27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : വേട്ടയുടെയും പോരാട്ടത്തിന്റെയും വീര്യമുണര്‍ത്തുന്ന ‘അല്‍ അസയ്ല്’ എക്സിബിഷന് മൂന്നാം പതിപ്പിന് ഷാര്‍ജയില്‍ തുടക്കമായി. ദൈദ് എക്സ്പോ സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശനം. രാജ്യത്തിന്റെ പൈതൃകവുമായി അഭേദ്യ ബന്ധമുള്ള ചില ചിഹ്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ‘അല്‍ അസയ്ല് എക്സിബിഷന്. ഫാല്‍ക്കണ്‍,വേട്ട മൃഗങ്ങള്‍,കുതിര,ഒട്ടക സവാരി തുടങ്ങിയവക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വൈവിധ്യം കാണുന്നതിന് ദിവസവും നൂറുക്കണക്കിന് പേരാണ് എക്സിബിഷന് നഗരിയിലെത്തുന്നത്. 250 സ്ഥാപനങ്ങള്‍ സ്റ്റാള്‍ തുറന്നിട്ടുണ്ട്. ഫാ ല്‍ക്കണ്‍, വേട്ട നായ്ക്കള്‍,കുതിര,ഒട്ടക സവാരി എന്നിവയില്‍ ഏറ്റവും നൂതനവും സുരക്ഷിതവുമായ ഉപകരണങ്ങളാണ് പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുന്നത്. കുതിര,ഒട്ടകയോട്ടം പോലുള്ള മത്സര ഇനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍,ഭക്ഷണം,ഒട്ടകങ്ങളെയും കുതിരകളെയും കടത്തുന്നതിനുള്ള വാഹനങ്ങള്‍,ഫാമുകള്‍,ആരോഗ്യ പരിചരണം,മത്സര,വേട്ട സാമഗ്രികള്‍ തുടങ്ങിയവ പ്രദര്‍ശന നഗരിയിലെ പ്രധാന ഇനങ്ങളാണ്. ഒട്ടകങ്ങളെയും കുതിരകളെയും വളര്‍ത്തുന്നവര്‍ക്കും, വേട്ട നായ്ക്കളേയും വേട്ടക്ക് ഉപയോഗിക്കുന്ന ഫാല്‍ക്കണുകളെയും പരിചരിക്കുന്നവര്‍ക്കും പ്രത്യേക ശില്‍പ്പശാലകളും എക്സിബിഷന് ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ രംഗത്തെ പ്രമുഖരാണ് ശില്‍പ്പശാലകള്‍ നയിക്കുന്നത്. സായാഹ്നങ്ങളില്‍ വിനോദ പരിപാടികളുമുണ്ട്. സന്ധ്യയാവുന്നതോടെ ‘നബതി’ കവിതകളുടെ ആസ്വാദനത്തിനും അവസരമുണ്ട്. ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ്് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പ്രദര്‍ശനം നാളെ സമാപിക്കും. രാജ്യത്തിന്റെ പൈതൃകത്തിലെ സുപ്രധാന മേഖല പുതു തലമുറക്ക് പരിചയപ്പെടുത്തലും, ഈ രംഗത്തെ സംരക്ഷണവും ആധുനിവത്കരണവും എക്സിബിഷന് ലക്ഷ്യമാണ്. രാവിലെ 11മണി മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.