
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
ശൈഖ് റാഷിദ്,ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്,ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ ഇന്ത്യ സന്ദര്‍ശിച്ച ദുബൈ ഭരണാധികാരികള്‍
അബുദാബി: രണ്ടു ദേശങ്ങളുടെ നാഭീനാഡീ ബന്ധത്തിന്റെ സ്പന്ദനം പേറി ഇന്ത്യയിലിറങ്ങിയ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മൂന്നു തലമുറകളുടെ ഓര്‍മകളെയാണ് തന്റെ സ്നേഹനൂലില്‍ മാലകോര്ത്തത്. 1974 മുതല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന മക്തൂം കുടുംബത്തിലെ മൂന്നാം തലമുറയുടെ രാജകുമാരനാണ് ശൈഖ് ഹംദാന്‍. ശൈഖ് ഹംദാന്റെ പ്രപിതാവും ആദ്യ ദുബൈ ഭരണാധികാരിയുമായ ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമും ശൈഖ് ഹംദാന്റെ പിതാവും നിലവില്‍ ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം ഇന്ത്യ സന്ദര്‍ശിച്ച ജ്വലിക്കുന്ന ഓര്‍മച്ചിത്രങ്ങള്‍ ഇന്നലെ ശൈഖ് ഹംദാന്‍ കണ്‍കുളിര്‍മയേകുന്ന കാഴ്ചയായി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സുദൃഢബന്ധത്തിന് ഊഷ്മളത പകരുന്നതാണ് ശൈഖ് ഹംദാന്റെ സന്ദര്‍ശനം.
1974ല്‍ അന്നത്തെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം ഇന്ത്യന്‍ പ്രസിഡന്റ് ഡോ.ഫക്രുദ്ദീന്‍ അലി അഹമ്മദിനെ സന്ദര്‍ശിച്ചതോടെയാണ് ഈ ആത്മബന്ധത്തിന് തുടക്കമിടുന്നത്. ഈ സന്ദര്‍ശന വേളയില്‍ ശൈഖ് റാഷിദിന്റെ കൂടെ തന്റെ മകനും നിലവിലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമുണ്ടായിരുന്നു. ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലും കണ്ടാണ് സംഘം ദുബൈയിലേക്ക് തിരിച്ചത്. ശൈഖ് റാഷിദിന്റെ അരികിലിരുന്ന് അതിശയത്തോടെ താജ്മഹലിലേക്കു തിരിഞ്ഞുനോക്കി പുഞ്ചിരിക്കുന്ന ശൈഖ് മുഹമ്മദിന്റെ മനോഹരമായ ചിത്രം തുടിക്കുന്ന ഓര്മക്കൂട്ടാണ്. 2007ല്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു. ദുബൈ ഭരണാധികാരിയായുള്ള ഔദ്യോഗിക സന്ദര്‍ശനമായിരുന്നു അത്. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് കൊട്ടാരത്തില്‍ വെച്ച് ഡോ. മന്മോഹന് സിങ്ങുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യുഎഇയിലെ തൊഴിലവകാശ നിയമങ്ങളെയും ചട്ടങ്ങളെയും പ്രശംസിച്ച് ഡോ.മന്മോഹന് സിങ് ശൈഖ് മുഹമ്മദിനോട് ഏറെ നേരം സംസാരിച്ചു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല,എല്ലാ രാജ്യത്തുള്ളവര്‍ക്കും ആതിഥ്യമര്യാദയും സുരക്ഷിതത്വവും നല്കുന്ന രാജ്യമാണ് യുഎഇ എന്നായിരുന്നു ഡോ.മന്മോഹന് സിങ് പറഞ്ഞത്. അന്ന് ഇരുവരും ചില കരാറുകളില്‍ ഒപ്പുവക്കുകയും ചെയ്തു. 2010ല്‍ ശൈഖ് മുഹമ്മദ് വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അന്നും പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യത്തിലും ബാങ്കിംഗിലും സഹകരണം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായിരുന്നു ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം.
2014ലാണ് ശൈഖ് ഹംദാന്‍ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. പക്ഷേ, അത് അനൗദ്യോഗിക യാത്രയായിരുന്നു. ഉല്ലാസയാത്രയില്‍ ‘രാജന്’ എന്ന ആനയോടൊപ്പം വെള്ളത്തിനടിയില്‍ നീന്തുന്ന ചിത്രം അന്ന് ദുബൈ രാജകുമാരന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇന്നലെ ആദ്യമായി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ശൈഖ് ഹംദാന്‍ രാജോചിത സ്വീകരണമാണ് ലഭിച്ചത്. സന്ദര്‍ശനത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചു അദ്ദേഹം എക്സില്‍ ഇങ്ങനെ കുറിച്ചു: ‘വിശ്വാസത്തില്‍ കെട്ടിപ്പടുത്തതും ചരിത്രത്താല്‍ രൂപപ്പെടുത്തിയതും അവസരങ്ങളുടെയും നവീകരണത്തിന്റെയും സുസ്ഥിരമായ അഭിവൃദ്ധിയുടെയും ഭാവിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനാല്‍ നയിക്കപ്പെടുന്നതുമാണിത്’. സുപ്രധന കരാറുകളില്‍ ഒപ്പുവച്ച് ശൈഖ് ഹംദാനും സംഘവും ഇന്ന് ഇന്ത്യയില്‍ നിന്ന് മടങ്ങും.