
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഡോ.ജോര്‍ജ് മാത്യുവിന് യുഎഇയുടെ ആദരം
അബുദാബി: യുഎഇ ആരോഗ്യ മേഖലയുടെ വര്‍ത്തമാനവും ഭാവിയും പങ്കുവയ്ക്കുന്ന അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ അതികായനും മലയാളിയുമായ ഡോക്ടര്‍ ജോര്‍ജ് മാത്യുവിന് ആദരം. പ്രമുഖ ഇമാറാത്തി ഓങ്കോളജിസ്റ്റ് പ്രഫ.ഹുമൈദ് അല്‍ ഷംസിയുടെ ‘ഹെ ല്ത്ത്കെയര് ഇന്‍ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഡോ.ജോര്‍ജിന്റെ സംഭാവനകളെ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ആദരിച്ചത്. ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ.ജോര്‍ജ് യുഎഇയുടെ ആരോഗ്യ വളര്‍ച്ച വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഡോ.ജോര്‍ജ് ഏറ്റുവാങ്ങുന്നത് ഏറെ അഭിമാനകരമാണെന്ന് പ്രഫ.ഹുമൈദ് പറഞ്ഞു. പൊതുപരിപാടികളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കാറുള്ള ഡോ.ജോര്‍ജ് മാത്യുവിന്റെ വാക്കുകള്‍ കേള്‍ക്കാനായി ഡോക്ടര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍,ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖരാണ് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിലെ ബുര്‍ജീല്‍ ഹോ ള്ഡിങ്സ് ബൂത്തിലെത്തിയത്. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍, സിഇഒ ജോണ്‍ സുനില്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പങ്കുവച്ചത് അപൂര്‍വ അനുഭവങ്ങള്‍,
സദസിന്റെ നിറഞ്ഞ കയ്യടി
യുഎഇ ആരോഗ്യ രംഗത്തെ അവിസ്മരണീയമായ നാള്‍വഴികള്‍ പുസ്തക പ്രകാശനത്തിന് ശേഷം ഡോ.ജോര്‍ജ് പങ്കുവച്ചു. കഴിഞ്ഞ പതിറ്റാണ്ടുകള്ക്കുള്ളി ല്‍ യുഎഇ ആരോഗ്യമേഖല നേടിയ വളര്‍ച്ചയ്ക്ക് പിന്നില്‍ ഈ രാജ്യത്തെ നേതൃത്വത്തിന്റെ ക്രാന്തദര്‍ശിത്വവും ജനങ്ങളുടെ അര്‍പ്പണബോധവുമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ ആരോഗ്യ മേഖലയുടെ ചരിത്രം അല്‍ ഐനിലെ ആദ്യ പബ്ലിക് ഹോസ്പിറ്റല്‍ ഡോക്ടറായ ഡോ.ജോര്‍ജ് വിശദീകരിച്ചു. 1967ല്‍ തന്റെ 26ാം വയസില്‍ ജനറല്‍ പ്രാക്ടീഷണറായി ഡോ.ജോര്‍ജ് മാത്യു എത്തുമ്പോള്‍ അല്‍ ഐന്‍ എന്നത് ഒരു പേര് മാത്രമായിരുന്നു. ‘നല്ല റോഡോ,ജലവിതരണ സംവിധാനമോ,വൈദ്യുതി,ആശയവിനിമയ സൗകര്യങ്ങളോ ഇല്ലാതിരുന്ന സമയമായിരുന്നു അത്. അന്ന് അല്‍ ഐനില്‍ നിന്ന് അബുദാബിയിലെത്താന്‍ 7.5 മണിക്കൂര്‍ സമയമെടുത്തിരുന്നെങ്കില്‍ എടുത്തിരുന്നെങ്കില്‍ ഇന്ന് 59 മിനിറ്റുകള്‍ക്കുള്ളില്‍ എത്താന്‍ സാധിക്കും. വര്‍ഷങ്ങള്‍ കൊണ്ട് യുഎഇ ഭംഗിയുള്ള, സുരക്ഷയുള്ള രാജ്യമായി മാറിയത് ഒരുപാട് ആളുകളുടെ അധ്വാനത്തിന്റെയും വ്യക്തമായ ദീര്‍ഘ വീക്ഷണത്തിന്റെയും ഫലമാണെന്ന് ഡോക്ടര്‍ ഓര്‍ത്തെടുത്തു.
