട് പൂര്ണമായും നീതി പുലര്ത്താന് അദ്ദേഹത്തിന്റെ രചനകള്ക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നു സാരം. അദ്ദേഹത്തിന്റെ സമകാലീനനായ വിഖ്യാത കഥാകാരന് ലിയോ ടോള്സ്റ്റോയ് അദ്ദേഹത്തെ അതുല്യ കലാകാരനായി വിശേഷിപ്പിക്കുന്നു.