27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഷാര്‍ജ: സമാപന സെഷനില്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലാഹിന്റെ മാസ് എന്‍ട്രി. സലാം പറഞ്ഞ് പിരിഞ്ഞു വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പുസ്തക പ്രേമികള്‍. 2025 നവംബറിലെ ആദ്യ ബുധനാഴ്ച വീണ്ടും സംഗമിക്കാമെന്ന ഉറപ്പും നല്കി. നവംബറിലെ ഒന്നാം ബുധനാഴ്ച ഷാര്‍ജയില്‍ പുസ്തക പൂരത്തിന്റെ കൊടിയേറ്റ നാളാണ്. കഴിഞ്ഞ 43 വര്‍ഷമായി ഈ പതിവ് തെറ്റിയിട്ടില്ല, കോവിഡ് വരിഞ്ഞുമുറുക്കിയ പ്രതിസന്ധിക്കാലത്ത് പോലും. അറബ് പുസ്തക മേളയായി തുടങ്ങി,വേള്‍ഡ് പുസ്തക മേളയായി പരന്ന്,അന്താരാഷ്ട്ര പുസ്തക മേളയായി വളര്‍ന്ന് എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്ന 12 ദിന ആഘോഷമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ജനപ്രിയമായി. 43ാമത് ഷാര്‍ജ പുസ്തകമേള 1.82 ദശലക്ഷം പേര് സന്ദര്‍ശിച്ചു.
ഏറ്റവും കൂടുതല്‍ യുഎഇ സ്വദേശികള്‍. തൊട്ട് പിന്നില്‍ ഇന്ത്യന്‍ പൗരന്മാര്. വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക്. മേളയില്‍ ജനപങ്കാളിത്തം കൊണ്ട് ഏറ്റവും സജീവമായ വിഭാഗവും ഇന്ത്യ പവലിയനായിരുന്നു. ഇത്തവണ സന്ദര്‍ശകരുടെ എണ്ണം കണക്കാക്കാന്‍ പ്രത്യേകം രജിസ്ട്രേഷന് വിഭാഗവും പ്രവര്‍ത്തിച്ചിരുന്നു. ലോകമെമ്പാടുമുള്ള 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് സന്ദര്‍ശകരുടെ കൂട്ടത്തിലുണ്ടായിരുന്നു. യുഎഇ, ഇന്ത്യ,പിന്നിലായി സിറിയ,ഈജിപ്ത്,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് സന്ദര്‍ശകരുടെ കൂട്ടത്തിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍.
സന്ദര്‍ശകരില്‍ 53.66 ശതമാനം പുരുഷന്മാര്. സ്ത്രീകള്‍ 46.34% ശതമാനം. രചന കളരിയിലെ ഇരുത്തം വന്നവരും തുടക്കക്കാരുടേതുമായി 600 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനും ഷാര്‍ജ പുസ്തക മേളയുടെ 43മത് എഡിഷന് വേദിയായി. ഇത് രജിസ്റ്റര്‍ ചെയ്ത കണക്കാണ്. കൂടാതെ പ്രസാധക സ്റ്റാളുകളിലും മറ്റും പ്രകാശനം ചെയ്ത പുസ്തകങ്ങളുടെ എണ്ണം കൂടി ചേര്‍ത്താല്‍ 800 കടക്കും. സമാപന ദിവസത്തെ ഫുട്ബോള്‍ താരം മുഹമ്മദ് സലാഹിന്റെ ആഗമനം തലേ ദിവസമാണ് പ്രഖ്യാപിച്ചത്. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമൊരുക്കി. സലാഹിനെ കാണാന്‍ ജനപ്രവാഹമായതോടെ രണ്ട് മണിക്കൂറോളം പുസ്തക മേളയുടെ പ്രധാന പ്രവേശന കവാടങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വന്നുയ. മലയാളത്തില്‍ നിന്ന് ഉള്‍പ്പെടെ 2522 പ്രസാധക കമ്പനികളാണ് ഇത്തവണ പുസ്തക മേളയില്‍ സാന്നിധ്യമറിയിച്ചത്. 112 രാജ്യങ്ങളില്‍ നിന്നെത്തിയതാണ് ഇത്രയും പ്രസാധക കമ്പനികള്‍. വിവിധ ദിവസങ്ങളിലായി 250 ഔദ്യോഗിക അതിഥികള്‍ വായനക്കാരുമായി സംവദിച്ചു. അതിഥി രാജ്യമായ മൊറോക്കയില്‍ നിന്നുള്ള കലാകാരന്മാരുടെ വാദ്യ മേളങ്ങളും കലാ പരിപാടികളും പുസ്തക മേളയെ ആനന്ദകരമാക്കി. എല്ലാ സ്റ്റാളുകള്‍ക്ക് മുന്നിലും ഘോഷയാത്രയായി ഇവരെത്തി ദിവസവും രണ്ട് നേരം. പുസ്തകങ്ങളും രചനകളുമായി ബന്ധപ്പെട്ട് നടന്ന 600 ശില്‍പ്പ ശാലകളിലും മികച്ച ജന പങ്കാളിത്തമായിരുന്നു. ആശയസമ്പുഷ്ടതയിലും സംഘാടനത്തിലും പരിപാടികളുടെ വിത്യസ്തയിലും ഏറ്റവും മികച്ചത് എന്ന ഖ്യാതി ഒന്ന് കൂടി അരക്കിട്ടുറപ്പിച്ചാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയുടെ നാല്പത്തി മുന്നാമത് എഡിഷന്റെ താളടച്ചത്.