തന്റെ കരിയറിന്റെ ഒരു സമയത്ത് കാലിഫോര്ണിയയിലേക് മാറാന്‍ ഡോ.ജോര്‍ജും കുടുംബവും തീരുമാനിച്ചെങ്കിലും ഭരണാധികാരി ശൈഖ് സായിദുമായുള്ള കൂടിക്കാഴ്ച ജീവിതം മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ ആശീര്‍വാദത്തോടെ ആദ്യ ക്ലിനിക്ക് തുടങ്ങി. 1972ല്‍ അല്‍ ഐന്‍ റീജിയന്റെ മെഡിക്കല്‍ ഡയരക്ടര്‍,2001ല്‍ ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. അടുത്തിടെ അബുദാബി അല്‍ മഫ്രകിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തുള്ള റോഡിനെ ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തു യുഎഇ സര്‍ക്കാര്‍ ആദരിച്ചു. സമ്പൂര്‍ണ യുഎഇ പൗരത്വം,സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് എന്നിവയിലൂടെയും ഡോ.ജോര്‍ജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം ആദരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച ഡോ.ജോര്‍ജിന് തന്റെ അഞ്ച് പതിറ്റാണ്ടു കാലത്തെ സേവനത്തില്‍ നിരവധി അപ്രതീക്ഷിതമായ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. നിരവധി ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. ‘ഒരു ഗൈനെക്കോളജിസ്റ്റല്ലായിരുന്നിട്ടും ഒരിക്കല്‍ എനിക്ക് പ്രസവമെടുക്കേണ്ടി വന്നിട്ടുണ്ട്. മനുഷ്യന്റെയല്ല,ഒട്ടകത്തിന്റെ. മറ്റൊരു സാഹചര്യത്തില്‍ ക്ലിനിക്കില്‍ വെള്ളം ഇല്ലാതിരുന്നിട്ടും ഒരു കുട്ടിയുടെ പ്രസവം എടുക്കേണ്ടി വന്നു. ആ കുട്ടി വളര്‍ന്നപ്പോള്‍ അല്‍ ഐനിലെ ഉന്നത ഉദ്യോഗസ്ഥനായി: ഡോ.ജോര്‍ജ് ഓര്‍ത്തെടുത്തു.
എന്നാല്‍ അത്തരം അനുഭവങ്ങളാണ് പിന്നീട് അദ്ദേഹത്തെ രാജ്യം അറിയപ്പെടുന്ന ഡോക്ടര്‍ ആക്കി മാറ്റിയത്. തടസങ്ങളെ മറികടന്ന് അദ്ദേഹം യുഎഇയില്‍ തന്നെ നിന്നു. ആളുകളെ സ്നേഹിച്ചു. അറബിയില്‍ സംസാരിച്ചു. പതിയെ രാജ്യത്തിന്റെ വളര്‍ച്ചയിലെ അവിഭാജ്യ ഘടകമായി മാറി. ”ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല യുഎഇയുടെ ആരോഗ്യ വികസനം. ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും വിവിധ പങ്കാളിത്തങ്ങളും ഇതിനു സഹായകരമായി. ഇപ്പോള്‍, രാജ്യം കാന്‍സര്‍ ഗവേഷണത്തില്‍ നിക്ഷേപം നടത്തുന്നു. ഇതെല്ലം വലിയൊരു നാളെയിലേക്കുള്ള ചുവടു വെപ്പാണ്.’
ഒരു ഡോക്ടറെ നിര്‍ണയിക്കുന്നത് അറിവ് മാത്രമല്ല, പെരുമാറ്റം കൂടിയാണെന്നും ഡോ.ജോര്‍ജ് പറഞ്ഞു. ‘ഓരോ സാഹചര്യത്തിലും പെരുമാറാനുള്ള പ്രായോഗിക പരിജ്ഞാനം വളരെ അത്യാവശ്യമാണ്,’ അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ആദര സൂചകമായി സദസില്‍ കയ്യടികള്‍ ഉയര്‍ന്നു. യുഎഇയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പുരോഗതിയെ വരച്ചു കാട്ടുന്ന, ഭാവിയിലെ മെച്ചപ്പെടുത്തലുകള്‍ക്ക് പ്രചോദനം നല്കുന്ന തരത്തിലുള്ള റോഡ് മാപ്പ് നല്‍കുക എന്നതാണ് ഈ പുസ്തകത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രഫ.ഡോ.ഹുമൈദ് പറഞ്ഞു.