കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ: അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ 16 കിലോഗ്രാം തൂക്കമുള്ള ട്യൂമര്‍ പുറത്തെടുത്തു. ഷാര്‍ജയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് രോഗിയുടെ വയറില്‍ നിന്ന് വലിയ മുഴ പുറത്തെടുത്തത്. നാല് നവജാത ശിശുക്കളുടെ ഭാരത്തിന് തുല്യമായ റിട്രോപെരിറ്റോണിയല്‍ ട്യൂമര്‍ ഷാര്‍ജയിലെ ബുര്‍ജീല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശസ്ത്രക്രിയാ സംഘമാണ് വിജയകരമായി ഓപ്പറേഷനിലൂടെ പുറത്തെടുത്തത്.
63കാരനായ രോഗിയുടെ ശരീരത്തില്‍ നിന്നാണ് ട്യൂമര്‍ വേര്‍തിരിച്ചത്. എട്ട് വര്‍ഷത്തോളമായി ഉണ്ടായ വയറുവേദനയേത്തുടര്‍ന്ന് മുമ്പ് അദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗനിര്‍ണയം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭയം കാരണം വിദഗ്ധ ചികിത്സയ്ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ പതിയെ വയറ് വികസിക്കാന്‍ തുടങ്ങിയതോടെ രോഗത്തിന്റെ ഗൗരവം മനസിലാക്കി ചികിത്സിക്കാന്‍ തയ്യാറാകുകയായിരുന്നു. ട്യൂമറിന്റെ വലുപ്പവും അനുബന്ധ ലക്ഷണങ്ങളും കണക്കിലെടുത്ത് ഓങ്കോളജിസ്റ്റുകള്‍, സര്ജന്മാര്, റേഡിയോളജിസ്റ്റുകള്‍, ന്യൂക്ലിയര്‍ മെഡിസിന് സ്പെഷ്യലിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് ശസ്ത്രക്രിയ നടത്താന്‍ തന്നെയാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് നടത്തിയ സര്‍ജറിയില്‍ 50x50x40 സെന്റീമീറ്റര്‍ വലിപ്പമുള്ള ഒരു വലിയ മുഴ വയറില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. രോഗി സുരക്ഷിതനാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.